സ്വന്തം നാട്ടുകാര്‍ക്ക് സത്യപ്രബോധനം എത്തിക്കാന്‍ പ്രവാചകന്റെ നിര്‍ദേശപ്രകാരം പുറപ്പെട്ടയാളാണ് അബൂ ഉമാമതല്‍ ബാഹിലി. വഴിയില്‍വെച്ച് ഭക്ഷണം തീര്‍ന്നതിനാല്‍ ദിവസങ്ങളോളം പട്ടിണികിടന്ന് യാത്രചെയ്യേണ്ടിവന്നു. വിശന്ന് തളര്‍ന്ന് നാട്ടിലെ ഒരു കുടുംബക്കാരന്റെ വീട്ടിലേക്ക് കയറിച്ചെന്നപ്പോള്‍ അവരവിടെ രക്തം ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സന്തോഷത്തോടെ വീട്ടുകാര്‍ ഉമാമയെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. കഠിന വിശപ്പുകൊണ്ട് വലഞ്ഞിരുന്നെങ്കിലും ആ ഭക്ഷണം കഴിക്കാന്‍ അദ്ദേഹം തയ്യാറില്ല. 'ഈ ഭക്ഷണം കഴിക്കരുതെന്ന് ഉപദേശിക്കാനാണ് ഞാന്‍ വന്നത്' എന്നാണദ്ദേഹം അപ്പോള്‍ അവരോട് പറഞ്ഞത്. ഇതാണ് അബൂ ഉമാമതല്‍ബാഹിലി. ജീവന്‍ നഷ്ടമായാലും സത്യമാര്‍ഗത്തില്‍ ഒരു ചാണ്‍ പോലും പിന്നോട്ടുമാറാത്ത നിലപാട്. അതുകൊണ്ടു തന്നെയാണ് അബൂ ഉമാമയോട് ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞത് 'താങ്കള്‍ എന്നില്‍പെട്ടവനാണ്, ഞാന്‍ താങ്കളില്‍പെട്ടവനും' എന്ന്.
പ്രഗത്ഭനായ ഒരു കുതിരപ്പടയാളിയായിരുന്നു അദ്ദേഹം. ഉഹ്ദ് രണാങ്കണത്തില്‍ പിന്‍മാറാതെ ധീരനായി പോരാടി പ്രവാചകന് സംരക്ഷകനായി ഉറച്ചുനിന്നപ്പോള്‍ അദ്ദേഹം പ്രവാചകനോട് പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, എനിക്ക് രക്തസാക്ഷിത്വം കിട്ടാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും'. പ്രവാചകന്‍ പ്രാര്‍ഥിച്ചത് 'അല്ലാഹുവേ ഇക്കൂട്ടരെ നീ രക്ഷപ്പെടുത്തുകയും ഇവരുടെ കയ്യാല്‍ ശത്രുക്കള്‍ക്ക് പരാജയമേല്‍പ്പിക്കുകയും ചെയ്യേണമേ എന്നാണ്.
പ്രവാചകന്‍ മരണപ്പെടുമ്പോള്‍ അബൂ ഉമാമ തന്റെ സമൂഹമായ ബനൂബാഹിലക്കാരുടെ പ്രദേശത്ത് പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. അതിനാല്‍ പ്രവാചകന്റെ മരണാനന്തര ചടങ്ങുകളില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
ചില ഗോത്രക്കാര്‍ ഇസ്ലാമില്‍നിന്ന് വിട്ടുപോയപ്പോഴും അബൂ ഉമാമയും അനുയായികളും സത്യമാര്‍ഗത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ അദ്ദേഹം അശ്രാന്തപരിശ്രമം നടത്തുകയും ചെയ്തു.
രണാങ്കണത്തിലും വിജ്ഞാനരംഗത്തും ഒരേപോലെ ശോഭിച്ചയാളായിരുന്നു അബൂ ഉമാമ. ഇരുനൂറ്റി എഴുപതോളം ഹദീസുകള്‍ അബൂഉമാമതുല്‍ ബാഹിലി പ്രവാചകനില്‍ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. ഈ രംഗത്ത് തികഞ്ഞ സത്യസന്ധതയും ആത്മാര്‍ഥതയും പുലര്‍ത്തിയിരുന്നു അദ്ദേഹം.
ശരിയായ പേര് സ്വുദബ്‌നു അജ്‌ലാന്‍. ഹിജ്‌റയുടെ ഇരുപത് വര്‍ഷം മുമ്പ് ജനിച്ച ഇദ്ദേഹം ബാഹില ഗോത്രക്കാരനായിരുന്നു. ഹിജ്‌റ 86ല്‍ 106 വയസില്‍ ഹിംസ്വില്‍ വെച്ചായിരുന്നു മരണം.