ശാഹ് വലിയുല്ലാഹിദ്ദഹ്ലവിയുടെ പുത്രന്മാരില് മൂത്തമകനാണ് ശൈഖ് അബ്ദുല്‍ ഗനി. പിതാവില്‍ നിന്ന് വൈജ്ഞാനിക ലോകത്തിന്റെ അതിരുകളില്ലാത്ത വഴികളിലേക്ക് പ്രവേശിച്ച ശൈഖ്, സഹോദരന് ശാഹ് അബ്ദുല്‍ അസീസിന് വിജ്ഞാനമേഖലയില്‍ പ്രചോദനവും ആവേശവും നല്കി. ജീവിതകാലം മുഴുവന്‍ പഠനാധ്യാപന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ അദ്ദേഹം തന്റെ മൂന്ന് സഹോദരങ്ങള്‍ക്കും മുമ്പേ മരണപ്പെട്ടു. 'അന്ഫവാന്' എന്ന പ്രദേശത്തു വെച്ചായിരുന്നു മരണം. വളരെ നേരത്തെ മരണപ്പെട്ടുവെങ്കിലും പരിഷ്കര്‍ത്താവും പരിശ്രമ ശാലിയുമായ ഒരു പുത്രനെ അല്ലാഹു അദ്ദേഹത്തിന് നല്കി അനുഗ്രഹിച്ചു. മഹാ പണ്ഡിതനായ ആ പുത്രനാണ് അല്‍ ഇമാമുല്‍ മുജദ്ദിദ് ഇസ്മാഈല്‍ അശ്ശഹീദ്.