ഹിജ്‌റ ആറാം വര്‍ഷം. നബി(സ്വ) പ്രബോധന മേഖല വികസിപ്പിക്കാന്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി അറബികളും അനറബികളുമായ എട്ടു പ്രമുഖന്മാരെ ഇസ്‌ലാമിലേക്കു ക്ഷണിച്ച് കത്തെഴുതി. കൂട്ടത്തില്‍ ഒരാള്‍ ഹനീഫ ഗോത്രത്തലവനും യമാമയിലെ ഭരണാധിപനുമായ സുമാമതുബ്‌നു ഉസാല്‍ അല്‍ ഹനഫി ആയിരുന്നു. നബി(സ്വ)യുടെ കത്ത് അവജ്ഞയോടെ അദ്ദേഹം തള്ളിക്കളഞ്ഞു. സത്യത്തിന്റെ ശബ്ദം ചെവിക്കൊള്ളാന്‍ അയാളുടെ ദുരഭിമാനം സമ്മതിച്ചില്ല. മാത്രമല്ല, നബിയെ അപായപ്പെടുത്തി ഇസ്‌ലാമിക പ്രബോധനത്തെ കുഴിച്ചുമൂടാന്‍തന്നെ അദ്ദേഹം തീര്‍ച്ചപ്പെടുത്തി. അതിന്നായി സന്ദര്‍ഭം കാത്ത് പതുങ്ങി നടന്ന അദ്ദേഹത്തിന് ഒരു ദിവസം നബിയെ സൗകര്യത്തിന് കിട്ടി. അവസാന നിമിഷത്തില്‍, സുമാമയുടെ ഒരു പിതൃവ്യന്‍ പിന്തിരിപ്പിച്ചിരുന്നില്ലെങ്കില്‍ നബിയുടെ ശരീരത്തില്‍ ആയുധം വീണേനെ! അങ്ങനെ സുമാമയുടെ വധോദ്യമത്തില്‍നിന്ന് അല്ലാഹു തിരുമേനിയെ രക്ഷപ്പെടുത്തി.
നബിയെ വധിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചെങ്കിലും സുമാമ അടങ്ങിയിരുന്നില്ല. തിരുമേനിയുടെ അനുയായികളോടായി എതിര്‍പ്പ്. ചിലരെ അദ്ദേഹം പതിയിരുന്ന് ക്രൂരമായി കശാപ്പുചെയ്തു. തന്മൂലം, സുമാമയെ കാണുന്നേടത്തുവെച്ചു കൊല്ലാന്‍ നബി(സ്വ) അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി.
ആയിടക്കാണ് സുമാമ ഉംറക്ക് പുറപ്പെടുന്നത്. യമാമയില്‍ നിന്നു മക്കയിലേക്കുള്ള യാത്രാമധ്യേ മദീനക്കു സമീപം എത്തിയപ്പോള്‍ ഒരാപത്തില്‍പ്പെട്ടു. ശത്രുക്കളുടെ നീക്കം മനസ്സിലാക്കാന്‍ നബി(സ്വ) നിയോഗിച്ച കാവല്‍സേന അദ്ദേഹത്തെ പിടികൂടി മദീനയില്‍ കൊണ്ടുവന്ന് പള്ളിയുടെ തൂണില്‍ കെട്ടിയിട്ടു. അപരിചിതനായ ശത്രു എന്നതില്‍ കവിഞ്ഞ് അദ്ദേഹം ആരാണെന്ന് അവര്‍ക്ക് അറിഞ്ഞുകൂടായിരുന്നു. നബി(സ്വ) വന്ന് യുക്തമായ നടപടി സ്വീകരിക്കട്ടെ എന്നവര്‍ കരുതി.
പ്രവാചകന്‍(സ്വ) പള്ളിയില്‍ വന്നപ്പോള്‍ തൂണില്‍ ബന്ധിതനായ സുമാമയെ കണ്ടു.
ഇതാരാണെന്ന് അറിയാമോ?' അദ്ദേഹം അനുയായികളോട് പറഞ്ഞു: സുമാമതുബ്‌നു ഉസാല്‍! ഇയാളോട് മാന്യമായി പെരുമാറണം.'
നബി(സ്വ) വീട്ടില്‍ ചെന്ന് അവിടെയുള്ള ആഹാരങ്ങള്‍ ഒരുക്കൂട്ടി സുമാമക്കു കൊടുത്തയക്കാന്‍ ഭാര്യമാരോട് നിര്‍ദേശിച്ചു. നബിയുടെ ഒട്ടകത്തെ കറന്ന് കാലത്തും വൈകീട്ടും പാല്‍ എത്തിക്കാനും ഏര്‍പ്പാടു ചെയ്തു. അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തുകയോ എന്തെങ്കിലും സംസാരിക്കുകയോ ചെയ്യുന്നതിനു മുമ്പാണ് ഇതെല്ലാം ഏര്‍പ്പാടു ചെയ്തത്. അനന്തരം നബി(സ്വ) അദ്ദേഹത്തെ സമീപിച്ച് ചോദിച്ചു:
എന്തു പറയുന്നു. സുമാമാ?'
നല്ലത്... താങ്കള്‍ എന്നെ കൊല്ലുന്ന പക്ഷം ഞാന്‍ കൊലക്കര്‍ഹന്‍ തന്നെ. എനിക്ക് മാപ്പുതരുന്ന പക്ഷം തീര്‍ച്ചയായും ഞാന്‍ നന്ദിയുള്ളവനായിരിക്കും. അല്ല, താങ്കള്‍ക്കു പണം വേണമെങ്കില്‍ ചോദിക്കുന്നതു തരാം.
രണ്ടു ദിവസം നബി അദ്ദേഹത്തോട് സംസാരിക്കാന്‍ ചെന്നില്ല. ഭക്ഷണവും പാലും മുറക്ക് എത്തിച്ചുകൊണ്ടിരുന്നു. മൂന്നാം ദിവസം തിരുമേനി സമീപിച്ച് പഴയ ചോദ്യം ആവര്‍ത്തിച്ചു. സുമാമ മറുപടിയും ആവര്‍ത്തിച്ചു.
അന്നും നബി പിരിഞ്ഞുപോയി. പിറ്റേന്നു ചെന്ന് ആദ്യത്തെ ചോദ്യം തന്നെ ചോദിച്ചു. സുമാമ പഴയ മറുപടി ആവര്‍ത്തിച്ചു. തിരുമേനി അനുയായികളോട് ഇപ്രകാരം നിര്‍ദേശിച്ചു: സുമാമയെ കെട്ടഴിച്ചുവിടുക!'
മോചിതനായ അദ്ദേഹം പള്ളിയില്‍ നിന്നിറങ്ങി. കുറച്ചു ദൂരം പിന്നിട്ട്, ബഖീഇനടുത്തുള്ള ഈന്തപ്പനത്തോട്ടത്തില്‍ തന്റെ സവാരിമൃഗത്തെ കെട്ടി. അനന്തരം അരുവിയില്‍നിന്നു നന്നായി ദേഹശുദ്ധിവരുത്തി പള്ളിയില്‍ തിരിച്ചെത്തി. അവിടെയുണ്ടായിരുന്ന മുസ്‌ലിംകളുടെ സാന്നിധ്യത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു: 'അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് വഅശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു.' എന്നിട്ട് നബിയെ സമീപിച്ച് അദ്ദേഹം അറിയിച്ചു:
മുഹമ്മദ്! അല്ലാഹു സത്യം, താങ്കളുടെ മുഖത്തേക്കാള്‍ വെറുപ്പുള്ള മുഖം ഭൂമുഖത്ത് വേറെ എനിക്കുണ്ടായിരുന്നില്ല. ഇപ്പോള്‍ ആ മുഖം പോലെ എനിക്ക് പ്രിയങ്കരമായി മറ്റൊന്നില്ല. അല്ലാഹു സത്യം, താങ്കളുടെ മതത്തെപ്പോലെ അനിഷ്ടമായ മതം എനിക്കു വേറെയുണ്ടായിരുന്നില്ല. ആ മതം ഇപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. അല്ലാഹു സത്യം, താങ്കളുടെ നാട്ടിനെപ്പോലെ കുടുസ്സായ ഒരു നാട് എനിക്കുണ്ടായിരുന്നില്ല. ആ നാടിനെ ഞാനിപ്പോള്‍ മറ്റേതിനെക്കാളും സ്‌നേഹിക്കുന്നു. തുടര്‍ന്ന് അദ്ദേഹം ചോദിച്ചു: ഞാന്‍ അങ്ങയുടെ ചില അനുയായികളെ കൊലപ്പെടുത്തിയിട്ടുണ്ട്. അതിനു താങ്കളുടെ വിധി അറിയിച്ചാലും.'
സുമാമാ! താങ്കള്‍ കുറ്റക്കാരനല്ല. ഇസ്‌ലാം പൂര്‍വപാപങ്ങളെ മായ്ക്കുന്നു നബി പ്രഖ്യാപിച്ചു.
ആഹ്ലാദചിത്തനായ സുമാമ പറഞ്ഞു: അല്ലാഹു സത്യം, എന്റെ ശരീരവും അനുയായികളെയും താങ്കളുടെയും താങ്കളുടെ ദീനിന്റെയും രക്ഷക്കായി ഞാന്‍ നീക്കിവെക്കും. ഉംറക്കു വരുമ്പോഴാണ് തന്നെ പിടികൂടിയതെന്നും അതിനാല്‍ എന്തു വേണമെന്നും അദ്ദേഹം തുടര്‍ന്ന് അന്വേഷിച്ചു.
താങ്കള്‍ പോയി ഉംറ നിര്‍വഹിക്കണം. പക്ഷേ, അല്ലാഹുവിന്റെയും റസൂലിന്റെയും മുറയനുസരിച്ചാവണം. തുടര്‍ന്ന് ഉംറയുടെ ചടങ്ങുകള്‍ നബി അദ്ദേഹത്തെ പഠിപ്പിച്ചു.
സുമാമ പുറപ്പെട്ടു. മക്കയില്‍ കടക്കുമ്പോള്‍ അദ്ദേഹം ഉച്ചത്തില്‍ ചൊല്ലി. 'ലബ്ബൈകല്ലാഹുമ്മ ലബൈക്... ലബ്ബൈക ലാ ശരീക ലക ലബ്ബൈക്.... തല്‍ബിയത്ത് ചൊല്ലി മക്കയില്‍ പ്രവേശിച്ച ആദ്യ മുസ്‌ലിം സുമാമയാണ്.
ഖുറൈശികള്‍ക്ക് അത് പുത്തരിയായിരുന്നു. ഇസ്‌ലാമിന്റെ മുദ്രാവാക്യം മുഴക്കി തങ്ങളുടെ നാട്ടില്‍ കടന്നുവരാന്‍ ധൈര്യപ്പെട്ടവനെ നേരിടാനായി അവര്‍ ഊരിപ്പിടിച്ച വാളുമായി ശബ്ദം കേട്ട ഭാഗത്തേക്കോടി. അവരെ കണ്ടപ്പോള്‍ സുമാമ പൂര്‍വാധികം ഉച്ചത്തില്‍ തല്‍ബിയത്ത് ചൊല്ലി. ഇതിനിടയില്‍ ഒരു ഖുറൈശി യുവാവ് അദ്ദേഹത്തെ അമ്പെയ്ത് കൊല്ലാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ തടഞ്ഞു.
അബദ്ധം ചെയ്തുപോകരുത് അവര്‍ ശാസിച്ചു: സുമാമതുബ്‌നു ഉസാലാണത്. യമാമയിലെ ഭരണാധിപന്‍. ഇയാള്‍ക്കു വല്ലതും സംഭവിച്ചാല്‍ അനുയായികള്‍ ഭക്ഷണം തരാതെ നമ്മെ പട്ടിണിക്കിട്ട് കൊല്ലും.
വാളുകള്‍ ഉറയിലിട്ട് ഖുറൈശികള്‍ അനുനയത്തോടെ സുമാമയെ സമീപിച്ച് ചോദിച്ചു: അങ്ങയ്ക്ക് എന്തു പറ്റി? പൂര്‍വപിതാക്കളുടെ മതത്തില്‍ നിന്ന് അങ്ങ് വഴിതെറ്റിപ്പോയോ?
ഞാന്‍ വഴിപിഴച്ചിട്ടില്ല. ഉത്തമമായ ഒരു മതം-മുഹമ്മദിന്റെ മതം-സ്വീകരിക്കുകയേ ചെയ്തതുള്ളൂ. ഇത്രയും പറഞ്ഞ് സുമാമ അറിയിച്ചു: ഈ പുണ്യ ദേവാലയത്തിന്റെ നാഥനെ സാക്ഷ്യപ്പെടുത്തി ഞാന്‍ പറയുന്നു: ഞാന്‍ യമാമയില്‍ തിരിച്ചെത്തിയാല്‍ നിങ്ങള്‍ ഒന്നൊഴിയാതെ മുഹമ്മദിനെ പിന്തുടരുന്നതുവരെ ഒരു മണി ഗോതമ്പോ മറ്റു ഭക്ഷ്യപദാര്‍ഥങ്ങളോ നിങ്ങള്‍ക്ക് അയക്കുകയില്ല.
ഖുറൈശികള്‍ നോക്കിനില്‍ക്കെ, നബി പഠിപ്പിച്ച രീതിയില്‍ അദ്ദേഹം ഉംറ നിര്‍വഹിച്ചു. ബിംബങ്ങള്‍ക്കും പ്രതിഷ്ഠകള്‍ക്കും പകരം അല്ലാഹുവിന്റെ നാമത്തില്‍ മൃഗബലി നടത്തി. അനന്തരം നാട്ടിലേക്ക് മടങ്ങി. മേലില്‍ ഖുറൈശികള്‍ക്കു ഭക്ഷ്യവസ്തുക്കള്‍ അയക്കരുതെന്ന് അനുയായികളെ ഉപദേശിച്ചു. അവര്‍ ഒന്നടങ്കം അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ചതോടെ മക്കയിലേക്കുള്ള ഭക്ഷണനീക്കം പാടേ നിലച്ചു.
ഉപരോധം അനുദിനം ശക്തിപ്പെട്ടുവന്നതേയുള്ളൂ. ഭക്ഷ്യക്കമ്മിയും വിലക്കയറ്റവും ജനജീവിതത്തെ സാരമായി ബാധിച്ചു. അവസാനം പട്ടിണിയായി. ആഹാരം കിട്ടാതെ കിടാങ്ങള്‍ മരിച്ചൊടുങ്ങുമെന്ന ഘട്ടം വന്നപ്പോള്‍ ഖുറൈശികള്‍ നബിക്ക് എഴുതി: കുടുംബബന്ധം നിലനിര്‍ത്തുമെന്നും അതിനായി പ്രേരണ ചെലുത്തുമെന്നും താങ്കള്‍ ഞങ്ങള്‍ക്ക് വാക്കുതന്നതാണല്ലോ. ഇപ്പോള്‍ താങ്കളിതാ ഞങ്ങളോടുള്ള ബന്ധം തകര്‍ത്തിരിക്കുന്നു. പിതാക്കളെ വാളിനിരയാക്കുകയും ഞങ്ങളുടെ സന്താനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയുമാണ് താങ്കളിപ്പോള്‍ ചെയ്യുന്നത്. സുമാമതുബ്‌നു ഉസാല്‍ ഭക്ഷ്യോപരോധം ഏര്‍പ്പെടുത്തി ഞങ്ങളെ ശിക്ഷിക്കുകയാണ്. ഞങ്ങള്‍ക്കാവശ്യമായ ഭക്ഷ്യം അയക്കാന്‍ അയാള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിഞ്ഞാല്‍ നന്നായി.
നബി ഉപദേശിച്ചതനുസരിച്ച് സുമാമ ഉപരോധം നീക്കി. ദീനിനോട് തികഞ്ഞ കൂറുപുലര്‍ത്തിയും നബിയോട് ചെയ്ത വാഗ്ദാനം പാലിച്ചും സുമാമ ശേഷിച്ച കാലം ജീവിച്ചു. തിരുമേനിയുടെ വിയോഗത്തെ തുടര്‍ന്ന് മതഭ്രഷ്ടും അച്ചടക്കരാഹിത്യവും തലപൊക്കുകയും മുസൈലിമ എന്ന വ്യാജനബി ഇസ്‌ലാമിന്റെ നേരെ കൊടുങ്കാറ്റുപോലെ ആഞ്ഞടുക്കുകയും ചെയ്തപ്പോള്‍ സുമാമ സത്യപാതയില്‍ ഉറച്ചുനിന്നു.
സുമാമത് ബ്‌നു ഉസാല്‍ ബിന്‍ സല്‍മാന്‍ ബിന്‍ വാഇല്‍ ബിന്‍ സല്‍മാന്‍ ബിന്‍ റബീഅ ബിന്‍ സൈദ് ബിന്‍ നബീല്‍ എന്നാണ് പൂര്‍ണമായ നാമം. അറബ് നേതൃഗോത്രത്തില്‍പ്പെട്ട ബനൂ ഹനീഫയില്‍ സിഇ 623 നും 628 നുമിടയിലാണ് ജനനം. ഹിജ്‌റ എട്ടാം വര്‍ഷം മുഅ്ത യുദ്ധത്തിലും ഹുറൂബുരിദ്ദയിലും പങ്കെടുത്തു. മുര്‍തദ്ദുകള്‍ക്കെതിരെയുള്ള ഈ യുദ്ധം കഴിഞ്ഞു യമാമയിലേക്കു മടങ്ങവെ ബഹറൈനില്‍ വെച്ചു കൊല്ലപ്പെട്ടു.
രിജാലുന്‍ ഹൗലര്‍റസൂല്‍ -ഖാലിദ് മുഹമ്മദ് ഖാലിദ
അത്ത്വബഖാതുല്‍ കുബ്‌റാ -ഇബ്‌നു അസദ്
സിഫതുസ്സ്വഫ്‌വ -ഇബ്‌നുല്‍ ജൗസി
ഹയാതുസ്സ്വഹാബ -മുഹമ്മദ് യൂസുഫ് കാന്തഹ്‌ലവി
അല്‍ഇസ്തീആബ് ഫീമഅ്‌രിഫതില്‍ അസ്വ്ഹാബ് -ഇബ്‌നു അബ്ദിബ്ബ്
സാദുല്‍ മആദ് -ഇബിനുല്‍ ഖയ്യിം അല്‍ജൗസി
ഫീ ളിലാലില്‍ ഖുര്‍ആന്‍-സയ്യിദ് ഖുതുബ്
അല്‍മുസ്‌നദ് അഹ്മദുബ്‌നു ഹമ്പല്‍
വഫയാതുല്‍ അഅ്‌യാന്‍ -ഇബ്‌നു ഖല്ലികാന്‍
അല്‍ബിദായ വന്നിഹായ -ഇബ്‌നു കസീര്‍
മഅല്‍ അമ്പിയാ -അഫീഫ് അബ്ദുല്‍ഫത്താഹ് ത്വബ്ബാറ
അസ്സീറതുന്നബവിയ്യ -ഇബ്‌നു ഹിശാം
സുവറുന്‍ മിന്‍ ഹയാതിസ്സ്വഹാബ -ഡോ. അബ്ദുര്‍റഹ്മാന്‍ റഅ്ഫത്
അല്‍ അഅ്‌ലാമുല്‍ ഖാലിദീന്‍ -മുഹമ്മദ് അലി ഖുതുബ്
സീറതു ബത്വല്‍ -മുഹമ്മദ് ഹുസൈന്‍ സൈദാന്‍
ശുഹദാഉല്‍ ഇസ്‌ലാം -ഡോ. അലി സാമീ നശ്ശാര്‍
ഖുലഫാഉര്‍റസൂല്‍ -ഖാലിദ് മുഹമ്മദ് ഖാലിദ്