അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ആക്ഷേപങ്ങളെ ഭയക്കാത്ത കര്‍മയോഗി. തടസങ്ങളെ കഴിവ് കൊണ്ട് തരണം ചെയ്ത ധീര പോരാളി. ഹദീസിലും കര്‍മ ശാസ്ത്രത്തിലും ഉള്ള പാണ്ഡിത്യത്താല്‍ സമകാലികരില്‍ ഉന്നതന്‍ എന്ന് ഖ്യാതി നേടിയ മഹാന്‍. ജനങ്ങള്‍ക്ക് നേര്‍വഴി കാണിച്ച് ശബ്ദമുയര്‍ത്തിയ ഉജ്വല വാഗ്മി. മത വിഷയങ്ങളില്‍ യുക്തവും പ്രമാണ ബദ്ധവുമായ മറുപടികള്‍ നല്‍കിയ മഹാപണ്ഡിതന്‍. ഇതായിരുന്നു അല്ലാമാ അല്‍ മുഫ്തി മഹ്മൂദ്.
1909-ലാണ് ജനനം. നാട്ടില്‍ അന്നുണ്ടായിരുന്ന മദ്രസകളില്‍ നിന്നും പിതാവില്‍ നിന്നും അറബിഭാഷയുടെയും ഇസ്‌ലാമിക വിജ്ഞാനങ്ങളുടെയും ആദ്യ കവാടങ്ങള്‍ തുറന്ന അദ്ദേഹം പിന്നീട് മുറാദാബാദിലെ ജാമിഅതുല്‍ ഖാസിമിയ്യയില്‍ ചേര്‍ന്നു. അവിടെ വെച്ച് ശൈഖ് ഫഖ്‌റുദ്ദീന്‍ മുറാദാബാദിയില്‍ നിന്ന് ഹദീസ് പരിജ്ഞാനം നേടുകയും 1948-ല്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്തു.
പഠനം പൂര്‍ത്തിയാക്കിയ ശേഷം അധ്യാപനമാരംഭിച്ച മുഫ്തി മുഹമ്മദ് വിവിധ പാഠശാലകളില്‍ സേവനമനുഷ്ഠിച്ചു. അവസാനം മുള്‍ട്ടാനിലെ ജാമിഅതു ഖാസിമുല്‍ ഉലൂമില്‍ അധ്യാപകനായി തെരഞ്ഞെടുക്കപ്പെടുകയും പ്രിന്‍സിപ്പാളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. വിവിധ വിഷയങ്ങളില്‍ അഗാധമായ അിറവിനുടമയാണെങ്കിലും ഏറ്റവും പ്രധാനമായി ശൈഖ് അധ്യാപനം നടത്തിയിരുന്നത് ഹദീസ് വിജ്ഞാനീയങ്ങളിലായിരുന്നു. 'ഖാസിമുല്‍ ഉലൂമി'ലെ ശൈഖുല്‍ ഹദീസും മുഫ്തിയുമായിരുന്ന അദ്ദേഹം ദീനിന്റെ മറ്റു മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ജാമിഅഃ ഖാസിമുല്‍ ഉലൂമിലെ പ്രിന്‍സിപ്പാളായിരിക്കെത്തന്നെ അദ്ദേഹം അതിനു പുറമെ വഹിച്ചിരുന്ന ജോലികളും ഉത്തരവാദിത്വങ്ങളും ഭാരിച്ചതായിരുന്നു. സര്‍ഹിന്ദ് പദവിയും നേതൃസ്ഥാനവും ലഭിച്ച അദ്ദേഹം അവിടെ ഇസ്‌ലാമിനെ ഉണര്‍ത്തുകയും മതത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന് ലഭിച്ച അടുത്ത ചുമതല പാകിസ്താനില്‍ ഇസ്‌ലാമിക-അറബി വിദ്യാലയങ്ങള്‍ സ്ഥാപിക്കലായിരുന്നു. ഈ ദൗത്യം ഭംഗിയായി നിര്‍വഹിച്ച മുഫ്തി മുഹ്മൂദ് മരണം വരെ അതില്‍ ശ്രദ്ധ ചെലുത്തുകയും വിവിധ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. അദ്ദേഹം ഏറ്റെടുത്ത മതപരമായ ദൗത്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു സത്യനിഷേധികളായ ഖാദിയാനികള്‍ക്കെതിരായ പോരാട്ടം, തന്റെ സുഹൃത്ത് ശൈഖ് മുഹമ്മദ് യൂസുഫ് അല്‍ബനൂരിയുമൊത്ത് ഖാദിയാനികളെ തകര്‍ത്തെറിഞ്ഞ അദ്ദേഹം, പാകിസ്താന്‍ പാര്‍ലമെന്റില്‍ ഖാദിയാനികള്‍ ഇസ്‌ലാമിന് പുറത്താണെന്ന് സ്ഥാപിക്കുകയും ചെയ്തു.
ഒരേ സമയം വിവിധ വിഷയങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഇദ്ദേഹം, ഹദീസ് വിഷയത്തിലെ കര്‍മ ശാസ്ത്ര നിലപാടുകള്‍ പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെ കറാച്ചിയില്‍ വെച്ച് നിര്യാതനായി.