ഖൈബര്‍ കീഴടക്കി മുസ്‌ലിം സേന മദീനയിലേക്ക് തിരിച്ചു. വല്ലാത്തൊരു ആശ്വാസം കളിയാടിയ മുഖങ്ങളുമായി മദീനയണഞ്ഞപ്പോള്‍ അവര്‍ കേട്ടത് മറ്റൊരു ആമോദ വാര്‍ത്ത. 13 വര്‍ഷം മുമ്പ് അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയ ജഅ്ഫറും കൂട്ടരും തിരിച്ചെത്തിയിരിക്കുന്നു!.
വിവരമറിഞ്ഞ ദൂതര്‍(റ) തന്റെ പിതൃവ്യപുത്രനെ തെരഞ്ഞു. ജഅ്ഫറി(റ)നെ കണ്ടതും അവിടുന്ന് അദ്ദേഹത്തെ മാറോടണച്ചു പിടിച്ച് ഇരു കണ്‍പോളകളിലും മാറിമാറി ഉമ്മവെച്ചു. സന്തോഷത്താല്‍ ആ നാലു നയനങ്ങളും നനഞ്ഞു.
''ഖൈബറിലെ വിജയമോ ജഅ്ഫറിന്റെ മടങ്ങി വരവോ, ഏതാണ് തന്നെ കൂടുതല്‍ ആഹ്ലാദിപ്പിക്കുന്നതെന്ന് എനിക്കറിയുന്നില്ല'' തിരുനബി പറഞ്ഞു. ജഅ്ഫറിന്റെ പത്‌നി അസ്മ(റ)യെ അഭിവാദ്യം ചെയ്ത നബി(സ്വ) അവരുടെ മൂന്നുമക്കളെയും തന്നിലേക്ക് ചേര്‍ത്തുപിടിച്ച് ക്ഷേമങ്ങളാരായുകയും ചെയ്തു.
നബി(സ്വ)യുടെ പിതൃവ്യന്‍ അബൂത്വാലിബിന്റെയും ഫാത്തിമബിന്‍ത് അസദി(റ)ന്റെയും മകനും അലി(റ)യുടെ സഹോദരനുമാണ് ജഅ്ഫര്‍(റ). നബി(സ്വ) ജനിച്ച് 20 വര്‍ഷം കഴിഞ്ഞാണ് ജഅ്ഫറിന്റെ ജനനമുണ്ടായതെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. സുന്ദരനായ ജഅ്ഫറി(റ)ന് നബി(സ്വ)യുടെ അതേ മുഖഛായയായിരുന്നു.
അബുല്‍മസാകീന്‍, ദുല്‍ജനാഹൈന്‍ എന്നീ പേരുകളില്‍ ജീവിതകാലത്തും മരണശേഷവും അറിയപ്പെട്ട ജഅ്ഫര്‍(റ) അഗതികളുടെ ആശ്രയവുമായിരുന്നു. പിതൃവ്യന്‍ അബ്ബാസി(റ)ന്റെ സംരക്ഷണത്തിലായിരുന്നു കൗമാരക്കാലത്ത്. ഭാര്യ അസ്മാഅ്ബിന്‍ത് ഉമൈസ്(റ). മക്കള്‍: അബ്ദുല്ല, മുഹമ്മദ്, ഔന്‍.
ആദ്യകാലത്ത് തന്നെ ഇസ്‌ലാം സ്വീകരിച്ച ഈ ദമ്പതികള്‍ ഖുറൈശികളുടെ മര്‍ദ്ദനം സഹിക്കാനാവാതെ ഹിജ്‌റപോയവരില്‍ പ്രഥമ കുടുംബമാണ്. ജഅ്ഫര്‍(റ)ന്റെ നേതൃത്വത്തില്‍ എത്തിയ അഭയാര്‍ത്ഥികളെ അബ്‌സീനിയയിലെ നജ്ജാശി രാജാവ് ഹൃദ്യമായി സ്വീകരിച്ചു. എന്നാല്‍ മുസ്‌ലിംകളെ മക്കയിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യവുമായി ഖുറൈശി പ്രതിനിധി അംറുബ്‌നൂല്‍ ആസ്വ് നജ്ജാശിയെ വന്നുകണ്ടു. ജഅ്ഫര്‍(റ)നെ വിളിച്ച് നജ്ജാശി കാര്യങ്ങളാരാഞ്ഞു. ഇസ്‌ലാമിനെയും പ്രവാചകനെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള ജഅ്ഫര്‍(റ)ന്റെ സുന്ദരമായ വിവരണവും ഖുര്‍ആന്‍ പാരായണവും ശ്രവിച്ച നജ്ജാശിയും കൊട്ടാര പുരോഹിതന്മാരും കരഞ്ഞുപോയി. ഇതോടെ ഖുറൈശി പ്രതിനിധികള്‍ ഇളിഭ്യരായി മടങ്ങി.
ഇരുപത്തിയേഴാം വയസ്സില്‍ പലായനം ചെയ്ത ജഅ്ഫര്‍ പതിമൂന്ന് വര്‍ഷത്തെ അബിസീനിയ വാസത്തിന് ശേഷമാണ് മദീനയിലേക്ക് മടങ്ങിയത്. തിരിച്ചെത്തിയപ്പോള്‍ തിരുനബി സന്തോഷിച്ചതും അതുകൊണ്ടുതന്നെ. നജ്ജാശി രാജാവിന്റെ മനം മാറ്റിയത് ജഅ്ഫര്‍ ആണെന്ന് പറയാം.
ജഅ്ഫര്‍(റ)ന്റെ മദീനയിലെ സന്തുഷ്ട ജീവിതത്തിന് രണ്ട് വര്‍ഷം മാത്രമേ ആയുസ്സുണ്ടാ യിരുന്നുള്ളൂ. ഹുദൈബിയ സന്ധിയും നബി(സ്വ)യുടെ ഉംറയും കഴിഞ്ഞതിന് പിന്നാലെയാണ് മുഅ്ത യുദ്ധം വന്നത്. ഖസാന്‍കാരെയും അവരെ സഹായിക്കുന്ന സീസറിനെയും എതിരിടലായിരുന്നു ലക്ഷ്യം. മുവ്വായിരം പേരടങ്ങുന്ന സൈന്യത്തിന് മൂന്ന് നായകരെ നിശ്ചയിച്ചു. രണ്ടാമനായിരുന്നു ജഅ്ഫര്‍(റ).
ഒരു ലക്ഷത്തോളം വരുന്ന ശത്രുസൈന്യത്തെ കണ്ട് മുസ്‌ലിം സൈന്യം സ്തബധരായി. എന്നാല്‍ രക്തസാക്ഷ്യമോ വിജയമോ, രണ്ടിലൊന്ന് കൊതിച്ച് അവരിറങ്ങി. രൂക്ഷമായ പോരാട്ടത്തില്‍ ആദ്യ നായകന്‍ സൈദുബ്‌നുഹാരിസ രക്തസാക്ഷിയായി. രണ്ടാമത് പതാകയേന്തിയ ജഅ്ഫര്‍(റ) വീരമൃത്യുവരിച്ചു. മൂന്നാമത്തെ നായകന്‍ അബ്ദുല്ലാഹിബ്‌നു റവാഹ(റ)യും അതേ വഴി പിന്തുടര്‍ന്നു. പിന്നീട് നായകസ്ഥാനം ഏറ്റെടുത്ത ഖാലിദ്(റ) സൈന്യത്തെ തന്ത്രപൂര്‍വ്വം പിന്‍വലിക്കുകയായിരുന്നു.
മരണവിവരം അറിയിക്കാന്‍ ജഅ്ഫറി(റ)ന്റെ വീട്ടിലെത്തുമ്പോള്‍ ദൂതരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. ജഅ്ഫറി(റ)ന്റെ മക്കളെ അടുത്ത് വിളിച്ച് അവിടുന്ന് മാറോടണച്ച് വിതുമ്പി. അസ്മാഇ(റ)ന് കാര്യം മനസ്സിലായി. അവരും കരയാന്‍ തുടങ്ങി. അപ്പോള്‍ നബി(സ്വ) പറഞ്ഞു '' അസ്മാഅ്, ചെഞ്ചായമണിഞ്ഞ ചിറകുകളുമായി ജഅ്ഫര്‍ സ്വര്‍ഗത്തിലൂടെ പറക്കുന്നത് ഞാന്‍ കണ്ടു''.