ശൈഖ് യഅ്ഖൂബ് സ്വാഫി കശ്മീരിയുടേതിന് സമാനമായ ജീവിതം നയിച്ച പണ്ഡിതനാണ് ശൈഖ് ജൗഹര്‍ നാന്ത് കശ്മീരി. കശ്മീരിലെ മതപഠനത്തിനു ശേഷം വിജ്ഞാന സമ്പാദനത്തിനായി ശൈഖ് ഹിജാസിലേക്ക് കപ്പല്‍ കയറി. ഇമാം ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ അടുത്തു തന്നെയാണ് ഇദ്ദേഹവും എത്തിപ്പെടുന്നത്.. ഇമാം ഹൈതമിയുടെ കുൂടെ അറിവിന്റെ അനന്ത ലോകത്തേക്ക് പ്രവേശിച്ച ശൈഖ് പിന്നീട് അശ്ശൈഖ് അലി ബിന്‍ സുല്‍ത്താന്‍ അല്‍ഖാരി അല്‍ഹനഫിയുടെയും ശിഷ്യത്വം സ്വീകരിച്ചു. ദീര്‍ഘകാലം അദ്ദേഹത്തിനു കീഴില്‍ പഠനവും വൈജ്ഞാനിക ചര്‍ച്ചകളുമായി കഴിഞ്ഞുകൂടി. കരസ്ഥമാക്കിയ വിജ്ഞാനം ഫലപ്രദമാവണമെങ്കില്‍ അത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടണമെന്ന് മനസ്സിലാക്കിയ ശൈഖ്് തന്റെ ജന്മപ്രദേശമായ കശ്മീരിലേക്ക് മടങ്ങി. ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി പഠനത്തിലും അധ്യാപനത്തിലും മുഴുകിയ അദ്ദേഹം ഒരു വലിയ ശിഷ്യഗണത്തെ സൃഷ്ടിച്ചെടുത്തു. ജീവിതത്തില്‍ വിശ്രമിക്കാന്‍ പോലും സമയം കണ്ടെത്താത്ത രൂപത്തില്‍ അധ്വാനിച്ച ആ മഹാ പണ്ഡിതന്‍ ഹിജ്‌റ 1003 (ക്രി:1582)ല്‍ ഇഹലോകവാസം വെടിഞ്ഞു.