അന്‍സാരീ നേതാവായ സഅ്ദുബിന്‍ ഉബാദ മദീനയിലെ ഖസ്‌റജ് ഗോത്രത്തിന്റെ നേതൃസ്ഥാനം അലങ്കരിച്ചയാളാണ്. ഇസ്ലാമിന്റെ ആദ്യഘട്ടത്തില്‍ തന്നെ സത്യവിശ്വാസം സ്വീകരിച്ച സഅ്ദ് അഖബ ഉടമ്പടിയില്‍ പങ്കെടുക്കുകയും നബിതിരുമേനിക്കൊപ്പം ആദ്യഘട്ടത്തില്‍ തന്നെ പ്രവര്‍ത്തനരംഗത്തെത്തുകയും ചെയ്തു.
അഖബ ഉടമ്പടി രഹസ്യമായി പര്യവസാനിച്ച ശേഷം അന്‍സാരികള്‍ മടക്കയാത്ര ആരംഭിച്ചപ്പോള്‍ സഅ്ദിന്റെ ജീവിതത്തില്‍ മറ്റു അന്‍സാരികള്‍ക്കൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്തൊരു പരീക്ഷണം സംഭവിച്ചു. മക്കയിലെ മുസ്്‌ലിംകളെ രക്ഷിച്ച് മദീനയിലെത്തിക്കാന്‍ അന്‍സാരികള്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത ഖുറൈശികളുടെ ചെവിയിലെത്തിയതോടെ മടങ്ങിപ്പോകുന്ന അന്‍സാരികളെ പിടികൂടാന്‍ ഖുറൈശികള്‍ തീരുമാനിച്ചു. സഅദ് ബിന്‍ ഉബാദയെയാണ് അവര്‍ക്ക് പിടികിട്ടിയത്. കൈകള്‍ പിരടിയിലേക്ക് വലിച്ചുകെട്ടി അദ്ദേഹത്തെ മക്കയിലേക്ക് കൊണ്ടുവന്നു ജനങ്ങള്‍ക്ക് മുമ്പിലിട്ടുകൊടുത്തു. ജനം അദ്ദേഹത്തെ മര്‍ദിക്കുകയും തോന്നിയ ഉപദ്രങ്ങളൊക്കെ ഏല്‍പിക്കുകയുംചെയ്തു.
സ്വന്തം നാട്ടില്‍ മഹത്തായ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിക്ക് അക്രമത്തിനിരയാകുന്ന ഏതാനും പേരെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ മറ്റൊരു നാട്ടില്‍ ക്രൂരമര്‍ദനമേല്‍ക്കേണ്ടി വരികയെന്നത് ഏറെ പരിതാപകരമാണ്. താന്‍ പലപ്പോഴായി ഇവരിലെ മുശ്‌രിക്കുകളെയും സഹായിച്ചിട്ടുണ്ട്. ജുബൈര്‍ബിന്‍ മുത്ഇമ് ഹാരിസ്ബിന്‍ ഹര്‍ബിബിന്‍ ഉമയ്യ എന്നിവരെയും അവരുടെ കച്ചവട സംഘത്തെയും താന്‍ പലപ്പോഴായി ഇങ്ങനെ സഹായിച്ചിട്ടുണ്ടെന്ന വിവരം ചില മാന്യന്മാരെ ധരിപ്പിച്ചപ്പോഴാണ് പിന്നീട് മര്‍ദനത്തില്‍ നിന്ന് മോചനം ലഭിച്ചത്.
നിരായുധരും സമാധാനപ്രിയരുമായ ആളുകളോട് ഇവ്വിധമാണ് ഖുറൈശികള്‍ അക്രമം കാട്ടുന്നതെന്ന് നേരില്‍ ബോധ്യമായ സഅദ് പിന്നീട് അവരെ എത്രയും വേഗം രക്ഷിക്കണമെന്ന നിശ്ചയത്തോടെ മുസ്ലിംകളെ സഹായിക്കാന്‍ മുന്നോട്ടുവന്നു. ഇതുപ്രകാരം ആദ്യത്തില്‍ സ്വഹാബികളും പിന്നീട് നബിയും മദീനയില്‍ അഭയാര്‍ഥികളായെത്തി. മറ്റ് അന്‍സാരികള്‍ക്കൊപ്പം തന്റെ സ്വത്തും സൗകര്യങ്ങളുമെല്ലാം മുഹാജിറുകളായ സ്വഹാബികള്‍ക്ക് അദ്ദേഹം വീതിച്ചുനല്‍കി. ഇസ്ലാമിന്റെ മാര്‍ഗത്തില്‍ ധനവും സൗകര്യങ്ങളും ദാനം ചെയ്യുന്നതില്‍ അദ്ദേഹം എന്നും മികച്ചുനിന്നു. മറ്റു പല അന്‍സാരികളും എല്ലാ ദിവസവും രണ്ടും അതിലധികവും മുഹാജിരീ മുസ്ലിംകളെ വീട്ടിലേക്ക് അതിഥികളായി കൊണ്ടുപോകുമ്പോള്‍ സഅദ്ബിന്‍ ഉബാദ എണ്‍പത് പേരെയാണ് ദിനംപ്രതി വീട്ടിലേക്ക് കൊണ്ടുപോകാറുള്ളത്. ഇതുപോലെത്തന്നെയാണ് ദാനധര്‍മങ്ങളുടെ കാര്യത്തിലും. ഇക്കാരണം കൊണ്ടുതന്നെ അദ്ദേഹം പ്രാര്‍ഥിക്കുന്നത് ഇങ്ങനെയാണ്. ''അല്‍പം എനിക്ക് മതിയാവില്ല, നന്നായി ജീവിക്കാന്‍ എനിക്കത് പോരാ.'' എന്നായിരുന്നു. ''നിന്റെ അനുഗ്രഹങ്ങളും കാരുണ്യവും സഅദ് ബിന്‍ ഉബാദയുടെ കുടുംബത്തിന് നല്‍കേണമേ'' എന്ന് നബിതിരുമേനി അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കാറുണ്ടായിരുന്നു.
സമ്പത്തിന് പുറമെ തന്റെ ആരോഗ്യവും ശക്തിയും അദ്ദേഹം ദീനിനു വേണ്ടി ചെലവഴിച്ചു. വില്ലാളി വീരന്‍ കൂടിയായ ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ നിരവധി യുദ്ധങ്ങളില്‍ നബി പ്രയോജനപ്പെടു ത്തിയിരുന്നു. ഇബ്‌നു അബ്ബാസ് പറയുന്നു: ''എല്ലാ യുദ്ധങ്ങളിലും നബിതിരുമേനിക്ക് രണ്ട് ധ്വജവാഹകരുണ്ടാകുമായിരുന്നു. മുഹാജിറുകളുടെ കൊടി, അലിയ്യുബിന്‍ അബീത്വാലിബും അന്‍സ്വാരികളുടെത് സഅദ്ബിന്‍ ഉബാദയുമാണ് വഹിച്ചിരുന്നത്.''
തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. നേതൃഗുണത്തോടെ അദ്ദേഹം സ്വന്തം ജനതക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. ഹുനൈന്‍ യുദ്ധാനന്തരം യുദ്ധാര്‍ജിതസ്വത്ത് വീതം വെക്കുന്നത് സംബന്ധിച്ച് അന്‍സാരികള്‍ക്കിടയില്‍ പരാതി ഉയര്‍ന്നു. വിഷയം അതേവികാരത്തില്‍ നബിക്കു മുമ്പിലെത്തിച്ചത് സഅ്ദാണ്. യുദ്ധാര്‍ജ്ജിതസ്വത്തുക്കള്‍ പുതുമുസ്‌ലിംകള്‍ക്ക് കൂടുതല്‍ നല്‍കുകയും അന്‍സാരികളെ പാടെ അവഗണിക്കുകയും ചെയ്തുവെന്നുമായിരുന്നു പരാതി. എന്നാല്‍ ദീനില്‍ ഉറച്ചുനിര്‍ത്താന്‍ പുതുവിശ്വാസികള്‍ക്ക് അല്പം അധികം നല്‍കിയതാണെന്നും ധനം അവര്‍ക്കാണെങ്കിലും അല്ലാഹുവിന്റെ ദൂതന്‍ നിങ്ങള്‍ക്കൊപ്പമാണല്ലോ എന്ന നബിയുടെ സമാധാന വാക്കുകള്‍ക്ക് മുമ്പില്‍ അന്‍സാരികള്‍ ഒന്നടങ്കം ആശ്വാസം കണ്ടെത്തുകയായിരുന്നു. അമര്‍ഷം കൊണ്ട് വിവര്‍ണമായിരുന്ന അന്‍സ്വാരീ മുഖങ്ങളില്‍ പ്രവാചകന്റെ മറുപടി കുറിക്കു കൊണ്ടു. താടിരോമങ്ങള്‍ക്കിടയിലൂടെ കണ്ണുനീര്‍ ഉറ്റിവീഴുമ്പോള്‍ അന്‍സാരികള്‍ ഒന്നടങ്കം ഇങ്ങനെ ഉറക്കെ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതന്റെ വീതംവെയ്പ്പില്‍ ഞങ്ങള്‍ സംതൃപ്തരാണ്.''
മദീനയില്‍ ഖസ്‌റജുകള്‍ക്കിടയിലെ ബനൂസഈദ ഗോത്രത്തില്‍പ്പെട്ട സഅ്ദിന്റെ പിതാവ് ഉബൈദത്തുബിന്‍ ദുലൈമാണ്. ഖലീഫ ഉമറിന്റെ ഭരണകാലത്ത് സിറിയയിലേക്ക് പോയ സഅ്ദ് ബിന്‍ഉബാദ, ഹൂറാന്‍ എന്ന പ്രദേശത്ത് സ്ഥിരതാമസമാക്കുകയും അവിടെ മരണപ്പെടുകയും ചെയ്തു.
ദിവസങ്ങള്‍ കഴിഞ്ഞു. ചികിത്സയിലായിരുന്ന സഅ്ദുബ്‌നുമുആദും(റ) അന്ത്യായത്ര ചൊല്ലി, തിരുദൂതരുടെ മടിത്തട്ടില്‍ തലവെച്ച്.