Skip to main content

ജമാലുദ്ദീന്‍ മുഹമ്മദ്ബിന്‍ ഉമര്‍ അല്‍ഹദ്വറമി

സുല്‍ത്താന്‍ മുദ്വഫ്ഫര്‍ ബിന്‍ മഹ്മൂദ് മസ്‌വായുടെ അടുക്കല്‍ ഉന്നതസ്ഥാനമുണ്ടായിരുന്ന പണ്ഡിതനായിരുന്നു ഇദ്ദേഹം. ശൈഖിന്റെ അഗാധമായ പാണ്ഡിത്യത്തിലും കഴിവുകളിലും മതിപ്പുളവാകുകയും ആദരിക്കുകയും ചെയ്ത സുല്‍ത്താന്‍ ശൈഖിന്റെ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹത്തെ തന്റെ ഭരണ പ്രദേശമായ ഗുജറാത്തില്‍ തന്നെ താമസിപ്പിക്കുകയും എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തു. ശൈഖിന്റെ അധ്യാപനങ്ങളും മത വിദ്യാഭ്യാസവും എല്ലാവര്‍ക്കും ലഭിക്കുന്നതിന് വേണ്ടി രചനാ സൗകര്യങ്ങളടക്കം സുല്‍ത്താന്‍ തയ്യാറാക്കിക്കൊടുത്തു. സുല്‍ത്താന്റെ അധ്യാപകനായും ഉപദേഷ്ടാവായും ജീവിച്ച അദ്ദേഹം ഹിജ്‌റ 930-ല്‍ (ക്രി 1509) മരണമടഞ്ഞു.

ചരിത്ര രേഖകളില്‍ ഏറെ അവഗണിക്കപ്പെടുകയും എന്നാല്‍ ശിഷ്യഗണങ്ങളാല്‍ സമ്പന്നരാവുകയും ചെയ്ത പണ്ഡിത വര്യനാണ് ശൈഖ് ഖുത്വുബുദ്ദീന്‍. ഇമാം സഹാവിയുടെ ഇന്ത്യന്‍ ശിഷ്യന്മാരില്‍ പ്രമുഖനായ ഇദ്ദേഹം അറിവ് തേടിയുള്ള യാത്രക്കിടയിലാണ് സഹാവിയെ പരിചയപ്പെടുന്നത്. ഹിജാസില്‍ വെച്ചുണ്ടായ ആ കൂടിക്കാഴ്ച ശൈഖ് ഖുത്വുബുദ്ദീന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ഹിജാസില്‍ വെച്ച് തന്നെ സഹാവിയുടെ ശിഷ്യത്വം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ കൂടെ സഹവസിക്കുകയും ചെയ്തു. 

ഖുത്വുബുദ്ദീന്‍, ഇമാമില്‍ നിന്ന് നേടാനാവുന്നതിന്റെ പരമാവധി അറിവും അനുഭവ സമ്പത്തും കരസ്ഥമാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങി. നാട്ടില്‍ മടങ്ങിയെത്തിയ ഉടനെ അദ്ദേഹം ചെയ്തത് തന്റെ സമൂഹത്തെ പുനരുദ്ധരിക്കാനായി ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ശൈഖിന്റെ സ്ഥാപനത്തില്‍ ചേരുകയും ബിരുദമെടുക്കുകയും ചെയ്തു. ഏറെ നിസ്വാര്‍ഥമതിയായിരുന്ന അദ്ദേഹത്തിന്റെ ജീവചരിത്രം പൂര്‍ണാര്‍ഥത്തില്‍ രേഖപ്പെടുത്തുന്നതില്‍ ചരിത്രം കാണിച്ച വിമുഖത അദ്ദേഹത്തെ മരണ ശേഷവും നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു.

മുഖ്തസ്വറുല്‍ മഖാസിദുല്‍ ഹസന:, മുഖ്തസ്വറുല്‍ അദ്കാറുന്നവവിയ്യ:, അശ്ശൈഖ് ഖുത്വുബുദ്ദീന്‍ അല്‍ അബ്ബാസി അല്‍ഗുജറാത്തി എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

Feedback