സ്വന്തം ജീവനേക്കാളേറെ പ്രവാചകനെ സ്നേഹിച്ചിരുന്ന അന്‍സ്വാരി. തിരുനബി തന്റെ നാട്ടിലേക്ക് വരുന്നത് എന്നും പ്രതീക്ഷയോടെ കാത്തിരുന്നയാള്‍. പക്ഷേ കാത്തിരുന്ന ആ നിമിഷം വരുന്നതിന് മുമ്പ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
ബറാഉബ്നു മുഅ്‌റൂര്‍ മനസ്സും ശരീരവും ഇസ്‌ലാമിന് അടിയറവെച്ചിരുന്നു. വിശുദ്ധ കഅ്ബക്ക് അഭിമുഖമായി നിന്ന് നമസ്‌കരിച്ച ആദ്യത്തെ മുസ്ലിമായിരുന്നു ബറാഅ്. മദീനയിലെ തല മുതിര്‍ന്ന നേതാക്കളില്‍പെട്ട ഒരാളായ അദ്ദേഹം ഖസ്‌റജ് ഗോത്രക്കാരനായിരുന്നു.
നബിയുടെ പ്രത്യേകദൂതനായി മദീനയിലെത്തിയ മുസ്അബ്ബുനു ഉമൈറിന്റെ സദസ്സില്‍ താല്‍പര്യപൂര്‍വ്വമിരുന്ന് ഇസ്ലാമിലേക്കെത്തിയ ബറാഅ്ബ്‌നു മുഅ്‌റൂര്‍ പ്രവാചകനെ കാണാനുള്ള തീക്ഷ്ണമായ ആഗ്രഹം ഉള്ളിലൊതുക്കി കാത്തിരിക്കുകയായിരുന്നു.
മുശ്‌രിക്കുകളായ നാട്ടുകാരോടൊപ്പം ഹജ്ജ് ചെയ്യുവാന്‍ അന്‍സ്വാരികള്‍ മക്കയിലേക്ക് യാത്രയായി. സംഘത്തിലെ ഒരംഗമായിരുന്നു ബറാഅും. യാത്രപുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞു. 'കൂട്ടുകാരേ എനിക്കൊരു അഭിപ്രായമുണ്ട്. വിശുദ്ധ കഅ്ബക്ക് പുറംതിരിഞ്ഞ് നിന്നുകൂടെന്നും അതിലേക്ക് മുന്നിട്ട് നമസ്‌കരിക്കണമെന്നുമാണ് എന്റെ അഭിപ്രായം'. എന്നാല്‍ കൂടെയുള്ളവര്‍ അതിനോട് യോജിച്ചില്ല. ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞാണ് മുസ്‌ലിംകള്‍ അക്കാലത്ത് നമസ്‌കരിച്ചിരുന്നത്.
എന്നാല്‍ മറ്റുള്ളവരുടെ എതിര്‍പ്പ് വകവെക്കാതെ ബറാഅ് കഅ്ബയിലേക്ക് തിരിഞ്ഞാണ് യാത്രയിലുടനീളം നമസ്‌കരിച്ചിരുന്നത്. മക്കയിലെത്തിയ അവര്‍ പ്രവാചകനെ കണ്ട് ഇക്കാര്യം അറിയിച്ചു. പുണ്യകഅ്ബയിലേക്ക് തിരിഞ്ഞാണ് നമസ്‌കരിച്ചതെന്ന് പറഞ്ഞപ്പോള്‍ 'താങ്കള്‍ ഖിബ്‌ലയുടെ നേരെയായിരുന്നു, അല്‍പം കാത്തിരുന്നുവെങ്കില്‍' എന്നാണ് തിരുമേനി അതിന് മറുപടി നല്‍കിയത്. തുടര്‍ന്ന് റസൂലിന്റെ ഖിബ്‌ലയിലേക്ക് തന്നെ ബറാഅ് മടങ്ങുകയും ചെയ്തു.
ഹജ്ജ് കഴിഞ്ഞതിനുശേഷം അഖബാ ഉടമ്പടിക്കായി മദീനയില്‍ നിന്ന് വന്നവര്‍ പ്രവാചകന്റെയടുത്തേക്കെത്തി. പിതൃവ്യന്‍ അബ്ബാസുബ്്‌നു അബ്ദില്‍ മുത്തലിബിന്റെ കൂടെ വന്ന പ്രവാചകന്‍ പിതൃവ്യന്റെ സംസാരത്തിനു ശേഷം തുടര്‍ന്നു: 'നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും കാത്തുസൂക്ഷിക്കുന്നതുപോലെ എന്നെ നിങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന് ഞാന്‍ നിങ്ങളോട് ഉടമ്പടി ചെയ്യുന്നു'.
ഉടനെ ബറാഅ് പ്രവാചകന്റെ കൈപിടിച്ച് പറഞ്ഞു: 'അതേ, അങ്ങയെ സത്യവുമായി നിയോഗിച്ചവനാണ് സത്യം, ഞങ്ങളുടെ സ്ത്രീകളെ കാത്തുസൂക്ഷിക്കുന്നതുപോലെ അങ്ങയെ ഞങ്ങള്‍ കാത്തുസൂക്ഷിക്കും. അതുകൊണ്ട് അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളോട് ഉടമ്പടി ചെയ്താലും.'
അനുയായികള്‍ക്ക് നേതൃത്വം നല്‍കാന്‍ പന്ത്രണ്ട് പേരെ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നിര്‍ദേശിച്ചുതരണമെന്ന് പ്രവാചകന്‍ പറഞ്ഞു. അതുപ്രകാരം പന്ത്രണ്ടുപേരെ നിര്‍ദേശിച്ച കൂട്ടത്തില്‍ ബറാഉമുണ്ടായിരുന്നു. ശേഷം തലവന്‍മാരെ നോക്കി പ്രവാചകന്‍ പറഞ്ഞു: 'നിങ്ങളുടെ ജനങ്ങള്‍ക്ക് നിങ്ങള്‍ രക്ഷാധികാരികളാണ്. ഈസബ്‌നു മര്‍യമിനുവേണ്ടി ഹവാരിയ്യുകള്‍ രക്ഷാധികാരം വഹിച്ചതുപോലെ എന്റെ ജനങ്ങള്‍ക്ക് ഞാനും രക്ഷാധികാരിയാണ്'. തുടര്‍ന്ന് ആദ്യമായി നബിയുടെ കൈപിടിച്ച് പ്രതിജ്ഞ ചെയ്തത് ബറാഅ്ബ്‌നു മഅ്‌റൂറാണ്. പിന്നീട് മറ്റുള്ളവരും പ്രതിജ്ഞയെടുത്തു.
പ്രവാചകന്‍ മദീനയിലെത്തുന്ന ദിവസം കാത്തിരിക്കാന്‍ തുടങ്ങി ബറാഅ്. അങ്ങനെ ഓരോരുത്തരായി മക്കയില്‍ നിന്ന് മദീനയിലെത്തിത്തുടങ്ങി. അവരെയെല്ലാം സന്തോഷത്തോടെ സ്വീകരിക്കുമ്പോഴും ബറാഅിന്റെ കണ്ണുകള്‍ പ്രവാചകനെ അന്വേഷിക്കുകയായിരുന്നു. എന്താണ് പ്രവാചകന്‍ എത്താത്തത്!
ഒരുദിവസം സംസാരിച്ചിരിക്കുന്നതിനിടയില്‍ പെട്ടെന്ന് അദ്ദേഹത്തിനൊരു തളര്‍ച്ച വന്നു. കഠിന പനിയും. സുഖവിവരമറിയാന്‍ വന്നവരോടും കുടുംബാംഗങ്ങളോടും തന്റെ വസ്വിയ്യത്ത് അദ്ദേഹം പറഞ്ഞു. സ്വത്തിന്റെ മൂന്നിലൊന്ന്് അദ്ദേഹം റസൂലിന് വസ്വിയ്യത്ത് ചെയ്തു. തന്റെ ഖബ്ര്‍ കഅ്ബയുടെ നേര്‍ക്കായിരിക്കണമെന്നതായിരുന്നു മറ്റൊന്ന്.
ബറാഅ് മരണപ്പെട്ടു. വസ്വിയ്യത്ത് പാലിക്കപ്പെട്ടു. നബി മദീനയിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ബറാഇന്റെ ഖബര്‍ സന്ദര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് തനിക്ക് മൂന്നിലൊന്ന് ഭാഗം വസ്വിയ്യത്ത് ചെയ്തത് അദ്ദേഹത്തിന്റെ അവകാശികള്‍ക്ക് തന്നെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പിതാവ്: മഅ്‌റൂറുബ്‌നു സഖര്‍. ഖസ്‌റജ് ഗോത്രത്തിലെ ബനൂസലമക്കാരന്‍. മരണം നബിയുടെ ഹിജ്‌റയ്ക്ക് ഒരു മാസം മുമ്പ്.