Skip to main content

അംറ് ബിൻ ആസ്വ്(റ)

തികഞ്ഞ യുദ്ധ തന്ത്രജ്ഞനും നിപുണനായ ഭരണാധികാരിയുമായിരുന്നു അംറുബ്‌നുല്‍ ആസ്വ്. മക്കാവിജയത്തിന് അല്പം മുമ്പാണ് അദ്ദേഹം ഇസ്ലാമില്‍ പ്രവേശിക്കുന്നത്. ഖുറൈശി പ്രമുഖരില്‍ ഒരാളായിരുന്ന അദ്ദേഹം അബ്‌സീനിയയിലേക്ക് ഇടക്കിടെ പോയി നജ്ജാശി രാജാവിന് പാരിതോഷികങ്ങള്‍ സമ്മാനിക്കാറുണ്ടായിരുന്നു. അംറിന്റെ ബുദ്ധിപരമായ കഴിവിലും മക്കയില്‍ സ്വജനങ്ങള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തിലും മതിപ്പുള്ള നജ്ജാശി അദ്ദേഹത്തെ ഇതുമൂലം ആദരിക്കുകയും ചെയ്തിരുന്നു. 

ഒരു സന്ദര്‍ശന വേളയില്‍ അറബ് അര്‍ധദ്വീപില്‍ തൗഹീദിന്റെ തത്വങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രവാചകനെകുറിച്ചുള്ള പരാമര്‍ശം വന്നു. അദ്ദേഹം ദൈവത്തിന്റെ സത്യദൂതനായിരിക്കെ അംറ് എന്തുകൊണ്ടാണ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തതെന്ന് നജ്ജാശി ചോദിച്ചു. ഇത് അംറിന്റെ ഹൃദയത്തില്‍ ആഴത്തില്‍ തറച്ചു. ''മുഹമ്മദ് അങ്ങ് പറയുന്ന തരത്തിലുള്ള ദൂതന്‍ തന്നെയാണോ'' അംറ് ചോദിച്ചു. നജ്ജാശി പറഞ്ഞു: ''അതേ, അംറ് ഞാന്‍ പറയുന്നത് പോലെ അദ്ദേഹത്തെ പിന്‍പറ്റണം. അദ്ദേഹത്തിന്റെ മാര്‍ഗം സത്യമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എതിരാളികളെ മുഴുവന്‍ അദ്ദേഹം ജയിച്ചടക്കാതിരിക്കില്ല.''

അംറ് ഉടന്‍ അബ്‌സീനിയയില്‍ നിന്ന് മദീനയിലേക്ക് കപ്പല്‍ കയറി. മുസ്ലിമാവുകയായിരുന്നു ലക്ഷ്യം. വഴിമധ്യേ ഇതേ മാനസികാവസ്ഥയിൽ നബിയെ കാണാനായി പോവുകയായിരുന്ന ഖാലിദ് ബ്നു വലീദിനെയും ഉസ്മാനു ബ്നു ത്വൽഹയെയും കണ്ടു. മൂവരെയും കണ്ട പ്രവാചകന്റെ തിരുമുഖം പ്രസന്നമായി. ''മക്ക സ്വന്തം കരളിന്റെ കഷ്ണങ്ങളെകൊണ്ട് നിങ്ങളെ എറിഞ്ഞിരിക്കുന്നു.'' തിരുദൂതര്‍ ശിഷ്യരെ നോക്കി പറഞ്ഞു. ആദ്യം ഖാലിദ് ബൈഅത്ത് ചെയ്ത് ശഹാദത്ത് ചൊല്ലി. തുടര്‍ന്ന് അംറ് ചെന്ന് ഇപ്രകാരം പറഞ്ഞു. 'അല്ലാഹുവിന്റെ ദൂതരേ, എന്റെ കഴിഞ്ഞകാല തെറ്റുകള്‍ അല്ലാഹു പൊറുത്തു തരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ അങ്ങയോട് ബൈഅത്ത് ചെയ്യുന്നു.'

തിരുദൂതര്‍ പറഞ്ഞു: 'അംറ് ബൈഅത്ത് ചെയ്യൂ. കഴിഞ്ഞ കാലതെറ്റുകള്‍ ഇസ്‌ലാം ദുര്‍ബലപ്പെടുത്തും.' 

അംറ് ബൈഅത്ത് ചെയ്ത് മുസ്ലിമായി. തുടര്‍ന്ന് തന്റെ ബുദ്ധിയും ധൈര്യവും ഇസ്ലാമിക സേവനത്തിനായി നീക്കിവെച്ചു. 

നേരത്തെ ഇസ്ലാമിനെയും മുസ്‌ലിംകളെയും കഠിനമായി ദ്രോഹിച്ചയാളായിരുന്നു അംറ് ബിന്‍ ആസ്വ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഖുറൈശികളുടെ അക്രമം സഹിക്കവയ്യാതെയാണ് ആദ്യം മുസ്്‌ലിംകള്‍ അബ്സീനിയായിലേക്ക് പലായനം ചെയ്യേണ്ടിവന്നത്. അവിടെയും ഖുറൈശികള്‍ വെറുതെയിരുന്നില്ല. പലായനം ചെയ്ത മുസ്ലിംകളെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് അബ്‌സീനിയയിലെത്തിയ ഖുറൈശി സംഘത്തില്‍ അംറ്ബിന്‍ ആസ്വ് ഉണ്ടായിരുന്നു. ഖുറൈശികളുടെ പീഡനം അസഹനീയമായപ്പോള്‍ ക്ഷമാലുവായ പ്രവാചകന്‍ ഇവര്‍ക്കെതിരെ ശിക്ഷയിറക്കാന്‍വരെ പ്രാര്‍ഥിക്കുന്ന അവസ്ഥയിലെത്തി. ഈ സമയത്ത് ഖുര്‍ആന്‍ ആയത്തിറങ്ങുകയും ശിക്ഷയും രക്ഷയും നല്‍കല്‍ അല്ലാഹുവിന്റെ അധികാരത്തില്‍ പ്പെട്ടതാണെന്നും നബിക്ക് ഇക്കാര്യത്തില്‍ യാതൊരു അധികാരവുമില്ലെന്നുമുള്ള ആശയത്തിലുള്ള ഖുര്‍ആന്‍ വചനമിറങ്ങി.

തുടര്‍ന്നാണ് അദ്ദേഹം നജ്ജാശി വഴി ഇസ്ലാമിലെത്തുന്നത്. പിന്നീട് വിശാലമായ ഈജിപ്തിന്റെ ഗവര്‍ണറാവുകയും ചെയ്തു. ഖുറൈശി പ്രമുഖനായിരുന്നതുപോലെ ഇസ്ലാമിലും അംറ് അധികാരസ്ഥാനത്തായിരുന്നു. മുഹമ്മദ് നബി മരണപ്പെടുമ്പോള്‍ അംറ് ഒമാനിലെ ഗവര്‍ണറായിരുന്നു. രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്ത് സിറിയന്‍ യുദ്ധങ്ങളിലും റോമന്‍ ആധിപത്യത്തില്‍ നിന്നുള്ള ഈജിപ്തിന്റെ വിമോചനപോരാട്ടത്തിലും പങ്കെടുത്ത അംറ് അസാമാന്യമായ യുദ്ധതന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്നയാളാണ്.

അധികാരത്തണലില്‍ ഏറെക്കാലം കഴിഞ്ഞ അംറ് ബിന്‍ ആസ്വിനെതിരെ ഖലീഫ ഉമറിന് ചില പരാതികളെല്ലാം ലഭിച്ചെങ്കിലും തല്‍സ്ഥാനത്തു നിന്ന് അംറിനെ ഉമര്‍(റ) മാറ്റിയില്ലെന്നത് അദ്ദേഹത്തില്‍ ഉമറിനുള്ള വിശ്വാസം തെളിയിക്കുന്നു. ഗവര്‍ണര്‍മാരുടെ ജീവിത നിലവാരം ബഹുജനത്തിന്റെ ജീവിത നിലവാരത്തിനു തുല്യമോ അതിലും താഴ്ന്നതോ ആയിരിക്കണമെന്നാണ് ഖലീഫ ഉമറിന്റെ നിലപാട്. എന്നാല്‍ അംറ് ബിന്‍ ആസ്വ് ആഡംബര ജീവിതം നയിക്കുന്നുവെന്ന പരാതി കിട്ടിയപ്പോള്‍ ഉമര്‍(റ) അദ്ദേഹത്തിന്റെ സ്ഥാവരജംഗമ സ്വത്തുക്കളുടെ കണക്കെടുക്കുയും അത് രണ്ടോഹരിയാക്കി ഭാഗിച്ച് ഒരു ഓഹരി അംറിനും മറ്റേ ഓഹരി പൊതുഖജനാവിലടക്കാനും ഉത്തരവിടുകയുമായിരുന്നു. 

ധൈര്യവും സാമര്‍ഥ്യവും കുശാഗ്ര ബുദ്ധിയും യുദ്ധതന്ത്രവും അംറു ബിന്‍ ആസ്വിന്റെ കൂടെപ്പിറപ്പായിരുന്നു. പല നിര്‍ണായക ഘട്ടങ്ങളിലും ഉമര്‍(റ) അംറിന്റെ സാമര്‍ഥ്യത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സിറിയയിലേക്ക് യുദ്ധത്തിനയച്ചപ്പോള്‍ റോമന്‍ സൈന്യത്തിന്റെ തലപ്പത്ത് ഇരിക്കുന്നത് വളരെ തന്ത്രജ്ഞനും ധീരനുമായ ഒരു പടനായകനാണെന്ന് ഒരാള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഖലീഫ ഉമറിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''നാം റോമന്‍ തന്ത്രശാലിക്ക് ഒരു അറബ് തന്ത്രശാലിയെയാണ് ഇറക്കിയത്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.'' അറബ് തന്ത്രശാലിയുടെ തന്ത്രം വിജയിക്കുയും റോമന്‍ പടത്തലവന്‍ തോല്‍വി സമ്മതിച്ച് ഈജിപ്തിലേക്ക് ഓടിപ്പോവുകയുമായിരുന്നു. എന്നാല്‍ അംറ് ഈജിപ്തില്‍ നിന്നും അയാളെ തുരത്തി ഈജിപ്തിലും ഇസ്ലാമിന്റെ വെന്നിക്കൊടി നാട്ടി.

റോമയുടെ ഈ പടത്തലവന്‍ ഒരിക്കല്‍ സംഭാഷണത്തിനെന്ന വ്യാജേന അംറ് ബിന്‍ ആസ്വിയെ സ്വന്തം കോട്ടയിലേക്ക് ക്ഷണിച്ചു. സംഭാഷണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മുകളില്‍ നിന്ന് വലിയ പാറക്കല്ലിട്ട് കൊലപ്പെടുത്താന്‍ പ്രത്യേകം ആളെ നിശ്ചയിച്ചായിരുന്നു പടത്തലവന്റെ ക്ഷണം.

അംറ് സംഭാഷണത്തിനായി കോട്ടയിലെത്തി. തിരിച്ചുപോരുമ്പോള്‍ മുകളില്‍ നിന്ന് അസാധാരണമായ ശബ്ദം ശ്രദ്ധിച്ച അദ്ദേഹം തന്ത്രപരമായ നീക്കത്തിലൂടെ രക്ഷപ്പെട്ടു. 

ഹിജ്‌റ 43ല്‍ ഈജിപ്തില്‍ ഗവര്‍ണറായിരിക്കെയാണ് അംറ് ബിന്‍ ആസ്വ് മരിക്കുന്നത്. മക്ക സ്വദേശിയായ ഇദ്ദേഹം ഖുറൈശികളിലെ ബനൂസഹ്മ് ഗോത്രക്കാരനാണ്. ആസ്വ് ബിന്‍ വാഇലാണ് പിതാവ്. 

 

Feedback