Skip to main content

മുഹമ്മദ് യഹ്‌യാ കാന്തഹ്‌ലവി

ദാരിദ്രത്തിന്റെ പരകോടിയില്‍ എത്തിയപ്പോഴും താന്‍ ചെയ്തിരുന്ന മതാധ്യാപനങ്ങള്‍ക്ക് പ്രതിഫലം സ്വീകരിക്കാതിരുന്ന, കഷ്ടപ്പാട് നിഴല്‍ പോലെ കൂടെ നിന്നപ്പോഴും പുസ്തകങ്ങള്‍ വിറ്റ് അന്നന്നത്തെ അന്നത്തിന് മാര്‍ഗം കണ്ടെത്തിയിരുന്ന മഹാത്യാഗിയായിരുന്നു ശൈഖ് മുഹമ്മദ് യഹ്‌യാ കാന്തഹ്‌ലവി. ഏഴാം വയസില്‍ ഖുര്‍ആന്‍ മനപാഠമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പിന്നീട് മാസങ്ങളോളം ഖുര്‍ആന്‍ ആവര്‍ത്തിച്ച് പാരായണം ചെയ്യാന്‍ അദ്ദേഹം സമയം കണ്ടെത്തി.  

ഹിജ്‌റ 1288 (ക്രി. 1867) മുഹറം മാസത്തിലാണ് ശൈഖിന്റെ ജനനം.  ചെറുപ്പത്തില്‍ അദ്ദേഹത്തിന്റെ പേര് 'ബലന്ദ് അഖ്തര്‍' എന്നായിരുന്നു.  മത വിജ്ഞാനീയങ്ങളോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യവും അവ പുനര്‍ജീവിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെയും ഫലമായാണ് മുഹമ്മദ് യഹ്‌യാ എന്ന പേരു വിളിക്കപ്പെടുന്നത്.  തന്റെ പിതാവില്‍ നിന്നും അറബിയിലെ അടിസ്ഥാന പുസ്തകങ്ങള്‍ ഗ്രഹിച്ച അദ്ദേഹം കൂടുതല്‍ പഠിക്കാനായി 'ശൈഖ് ഹുസൈന്‍ ബഹ്ശ് ഡല്‍ഹി' യുടെ അടുത്തേക്ക് യാത്രതിരിച്ചു..

ദിവസവും പതിനാറ് മൈല്‍ നടന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം.  വഴി മധ്യേ ശൈഖുല്‍ ഹിന്ദ് മുഹമ്മദ് ഹസനെ സന്ദര്‍ശിക്കുകകയും അദ്ദേഹത്തില്‍ നിന്ന് ഉപദേശം തേടുകയും ചെയ്തു. 

ഡല്‍ഹിയിലെ നിസാമുദ്ദീനിലുള്ള പിതാവിന്റെ പാഠശാലയില്‍ അധ്യാപകനായി സേവാനമനുഷ്ഠിച്ചു തുടങ്ങി. ഹദീസിലുള്ള അഗാധമായ പാണ്ഡിത്യം കണ്ട്  'മളാഹിറുല്‍ ഉലും, സഹാറന്‍ പൂരി' ലെ അധികൃതര്‍ ഇദ്ദേഹവുമായി നിരന്തരം ബന്ധപ്പെടുകയും അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തു.  ഇവരുടെ ക്ഷണം സ്വീകരിച്ച ശൈഖ് യഹ്‌യാ ഹദീസ് വിഭാഗത്തില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയും മരണം വരെ അവിടെത്തന്നെ തുടരുകയും ചെയ്തു.  ഒരു ഭാരിച്ച ഉത്തരവാദിത്തമായിരുന്നിട്ട് കൂടി ജോലിക്ക് ഒരു രൂപപോലും അദ്ദേഹം ശമ്പളം വാങ്ങിയിരുന്നില്ല.  അല്ലാഹുവിന്റെ പ്രീതി മാത്രമാണ് കാംക്ഷിച്ചിരുന്നത്.  നിരവധി ശിഷ്യഗണങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും ജീവന്‍ നല്‍കിയ ഈ കര്‍മയോഗി ഹിജ്‌റ: 1334(ക്രി.1913) ദുന്‍ ഖഅദ: മാസത്തില്‍ ഇഹലോക വാസം പെടിഞ്ഞു.

പ്രധാന ഗ്രന്ഥങ്ങള്‍

ലാമിഇ ദുറാരി
അല്‍ കൗകബു ദുരിയ്യ്
അല്‍ഹല്ലുല്‍ മഫ്ഹം
ബില്‍ ഫൈദ്വി സ്സമാഈ അലാ സുനനി ന്നസാഈ.

Feedback