'ഹോജ ഇമാമുദ്ദീന്‍-മഹ്മൂദ് ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് അല്‍കീലാനി' എന്നാണ് ഈ പണ്ഡിതവര്യന്റെ പൂര്‍ണനാമം. മഹ്മൂദ് ഖാന്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടത്. ഹിജ്‌റ 813ല്‍ ജനിച്ചു. തന്റെ സമകാലികനും ഭാമിനി രാജവംശത്തിലെ അന്നത്തെ ഭരണാധികാരിയുമായിരുന്ന 'സ്വലാഹുദ്ദീന്‍ ഷാ ഭാമിനി'യെ അദ്ദേഹത്തിന്റെ ഭരണപ്രവിശ്യയായ ഡക്കാനില്‍ പോയി സന്ദര്‍ശിച്ചു. പണ്ഡിതന്മാരെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ ഷാ, ഇദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണവും ഉന്നത പരിഗണനയും നല്‍കി. തന്റെ കൂടെത്തന്നെ താമസിക്കാന്‍ സുല്‍ത്താന്‍ ആവശ്യപ്പെടുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. സുല്‍ത്താന്റെ സന്തതസഹചാരിയും ഇഷ്ടക്കാരനുമായി മാറിയ അദ്ദേഹം മന്ത്രിസ്ഥാനത്തുവരെ എത്തി.
ഹദീസിലുണ്ടായിരുന്ന അഗാധ പാണ്ഡിത്യവും ഹദീസുകളോടുള്ള പ്രത്യേക പരിഗണനയും ഡക്കാനിലെ പണ്ഡിതന്മാര്‍ക്കിടയില്‍ അദ്ദേഹത്തെ അതികായനാക്കി. അധികാരികളുടെ മനസ്സിലും പണ്ഡിതരുടെ സദസ്സിലും ഉന്നതസ്ഥാനം കരസ്ഥമാക്കിയ അദ്ദേഹം ഡക്കാനില്‍ നബിചര്യ പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. ജനങ്ങള്‍ക്ക് മതപരവും പുരോഗമനപരവുമായ വിദ്യാഭ്യാസം നല്‍കണം എന്ന ലക്ഷ്യത്തോടെ ഹിജ്‌റ 876-ല്‍ അദ്ദേഹം മുഹമ്മദാബാദില്‍ ഒരു വിദ്യാലയം സ്ഥാപിക്കുകയും യുവാക്കളെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തു. എന്നാല്‍ മുസ്‌ലിംകള്‍ നേര്‍വഴിക്ക് നീങ്ങുന്നത് കണ്ട ശിയാക്കള്‍ അദ്ദേഹത്തെ ഇല്ലാതാക്കാനും ആ സ്വപ്ന സ്ഥാപനത്തെ തകര്‍ക്കുവാനും ശ്രമം തുടങ്ങി. അവരുടെ ഗൂഢാലോചനയുടെ ഫലമായി, 886-ല്‍ കുതന്ത്രത്തിലൂടെ അവര്‍ അദ്ദേഹത്തെ വധിച്ചു. മതപരമായും സാംസ്‌കാരികമായും സമൂഹത്തിന്റെ വഴികാട്ടിയായിരുന്ന ആ പണ്ഡിതന്റെ മരണം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചു. രാജ്യത്തിന്റെ ഭരണ വ്യവസ്ഥ താറുമാറാവുകയും കുഴപ്പങ്ങള്‍ വെളിപ്പെടുകയും ചെയ്തു. ഇസ്‌ലാമിക സംസ്‌കാരവും നബിചര്യയുടെ പ്രകാശവും ദുര്‍ബലമായി. ഈ അവസ്ഥ മുതലെടുത്ത ശിആക്കള്‍ അവിടെ പ്രവര്‍ത്തനമാരംഭിച്ച് ശക്തി പ്രാപിച്ചു.