Skip to main content

മുഹമ്മദ് ഖാസിം നാനൂത്തവി

കഅ്ബയുടെ ചാരത്ത് നില്‍ക്കുന്ന തന്നില്‍ നിന്നും ആയിരക്കണക്കിന് നദികള്‍ ഒഴുകുന്നത് സ്വപ്നം കണ്ട ബാലന്‍ പ്രിയ ഗുരുവിനടുക്കലേക്ക് ചെന്ന് സ്വപ്ന വ്യാഖ്യാനംആവശ്യപ്പെടുകയാണ്. ഗുരു നല്‍കിയ മറുപടി ''നിന്നില്‍ നിന്നും മതവിജ്ഞാനത്തിന്റെ നദികള്‍ പരന്നൊഴുകുമെന്നായിരുന്നു''. ഗുരുവിന്റെ വാക്കുകള്‍ അക്ഷരം പ്രതി പുലര്‍ന്നു. ആ കുഞ്ഞു ബാലനാണ് മഹാപണ്ഡിതനും നേതാവും പോരാളിയുമായിത്തീര്‍ന്ന ശൈഖ് മുഹമ്മദ് ഖാസിം നാനൂത്തവി.

നാം ഉറങ്ങുകയാണെങ്കില്‍ നമ്മെ ഉണര്‍ത്താനൊരാളുണ്ടാവും എന്ന ആപ്ത വാക്യത്തെ സത്യപ്പെടുത്തും വിധം മുസ്‌ലിംകള്‍ തങ്ങളുടെ മതത്തില്‍ നിന്നകന്ന് മത നിഷേധത്തിലേക്കും മത നിരാസത്തിലേക്കും പോയിക്കൊണ്ടിരുന്ന സമയത്താണ് ശൈഖ് നാനൂത്തവിയുടെ രംഗ പ്രവേശം. ഹിജ്‌റ 1248ല്‍ (ക്രി. 1827) സഹാറന്‍പൂര്‍ പ്രവിശ്യയില്‍പ്പെട്ട 'നാനൂത' ഗ്രാമത്തിലാണ് ശൈഖ് ജനിക്കുന്നത്. കുടുംബ പരമ്പര എത്തിച്ചേരുന്നത് ഒന്നാം ഖലീഫ അബൂബക്കര്‍ (റ) ലേക്കാണ്. സഹാറന്‍ഫൂരിലെ ശൈഖ് മുഹമ്മദ് നവാസില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ശേഷം അറിവിന്റെ അനന്ത സാധ്യതകള്‍ തേടി അദ്ദേഹം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. അവിടെ ശൈഖ് അബ്ദുല്‍ ഗനി അദ്ദഹ്‌ലവിയെ കണ്ടുമുട്ടുകയും ദീര്‍ഘകാലം അദ്ദേഹത്തിനോടൊപ്പം താമസിക്കുകയും ചെയ്തു. ഹിജ്‌റ 1277ല്‍ (ക്രി. 1856) മക്ക സന്ദര്‍ശിക്കുകയും ഹജ്ജ് നിര്‍വഹിക്കുകയും ചെയ്ത ശൈഖ് ആ യാത്രയില്‍ പരിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കി.

തിരിച്ചെത്തിയ അദ്ദേഹം മീററ്റില്‍ സ്ഥിരതാമസമാക്കിയ നാനൂത്തവി നിഷ്‌ക്രിയനാവാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയുടെ മത രാഷ്ട്രീയ കാര്യങ്ങളില്‍ ശക്തമായി ഇടപെടുകയും ബ്രിട്ടീഷുകാര്‍ക്കെതിരെയുളള പോരാട്ടത്തിന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. മത വിജ്ഞാന രംഗത്തെ അനിഷേധ്യ നേതാവായിരുന്ന അദ്ദേഹം ബ്രിട്ടീഷുകാര്‍ക്ക് നിരന്തരം തലവേദനയായി. പ്രവര്‍ത്തനരംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ഭരണകൂടം അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചെങ്കിലും ജനസംരക്ഷണത്തില്‍ തന്റെ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടു കുതിച്ചു. പിന്‍ഗാമിയായി ശിഷ്യന്‍ മഹ്മൂദ് ഹസനെയും അദ്ദേഹം ഉയര്‍ത്തിക്കൊണ്ട് വന്നു. 

മത ആദര്‍ശ കാര്യങ്ങളില്‍ അദ്ദേഹം കണിശക്കാരനായിരുന്നു. ഇസ്‌ലാം വിമര്‍ശിക്കപ്പെടുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ശക്തമായ പ്രതിരോധം തീര്‍ത്തു. മാംസഭക്ഷണം മനുഷ്യ പ്രകൃതിക്ക് എതിരാണ് എന്ന വാദത്തിന് പ്രചാരം ലഭിച്ചപ്പോള്‍ അതിനെതിരെ 'തുഹ്ഫ ലഹ്മിയ്യ' (ഉര്‍ദു) എന്ന പുസ്തകമെഴുതിയാണ് അദ്ദേഹം രംഗത്ത് വന്നത്.  

ഹിജ്‌റ 1297ല്‍ (ക്രി. 1877) അന്തരിച്ച ആ മഹാമനീഷി ഈലോകത്തോട് വിടപറഞ്ഞു.

പ്രധാന രചനകള്‍

തക്‌രീറു ദല്‍ബദീര്‍ (ഉര്‍ദു)
ആപ് ഹയാത് (ഉര്‍ദു)
മസ്വാബീഹുത്തറാഹീഹ് (പേര്‍ഷ്യന്‍)
ബറാഹീനു ഖാസിമിയ്യ (ഉര്‍ദു)
തഹ്ദീറുന്നാസ് മിന്‍ ഇന്‍കാരി അഥരി ഇബ്‌നു അബ്ബാസ്
ജവാബാത്തു മഹ്ദൂറാത്തി അശ്ര്‍ 
ഹദിയ്യത്തു ശ്ശീഅ
തുഹ്ഫ ലഹ്മിയ്യ
അജ്‌വിബ: അര്‍ബഈന്‍
ഫുയുളു ഖാസിമിയ്യ


 

Feedback