Skip to main content

മുഹമ്മദ് ഇഅ്‌സാസ് അലി

തഫ്‌സീറിലും ഹദീസിലും അറബ് സാഹിത്യങ്ങളിലും കര്‍മ ശാസ്ത്ര വിഷയങ്ങളിലും അഗാധമായ അറിവും കഴിവും ഒത്തു ചേര്‍ന്ന മഹാഗുരുവായിരുന്നു ശൈഖുല്‍ അദബ് മുഹമ്മദ് ഇഅ്‌സാസ് അലി.

മുറാദാബാദില്‍ ഹിജ്‌റ - 1300ല്‍ (1879) ജനനം.  ശാജഹാന്‍ഫൂരിലെ ഹാഫിദ്വ് ശരീഫുദ്ദീനില്‍ നിന്ന് ഖുര്‍ആനും പിതാവില്‍ നിന്ന് പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളിലെ അടിസ്ഥാന ഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കി.  ശേഷം അറബിയിലെയും പേര്‍ഷ്യനിലെയും ചില പുസ്തകങ്ങള്‍ കൂടി പഠിച്ച് ഇദ്ദേഹം ദാറുല്‍ ഉലൂം ദയൂബന്ദിലെത്തി.  അവിടെ നിന്ന് മീററ്റിലേക്ക് യാത്രയായ ശൈഖ് മുഹമ്മദ് ഇഅ്‌സാസ് അലി മീററ്റിലെ വിദ്യാലയങ്ങളില്‍ നിന്നും അറിവ് കരസ്ഥമാക്കി.  വീണ്ടും ദാറുല്‍ ഉലൂം ദയൂബന്ദിലെത്തിയ ശൈഖ്, ഖുര്‍ആനും ഹദീസും തഫ്‌സീറും സാഹിത്യങ്ങളും പഠിച്ചെടുത്തു. അല്‍മുഫ്തി അസീസ് റഹ്മാന്‍ ഉഥ്മാനിയില്‍ നിന്ന് ഫത്‌വാ (മതവിധി) യിലും അവഗാഹം നേടി ഹിജ്‌റ 1320ല്‍ (1899) ബിരുദം കരസ്ഥമാക്കി. പഠനം പൂര്‍ത്തിയാക്കിയ ശേഷം ശൈഖ് ഇഅ്‌സാസ് അലി അധ്യാപനത്തില്‍ മുഴുകി.  ബിഹാറിലെ ബഗല്‍പൂരില്‍ 'മദ്‌റസതു നുഅ്മാനിയ്യ'യില്‍ ഏഴു വര്‍ഷവും പിന്നീട് അഫ്ദുലുല്‍ മദാരിസില്‍ മൂന്നു വര്‍ഷവും ജോലി ചെയ്തു.  ഘി. 1330ല്‍ (1909) ദാറുല്‍ ഉലും ദയൂബന്ദില്‍ അധ്യാപകനായി നിയമിക്കപ്പെടുകയും ഹദീസും കര്‍മ ശാസ്ത്രവും സാഹിത്യവും പഠിപ്പിക്കുകയും ചെയ്തു.  സാഹിത്യത്തിലും കര്‍മശാസ്ത്രത്തിലും ഉളള നൈപുണ്യം കാരണം 'ശൈഖുല്‍ അദബിവല്‍ ഫിഖ്ഹ്' എന്ന് വിളിക്കപ്പെട്ടു.  ദീര്‍ഘമായ 44 വര്‍ഷം ദാറുല്‍ ഉലുമില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹം 1345 (1924)ല്‍ ഫത്‌വാ (മതവിധി) വിഭാഗത്തില്‍ എത്തുകയും അവിടത്തെ മേധാവിയാവുകയും ചെയ്തു.

ഏറെ പ്രഗല്ഭരായ മഹാപണ്ഡിതരില്‍ നിന്ന് വിദ്യ അഭ്യസിക്കുകയും, കഴിവുളള ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കുകയും, ബൃഹത്തായ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത ആ മഹാപണ്ഡിതന്‍ ഹിജ്‌റ - 1374 (1953) റജബ് പതിമൂന്നിന് ഇഹലോക വാസം വെടിഞ്ഞു. ദയൂബന്ദിലെ മഖ്ബറതുല്‍ വാസിമിയ്യയില്‍ മറമാടി.


പ്രധാന ശിഷ്യന്മാര്‍

അല്‍ മുഫ്തി മുഹമ്മദ് ശഫീഅ് ദയൂബന്ദി, ശൈഖ് അല്‍ഖാരി മുഹമ്മദ് ത്വയ്യിബ് ഖാസിമി, ശൈഖ് ഹിഫ്ദു റഹ്മാന്‍ സയൂഹാറവി, ശൈഖ് മുഹമ്മദ് മന്‍ദ്വൂര്‍ നുഅ്മാനി, ശൈഖ് സഈദ് അഹ്മദ് അകബറാബാദി, ശൈഖ് അല്‍ മുഫ്തി അതീഖുറഹ്മാന്‍ ഉഥ്്മാനി.

പ്രധാന ഗ്രന്ഥങ്ങള്‍

نور الإيضاح, كنز الدقائق , مفيد الطالبين, ديوان المتنبي , ديوان الحماسة , كتاب الزواجر, محمود رواية 
     

Feedback