നബി(സ്വ)യുടെ കവി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരാളേ മദീനയില്‍ ഉണ്ടായിരുന്നുള്ളു. ഹസ്സാന്‍ ബിന്‍ ഥാബിത് (റ) ഹസ്സാന് ആ നാമധേയം ലഭിക്കാനുളള കാരണം നബി(സ)യെ പുകഴ്ത്തി കവിതകള്‍ രചിച്ചത് കൊണ്ടായിരുന്നു. നബി(സ) ക്കു ശേഷം 1000 വര്‍ഷങ്ങള്‍ക്കിപ്പുറം 'ഇന്ത്യയിലെ ഹസ്സാന്‍' എന്ന് പണ്ഡിതനായ ഒരാള്‍ക്ക് പേര് നല്‍കപ്പെട്ടു. ഹസ്സാനെപ്പോലെത്തന്നെ നബിയെ പുകഴ്ത്തി ഗാനങ്ങള്‍ രചിച്ച് 'ഹസ്സാനുല്‍ ഹിന്ദ്' എന്ന വിളിപ്പേര് നേടിയെടുത്ത മഹാവര്യനാണ് 'ഗുലാം അലി ആസാദ് അല്‍ ബല്‍ഗറാമി.
നോര്‍ത്ത് യു.പി.യിലെ ബല്‍ഗറാം ഗ്രാമത്തില്‍ ഹിജ്‌റ 1116 (ക്രി- 1695) സഫര്‍ 25, ഞായറാഴ്ചയാണ് ശൈഖ് ജനിക്കുന്നത്. കുലമഹിമയും കുലീനതയും കാത്തു സൂക്ഷിക്കുന്ന കുടുംബത്തില്‍, ശൈഖ് ജനിച്ചതും വളര്‍ന്നതും കവികള്‍ക്കും പണ്ഡിതന്മാര്‍ക്കും നടുവിലായിരുന്നു. ഹദീസിന്റെയും ചരിത്രത്തിന്റെയും തര്‍ക്ക ശാസ്ത്രത്തിന്റെയും പാഠങ്ങള്‍ തന്റെ ഉമ്മയുടെ ഉപ്പയില്‍ നിന്ന് കരസ്ഥമാക്കിയ അദ്ദേഹം വിവിധ പണ്ഡിതന്മാരുടെ കീഴില്‍ നിന്ന് മറ്റു വിഷയങ്ങളും പഠിച്ചു.
ഒരു കവിയെന്നതിലുപരി ഇസ്‌ലാമിക വിജ്ഞാനങ്ങളിലും ഇസ്‌ലാമിക കലകളിലും ചരിത്രത്തിലും ബല്‍ഗറാമിന് അഗാധമായ അറിവുണ്ടായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന് മുന്‍പോ ശേഷമോ കവിത്വവും പാണ്ഡിത്യവും അത്രമേല്‍ ഒരുമിച്ച ഒരാളും ഉണ്ടായിട്ടില്ല.
അറിവിന്റെ നിറകുടമാണെങ്കിലും അധ്യാപനത്തിനു പകരം കവിതയുടെ വഴിയാണ് ശൈഖ് ഗുലാം അലി തനിക്ക് വേണ്ടി തെരഞ്ഞെടുത്തത്. കവിതയുടെ എല്ലാ ഭാവ-വികാരങ്ങളിലും രചനകള്‍ നടത്തിയ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നത് സ്തുതി, സ്‌നേഹം, ശൃംഗാരം, വിശേഷണം, വിലാപം എന്നീ ഭാവങ്ങളില്‍ കവിത രചിക്കുവാനായിരുന്നു. എന്നിരിക്കിലും അദ്ദേഹത്തിന്റെ എല്ലാ കവിതകളുടെയും മുഖ്യ ആകര്‍ഷണം പ്രവാചകന്റെ മദ്ഹു (സ്തുതി)കളായിരുന്നു. കവിതകളുടെ തുടക്കത്തിലോ അല്ലെങ്കില്‍ ഇടയിലോ ധാരാളമായി പ്രവാചകനെ സ്തുതിച്ചിരുന്ന അദ്ദേഹം, സ്തുതി കാരണത്താല്‍ തന്നെ 'ഹസ്സാനുല്‍ ഹിന്ദ്' എന്ന പേരെടുത്തു. കവിയും പണ്ഡിതനുമായിരുന്ന മഹാനുഭാവന്‍ ഹിജ്‌റ-1200 (ക്രി. 1779) ദുല്‍ഖഅ്ദ 21 ന് നാഥനിലേക്ക് യാത്രയായി.
പ്രധാന ഗ്രന്ഥങ്ങള്‍
സബ്അതുസ്സയ്യാറ السبعة السيارة
ദവാവീനു ആസാദ് دواوين آزاد
ഔജു സ്സ്വീബാ ഫീ മദ്ഹില്‍ മുസ്ത്വഫ أوج الصبا في مدح المصطفى
അല്‍ഖസ്വീദതുല്‍ ഹംസിയ്യ القصيدة الهمزية
ദീവാനാനി ലി ആസാദ് ديوانان لآزاد
മിര്‍ത്തതുല്‍ ജമാല്‍ مرآة الجمال
മദ്വ്ഹറുല്‍ ബറകാത്. مظهر البركات