Skip to main content

അശ്‌റഫ് അലി തഹാനവി

പന്ത്രണ്ടാം വയസ്സു മുതല്‍ രാത്രി നമസ്‌കാരം ദിനചര്യയാക്കിയ ഒരു സാത്വികന്‍  പ്രായമേറുന്തോറും ആകാര സൗന്ദര്യത്തോടൊപ്പം ഭക്തി സാന്ദ്രതയും കൂടിച്ചേര്‍ത്ത് മധുരമുള്ള സംസാരവും സൗകുമാര്യമുളള വസ്ത്രധാരണവും ശീലമാക്കിയ സ്‌നേഹിതന്‍.  ഗാംഭീര്യവും ശാന്തതയും കളിയാടുന്ന മുഖഭാവം സദാ കൂടെക്കൊണ്ടുനടന്ന ആ മഹാനുഭാവനായിരുന്നു 'അശ്‌റഫ് അലി തഹാനവി'. എല്ലാ മേഖലകളില്‍ നിന്നും അറിവിന്‍ മുത്തുകള്‍ മുങ്ങിയെടുത്ത പണ്ഡിതനായിരുന്നു ഇദ്ദേഹം എന്ന പേരില്‍ ആദരിക്കപ്പെട്ടു.


ഹിജ്‌റ 1280 (ക്രി. 1849) റബീഉല്‍ അവ്വല്‍ അവസാന വാരത്തില്‍ 'തഹാന' ഗ്രാമത്തിലാണ് ശൈഖ് അശ്‌റഫ് അലി ഭൂജാതനാവുന്നത്.  കുടുംബത്തിന്റെ വേരുകള്‍ രണ്ടാം ഖലീഫ ഉമര്‍(റ) ലേക്കെത്തി നില്‍ക്കുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിയ അദ്ദേഹം പേര്‍ഷ്യന്‍ ഭാഷയും സ്വായത്തമാക്കി.  തുടര്‍ പഠനം ദാറുല്‍ ഉലും ദയൂബന്ദിലായിരുന്നു.

ഹിജ്‌റ: 1300 (ക്രി.1879) മക്കയില്‍ പോയി ഖുര്‍ആനിന്റെ പാരായണ നിയമങ്ങള്‍ പഠിക്കുകയും ഹിജ്‌റ 1301-ല്‍ ഹജ്ജ് നിര്‍വഹിക്കുകയും ചെയ്തു.  അതേവര്‍ഷം തന്നെ ഇന്ത്യയിലേക്ക് മടങ്ങിയ ശൈഖ് 'ഫൈദുല്‍ ആം' മദ്‌റസയില്‍ കുറച്ചു കാലം സേവനമനുഷ്ഠിച്ചു. അതിനുശേഷം 'ജാമിഉല്‍ ഉലൂം' മദ്‌റസയില്‍ ദീര്‍ഘമായ പത്ത് വര്‍ഷം സേവനമനുഷ്ഠിക്കുകയും ധാരാളം ശിഷ്യഗണള്‍ക്ക് അറിവു പകര്‍ന്നു നല്‍കുകയുംടിയ്തു. ഹിജ്‌റ 1310 (1889)ല്‍ വിജ്ഞാന സമ്പാദനാര്‍ഥം വീണ്ടും മക്ക സന്ദര്‍ശിച്ചു. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വന്ന അദ്ദേഹം മുസ്‌ലിംകളിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റാനായിരുന്നു ശ്രമം നടത്തിയത്.  വിവിധ മതക്കാരുടെയും വിഭാഗങ്ങളുടെയും ആചാരങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ മുസ്‌ലിംകള്‍ ആഘോഷിക്കുന്നന്നതിനെതിരെ അദ്ദേഹം ശക്തമായി പോരാടി.

പഠനത്തിനും അധ്യാപനത്തിനുമിടയില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടം നടത്തിയ അദ്ദേഹം മതവിധി നല്‍കുന്നതില്‍ അഗ്രഗണ്യനായിരുന്നു.  കിഴക്കു നിന്നും പടിഞ്ഞാറു നിന്നും നിരവധിയാളുകള്‍ അദ്ദേഹത്തില്‍ നിന്ന് മതവിധി തേടി വന്നു.  രചനാരംഗത്തും അധ്യാപന രംഗത്തും തിളങ്ങി നിന്ന 'ഹകീമുല്‍ ഉമ്മ:', ഹിജ്‌റ 1362 (ക്രി. 1941) റജബ് 16ന് 82-ാം വയസ്സില്‍ ഇഹലോക വാസം വെടിഞ്ഞു.

പ്രധാന കൃതികള്‍

ബയാനുല്‍ ഖുര്‍ആന്‍ (12. വാള്യങ്ങള്‍)
സബ്ഖുല്‍ ഗായാതി ഫീ നസ്ഖില്‍ ആയാതി
അത്തഖ്വ്‌സ്വീറു ഫി ത്തഫ്‌സീര്‍
ഇംദാദുല്‍ ഫതാവാ
അല്‍ ഹീലതുന്നാജിസ ഫീ ഹലീലതില്‍ ആജിസ
തഹ്ദീറുല്‍ ഇഖ്‌വാന്‍ അനിര്‍രിബാ ഫില്‍ ഹിന്ദുസ്ഥാന്‍
റാഫിഉ ദ്വന്‍കി വ മനാഫിഇല്‍ ബന്‍കി
ശഹാദതുല്‍ അഖ്‌വാം അലാ സ്വിദ്ഖില്‍ ഇസ്‌ലാം
അല്‍ ഖിത്വാബുല്‍ മലീഹ് ഫീ തഹ്ക്വീക്വില്‍ മഹ്ദീ വല്‍മസീഹ്
നശ്‌റുത്ത്വീബു ഫീ ദിക്‌രി നബിയ്യില്‍ ഹബീബ് (സ) മിനള്ളാഹില്‍ ഖരീബില്‍ മുജീബ്
ബവാദിറു ന്നവാദിര്‍
ബദാഇഉല്‍ ഹുകുമ്


 

Feedback