1882 ആഗസ്ത് 27 പാകിസ്താന്‍ അധീന പഞ്ചാബിലെ കാമില്‍ഫൂരില്‍ ജനനം. പിതാവ് ശൈഖ് അല്‍ അഹ്മദ് ഭക്തിയുടെയും മര്യാദയുടെയും നിറകുടമായ ഒരു ഭിഷഗ്വരനായിരുന്നു. അതിനാല്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ ഏറെ മതിപ്പും താത്പര്യവും ഉള്ള കുടുംബമായി ശൈഖ് അബ്ദുറഹ്മാന്‍ കാമില്‍ഫൂരിയുടെ കുടുംബം മാറി.
നാട്ടില്‍ നിന്ന് തന്നെ ഖുര്‍ആന്‍ പഠിക്കുകയും വിവിധ നാടുകളിലെ ഉന്നതരായ പണ്ഡിതരില്‍ നിന്ന്
പ്രാഥമിക വിദ്യാഭ്യാസവും തത്വശാസ്ത്രവും തര്‍ക്ക ശാസ്ത്രവും കരസ്ഥമാക്കുകയും ചെയ്തു. അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹം 1909ല്‍ അദ്ദേഹത്തെ സഹാറംഫൂരിലെ മദ്വാഹിറുല്‍ ഉലൂമിലെത്തിച്ചു. തഫ്‌സീറുകളിലും മറ്റു വിഷയങ്ങളിലും പ്രാവീണ്യം നേടുകയും ഉന്നത വിജയത്തോടെ ബിരുദം സ്വന്തമാക്കുകയും ചെയ്തു.
മദ്വാഹിറുല്‍ ഉലുമിലെ പഠനത്തിനു ശേഷം ശൈഖ് കാമില്‍ ഫൂരി, ദാറുല്‍ ഉലൂം ദയൂബന്ദിലെ പണ്ഡിതന്മാരില്‍ നിന്നും വിജ്ഞാനം ഗ്രഹിച്ചു. പിന്നീട് അധ്യാപനത്തിന്റെ നാളുകളായിരുന്നു. മദ്വാഹിറുല്‍ ഉലുമിലും അതിനുശേഷം പാകിസ്താനിലെ 'ആന്‍സ്'ലും അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചു. വീണ്ടും മദ്വാഹിറുല്‍ ഉലുമിലേക്ക് മടങ്ങിയ ശൈഖ് നീണ്ട മുപ്പത്തിയഞ്ച് വര്‍ഷം അവിടെ സേവനമനുഷ്ഠിച്ചു. അതില്‍ ഇരുപത്തിമൂന്ന് വര്‍ഷം പ്രിന്‍സിപ്പാള്‍ ആയിരുന്നു. ഹദീസിന്റെയും ഖുര്‍ആനിന്റെയും കര്‍മ ശാസ്ത്രത്തിന്റെയും എല്ലാ മേഖലകളും തന്മയത്വത്തോടെ കൈകാര്യം ചെയ്തിരുന്ന ഈ മഹാ ഗുരുവില്‍ നിന്ന് നിരവധി പേര്‍ ബിരുദമെടുത്തു.
മഹാപണ്ഡിതരില്‍ നിന്ന് വിജ്ഞാനം സ്വീകരിക്കുകയും നിരവധി ശിഷ്യരെ സൃഷ്ടിക്കുകയും ചെയ്ത ഈ മഹാനുഭാവന്‍ 1964 ഡിസംബര്‍ മാസത്തില്‍ പരലോകം പുല്‍കി.
പ്രധാന ശിഷ്യന്മാര്‍
ശൈഖ് മുഹമ്മദ് ഇദരീസ് കാന്തഹ്‌ലവി, ശൈഖ് അബ്ദുല്‍ ശുക്കൂര്‍ കാമില്‍ഫുരി, ശൈഖ് അസ്അദുല്ലാഹ് സഹാറന്‍ഫൂരി, ശൈഖ് മുഹമ്മദ് യുസുഫ് കാന്തഹ്‌ലവി, ശൈഖ് അല്‍ മുഫ്തി ജമില്‍ അഹ്മദ് തഹാനവി, ശൈഖ് മുഹമ്മദ് ആശിഖ് ഇലാഹി.