Skip to main content

മുഹമ്മദ് ഹസന്‍ അമൃതസരി

ക്ഷമയുടെയും സഹനത്തിന്റെയും ഭക്തിയുടെയും ആള്‍ രൂപമായിരുന്നു മഹാപണ്ഡിതനായ മുഫ്തി മുഹമ്മദ് ഹസന്‍ അമൃത്‌സരി. അദ്ദേഹത്തിന്റെ കാലിനേറ്റ മുറിവില്‍ വിഷബാധയുണ്ടായതിനാല്‍ അത് മുറിച്ച് കളയാന്‍ ഭീഷഗ്വരന്മാര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു.  അദ്ദേഹം അനുവാദം നല്‍കി.  വേദനയറിയാതെ കാല്‍ മുറിച്ചു മാറ്റിയെടുക്കാന്‍, ബോധം മറയ്ക്കാനുള്ള മരുന്നുമായി തന്റെ അടുത്തെത്തിയ ഡോക്ടറോട് അദ്ദേഹം പറഞ്ഞത് ''ദൈവ സ്മരണയില്‍ നിന്ന് ഒരു നിമിഷം പോലും വിട്ടുനില്‍ക്കാന്‍ എനിക്കാവില്ല' എന്നായിരുന്നു.

ക്രി: 1878 ല്‍ മല്‍പൂറിലാണ് ശൈഖ് ഹസന്‍ അമൃതസരി ഭൂജാതനാവുന്നത്.  ആ നാട്ടിലെ പ്രശസ്ത പണ്ഡിതനും മതസേവകനുമായിരുന്ന പിതാവ് ' അത്വാഉല്ലാഹിയില്‍' നിന്ന് പരിശുദ്ധ ഖുര്‍ആനും അറബി ഭാഷയിലെ പ്രാഥമിക പാഠങ്ങളും കരസ്ഥമാക്കിയ ശൈഖ് അമൃതസരി, പിന്നീട് വിവിധ ഗുരുക്കന്മാരില്‍ നിന്ന് നഹ്‌വും സ്വറഫും പേര്‍ഷ്യന്‍ ഭാഷയും പഠിച്ചു.  എന്നാല്‍ അറബി ഭാഷാ പഠനവും ഇസ്‌ലാമിക പഠനവും അദ്ദേഹം പൂര്‍ത്തിയാക്കുന്നത് അമൃത്‌സറിലെ മദ്‌റസതുല്‍ ഗസ്‌ന വിയ്യയില്‍ വെച്ചാണ്.  ശേഷം ഹകീമുല്‍ ഉമ്മ അശ്‌റഫ് അലി തഹാനവിയില്‍ നിന്നും ദയൂബന്ദ് ജാമിഅതുല്‍ ഇസ്വാമിയ്യയില്‍ നിന്നും തജ്‌വീദും ഖിറാഅതും ഹദീസ് വിജ്ഞാനങ്ങളും പഠിക്കാനിരുന്നു.

പഠനം പൂര്‍ത്തിയാക്കുകയും ഓരോ വിഷയത്തിലും പ്രാവീണ്യം നേടുകയും ചെയ്ത അദ്ദേഹം പിന്നീട് അധ്യാപനത്തിനായി ഒഴിഞ്ഞിരുന്നു. അമൃതസറിലെ മദ്‌റസതു നുഅ്മാനിയ്യയില്‍ അധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം നാല്പത് വര്‍ഷം അവിടെ തുടര്‍ന്നു.  സുബ്ഹ് നമസ്‌കാരത്തിന് ശേഷം ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും പഠിപ്പിക്കുക പതിവാക്കി. മുപ്പത് വര്‍ഷം ഇന്ത്യയിലും 10 വര്‍ഷം പാകിസ്താനിലുമായിരുന്നു അത്.

1947 ല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ ശൈഖ് പാകിസ്ഥാനിലേക്ക് പോവുകയും 1945 ല്‍ ലാഹോറില്‍ 'ജാമിഅതുല്‍ അശ്‌റഫിയ്യ' സ്ഥാപിക്കുകയും ചെയ്തു.  അറിവും ഭക്തിയും ഒത്തു ചേര്‍ന്ന ആ മഹാമനീഷി 1961 ല്‍ നാഥനിലേക്ക് യാത്രയായി.

പ്രധാന ഗുരുനാഥന്‍മാര്‍

അല്‍ഖാദ്വി മുഹമ്മദ് നൂര്‍
അല്‍ ഖാദ്വി ജൗഹറുദ്ദീന്‍
ശൈഖ് മുഹമ്മദ് മഅ്‌സ്വും
ഹകീമുല്‍ ഉമ്മ അശ്‌റഫ് അലി തഹാനവി
മുഹമ്മദ് അന്‍വര്‍ ശാഹ് കാശ്മീരി     
 

Feedback