ഡല്‍ഹി പ്രവിശ്യ ഹദീസ് പണ്ഡിതന്മാര്‍ക്ക് പേരുകേട്ട നാടാണെങ്കിലും ശൈഖ് അബ്ദുല്‍ ഹഖ് മുഹദ്ദിസ് അദ്ദഹ്‌ലവിയുടെ ആഗമനത്തിന് മുന്‍പ് ഇസ്‌ലാമിക വിഷയങ്ങളില്‍ ഡല്‍ഹിയുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. ഗ്രീക്ക് തത്വചിന്തകളിലും കര്‍മ ശാസ്ത്ര നൂലാമാലകളിലും കെട്ടിമറിയുകയായിരുന്നു മുസ്‌ലിം പണ്ഡിതന്മാര്‍. അവര്‍ക്കിടയിലേക്കാണ് ഖുര്‍ആനിന്റെയും ഹദീസിന്റെയും വെള്ളി വെളിച്ചവുമായി ശൈഖ് അബ്ദുല്‍ ഹഖ് അദ്ദഹ്‌ലവി കടന്നു വരുന്നത്. ഹദീസ് പഠനത്തിനുംപ്രചാരണത്തിനും ശൈഖ് തന്റെ ജീവിതം ഉഴിഞ്ഞു വെച്ചു. തത്ഫലമായി 'ഹദീസ് വിജ്ഞാനം ഇന്ത്യയിലേക്കെത്തിച്ച ഒന്നാമന്‍' എന്ന പേരിലദ്ദേഹം അറിയപ്പെട്ടു.
ഡല്‍ഹിയിലും ഉത്തരേന്ത്യയിലും നബിചര്യയും ഇസ്‌ലാമിക വിജ്ഞാനങ്ങളും വ്യാപിക്കുന്നതില്‍ അദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങള്‍ വലിയ സ്വാധീനം ചെലുത്തി. ശൈഖിന്റെ മഹത്വവും അറിവിന്റെ ആഴവും മനസ്സിലാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ അടുക്കലേക്ക് ശിഷ്യന്മാര്‍ ഒഴുകിയെത്തി. വൈജ്ഞാനിക ലോകത്തിന്റെ വാതില്‍ അദ്ദേഹം അവര്‍ക്ക് മലര്‍ക്കെ തുറന്നിട്ടു കൊടുത്തു. അദ്ദേഹത്തിന്റെ കാലത്ത് നബിചര്യ അത്ഭുതകരമാം വിധത്തില്‍ വളര്‍ച്ച കൈവരിച്ചു. ശൈഖ് കൊളുത്തിയ ദീപശിഖയേന്തിയ ശിഷ്യന്മാര്‍ വിവിധ സ്ഥലങ്ങളില്‍ വിജ്ഞാനസദസ്സുകള്‍ സംഘടിപ്പിക്കുകയും മതകാര്യങ്ങളില്‍ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആരംഭിച്ച ഈ മുന്നേറ്റം പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം വരെ നീണ്ടു നിന്നു.
ഇന്ത്യന്‍ ഹദീസ് വിജ്ഞാന രംഗത്ത് മികച്ച സംഭാവനകളേകിയ ഈ മഹാ പണ്ഡിതന്‍ ഹിജ്‌റ 957ല്‍ (ക്രി.1551) ഡല്‍ഹിയിലാണ് ഭൂജാതനായത്. ഡല്‍ഹിയില്‍ പണ്ഡിതരില്‍ നിന്നും അറിവിന്റെ ആദ്യ പാഠങ്ങള്‍ നുകര്‍ന്ന അദ്ദേഹം ഉന്നത പഠനത്തിനായി ഹിജ്‌റ 996 ല്‍ (ക്രി. 1575) മക്കയിലേക്ക് യാത്ര തിരിച്ചു. അവിടെ വെച്ച് മഹാപണ്ഡിതരായ ശൈഖ് അബ്ദുല്‍ വഹാബ് അല്‍മുത്തഖി, ശൈഖ് ഹമീദുദ്ദീന്‍ അസ്സിന്‍ദി തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിച്ചു. ഡല്‍ഹിയുടെ ദുരവസ്ഥ നന്നായറിയാമായിരുന്ന ശൈഖ് പിന്നീട് ഡല്‍ഹിയിലേക്ക് തന്നെ മടങ്ങി. സമുദായത്തെ നേരായ വഴിയില്‍ നയിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അധ്യാപനങ്ങളിലൂടെയും രചനകളിലൂടെയും പകര്‍ന്ന്, നബിചര്യയും ഇസ്‌ലാമിക സംസ്‌കാരവും ജീവിതചര്യയാക്കാന്‍ നിര്‍ദ്ദേശിച്ച് ആ മഹാത്യാഗി ഹിജ്‌റ 1048ല്‍ (ക്രി. 1627) മരണപ്പെട്ടു.
പ്രധാന കൃതികള്‍:
أشعة اللمعات-شرح فارسي لمشكاة المصابيح
لمعات التنقيح- شرح مشكاة المصابيح بالعربية
جامع البركات-منتخب شرح المشكاة
مدارج النبوة-كتاب جامع في السيرة
شرح على سفر السعادة
مقدمة في أصول الحديث