Skip to main content

നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവി

ഇന്ത്യയില്‍ നബിചര്യ പ്രചരിപ്പിക്കുന്നതില്‍ അത്ഭുതകരമായ വളര്‍ച്ചയാണ് ശൈഖ് നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിയുടെ പരിശ്രമഫലമായുണ്ടായത്. ജീവിതം മുഴുവന്‍ അദ്ദേഹം നീക്കിവെച്ചത് എഴുത്ത് കൊണ്ടും പ്രബോധനം കൊണ്ടും സുന്നത്തിനെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ്. ഹിജ്‌റ 1220ന് (ക്രി. 1799) ബിഹാര്‍ പ്രവിശ്യയില്‍പ്പെട്ട 'സൂരജ് ഘട്ടി'ലാണ് അദ്ദേഹം ജനിച്ചത്. എന്നാല്‍ അറിവിനോടുളള ആകാംക്ഷ അടങ്ങാതെയായപ്പോള്‍ അദ്ദേഹം ഗ്രാമം വിട്ട് യാത്രകളാരംഭിച്ചു. 'പാറ്റ്‌ന'യിലെ അസീമാ ബാദിലെ പണ്ഡിതരില്‍ നിന്നും അറിവിന്റെ മധു നുകര്‍ന്ന ശേഷം അദ്ദേഹം തന്റെ പ്രിയ ഗുരുക്കളായ ശാഹ് ഇസ്മാഈല്‍ അദ്ദഹ്‌ലവിയുടെയും സയ്യിദ് അഹ്മദ്ബിന്‍ അര്‍ഫാന്റെയും ആശീര്‍വാദത്തോടു കൂടി ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. 

അവിടെ വെച്ച് മുപ്പത് വര്‍ഷം മഹാപണ്ഡിതന്‍ ശൈഖ് ഇസ്ഹാഖ് അദ്ദഹ്‌ലവിയുടെ കൂടെ സഹവസിച്ചു. ആ സഹവാസം ശൈഖ് നദീര്‍ ഹുസൈനെ പാണ്ഡിത്യത്തിലും ശ്രേഷ്ഠതയിലും അഗ്രഗണ്യനാക്കി.  ശൈഖ് ഇസ്ഹാഖ് ഉംറക്ക് പുറപ്പെട്ട വേളയില്‍ അദ്ദേഹത്തിന്റെ പഠന സദസ്സുകള്‍ ശൈഖ് നദീര്‍ ഹുസൈനെ ഏല്പിച്ചു. ഹി. 1258 (1837) ലായിരുന്നു ഇത്.  അതിനുശേഷം 'സ്വാഹിബു മിയാന്‍'  എന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടു.  ഈ നാമം ശാഹ്‌വലിയുല്ലാഹ് അദ്ദഹ്‌ലവിയുടെ കുടുംബത്തിലെ പണ്ഡിതന്മാര്‍ക്ക് മാത്രം ലഭിക്കുന്ന സ്ഥാനപ്പേരായിരുന്നു. പിന്നീട് ഇദ്ദേഹം അധ്യാപനത്തിലും ഉദ്‌ബോധനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.  മതവിഷയങ്ങളില്‍ ആധികാരികമായ ഫത്‌വയും (മതവിധി) അദ്ദേഹം നല്‍കി.  എല്ലാ മേഖലയിലും കലകളിലുമുള്ള പാഠ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു, പ്രത്യേകിച്ചും കര്‍മശാസ്ത്രത്തിലും അടിസ്ഥാന ആദര്‍ശങ്ങളിലുമുള്ളവ. 

ആദ്യ കാലത്ത് ഫിഖ്ഹിനോടുണ്ടായിരുന്ന (കര്‍മശാസ്ത്രം) അദ്ദേഹത്തിന്റെ താല്പര്യം പിന്നീട് ഖുര്‍ആനിലേക്കും ഹദീസിലേക്കും മാറി. രചനാ രംഗത്തും പ്രതിഭാ വൈഭവമുണ്ടായിരുന്ന ശൈഖ് നദീര്‍ ഹുസൈന്‍ തന്റെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചത് വാമൊഴിയിലായിരുന്നത് കൊണ്ട് വലിയ ഗ്രന്ഥ രചനകള്‍ക്ക് അദ്ദേഹത്തിന് സാധിച്ചില്ല. ഇതില്‍ തന്നെ ഫതാവാ അന്നദീരിയ്യ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ ഫത്‌വകള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ്.  മുപ്പത്തിയേഴോളം ഗ്രന്ഥങ്ങളുള്ള ആ മഹാത്യാഗി ഹിജ്‌റ 1320ല്‍ (ക്രി. 1899) ഇഹലോക വാസം വെടിഞ്ഞു.

പ്രധാന ഗ്രന്ഥങ്ങള്‍

الفاوى النذيرية , معيار الحق , إجتهاد و تقليد , الحياة بعد الممات
 

Feedback