Skip to main content

സഈദ് അഹ്മദ് അല്‍ അജ്‌റാറവി

ഹിജ്‌റ 1322 (ക്രി: 1901) ല്‍ മീററ്റിലെ അജ്‌റാറയിലാണ് ശൈഖ് സഈദ് അഹ്മദ് ഭൂജാതനാവുന്നത്.  വല്ല്യുപ്പയായ ശൈഖ് നസ്വിബ് അഹ്മദ്ഖാനില്‍ നിന്ന് ഖുര്‍ആനിന്റെ ചില ഭാഗങ്ങള്‍ മന:പാഠമാക്കിയ അദ്ദേഹം ശൈഖ് മുഹമ്മദ് ഹുസൈന്‍ അന്‍ അജ്‌റാറവിയില്‍ നിന്ന് ഖുര്‍ആന്‍ മുഴുവനായി ഹൃദിസ്ഥമാക്കി.  അതിനു ശേഷം ഉസ്താദ് മുഹമ്മദ് ഹുസൈന്റെ  നിര്‍ദ്ദേശപ്രകാരം സഹാറന്‍ഫുരിലെ മദ്വാഹിറുല്‍ ഉലൂമില്‍ ചേരുകയും പഠനം പൂര്‍ത്തിയാകുന്നത് വരെ അവിടെത്തന്നെ നിലകൊളളുകയും ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

പഠനം പൂര്‍ത്തിയാക്കിയ ശേഷം 1343 - ല്‍ മദ്വാഹിറുല്‍ ഉലൂമില്‍ അധ്യാപകനായി ചേര്‍ന്ന അദ്ദേഹം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1347-ല്‍ മദ്‌റസതു ആജ്‌വീകിലെ മഥ്‌നിയുടെ പകരക്കാരനായി നിയമിക്കപ്പെട്ടു.  പത്തു വര്‍ഷത്തോളം അവിടെ തുടര്‍ന്ന അദ്ദേഹം ജാമിഅയിലെ ഏറ്റവും വലിയ മുഫ്തിയായി മാറുകയും ചെയ്തു.  ഈ പത്ത് വര്‍ഷത്തെ ഇടവേളക്കിടയില്‍ വ്യത്യസ്ത പഠന വിഭാഗങ്ങളിലെ വിവിധ വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ തഫ്‌സീര്‍ ജലാലൈനിയും തഫ്‌സീറു ബയ്‌ളാവിയും കൈകാര്യം ചെയ്ത അദ്ദേഹം ഹദീസ് ഗ്രന്ഥങ്ങളില്‍ സുനനുത്തിര്‍മിദിയിലും മിശ്കാതുല്‍ മസ്വാബീഹിലും വിദ്യാര്‍ത്ഥികള്‍ക്ക് അവഗാഹം നല്‍കി.  കര്‍മശാസ്ത്ര വിഷയങ്ങളിലും ഗ്രന്ഥങ്ങളിലും ഏറെ അഗ്രഗണ്യനായ അദ്ദേഹം ഫിഖ്ഹ് (കര്‍മശാസ്ത്രം) പഠിപ്പിക്കാന്‍ ഹിദായ, ശറഹുല്‍ വിഖായ, കന്‍സുദ്ദഖാഇഖ് എന്നീ ഗ്രന്ഥങ്ങളായിരുന്നു അദ്ദേഹം അവലംബിച്ചിരുന്നത്.  ഫത്‌വാബോര്‍ഡിലെ ഉന്നതനായിരുന്ന അദ്ദേഹം ഫത്‌വകള്‍ക്ക് വേണ്ടി റസ്മുല്‍ മുഫ്തിയും, കര്‍മ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കാന്‍ മുഖ്തസ്വറു ലി തഫ്തസാനിയും ആണ് അദ്ദേഹം അവലംബിച്ചിരുന്നത്.

മരണം വരെ മുപ്പത് വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കി സഈദ് അഹ്മദ് ഈ സ്ഥാപനത്തില്‍ തന്നെ (മദ്‌റസത്തു തജ്‌വീദ്) സേവനമനുഷ്ഠിച്ചു. ഈ അധ്യാപന സമയത്തു തന്നെ ഹിജ്‌റ: 1351 (1930) ല്‍ മക്ക സന്ദര്‍ശിക്കാനും ഹജ്ജ് നിര്‍വഹിക്കാനുമുള്ള സൗഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു.  വിവിധ വിഷയങ്ങളില്‍ ഒരേ സമയം അറിവ് നേടുകയും പകരുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത ഈ മഹാനുഭാവന്‍ ഹിജ്‌റ 1377 (1956) സ്വഫര്‍ 27-ന് ഇഹലോക വാസം വെടിഞ്ഞു.

പ്രധാന ഗ്രന്ഥങ്ങള്‍

ഫയ്ദ്വുല്‍ അസീസ് فيض العزيز
ഖലാഇദുല്‍ ജൗഹരിയ്യ قلائد الجوهرية
ശറഹു ശാത്വിബിയ്യ شرح شاطبية
ശറഹു അലാ സുനനി ഇമാമി ത്തിര്‍മിദി شرح على سنن إمام الترمذي
തഅ്‌ലീഖാതുന്‍ അലാ മിശ്കാതില്‍ മസ്വാബീഹ് تعليقات على مشكاة المصابيح
മുഅല്ലിമുല്‍ ഹജ്ജാജ് معلم الحجاج
ഹജ്ജുന്‍ മബ്‌റുര്‍ حج مبرور

 
 

Feedback