Skip to main content

സല്‍മാനുല്‍ ഫാരിസി(റ)

ഹിജ്‌റ അഞ്ചാം കൊല്ലം ഖന്‍ദഖ് യുദ്ധാവസരം. ഖുറൈശികളുടെയും ഗത്വ്ഫാന്‍ ഗോത്രക്കാരുടെയും സൈന്യങ്ങള്‍ പുറത്തുനിന്ന് മദീനയെ ആക്രമിക്കുമ്പോള്‍ ജൂതന്മാരായ ഖുറൈദ്വാ ഗോത്രക്കാര്‍ അകത്തുനിന്ന് മുസ്‌ലിംകളെ ആക്രമിക്കുക. അതായിരുന്നു യുദ്ധ തന്ത്രം. ഈ വിഷമസന്ധി നബിയെയും അനുയായികളെയും വ്യാകുലരാക്കി. സല്‍മാനുല്‍ ഫാരിസി എഴുന്നേറ്റു പോയി ഒരു കുന്നിന്‍ മുകളില്‍ കയറി മദീനയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് പരിശോധിച്ചു. ഒരിടത്ത് വിശാലമായ സമതല പ്രദേശമുണ്ട്.  സല്‍മാന്‍ പേര്‍ഷ്യയില്‍ വെച്ച് പഠിച്ച യുദ്ധരീതികളും തന്ത്രങ്ങളും അനുസരിച്ച് ഒരു പുതിയ മാര്‍ഗം നബിയുടെ മുമ്പില്‍ വെച്ചു. കിടങ്ങുകീറി സമതലപ്രദേശം ഭദ്രമാക്കുക എന്നതായിരുന്നു അത്. കിടങ്ങ് കുഴിച്ചിരുന്നില്ലെങ്കില്‍ മുസ്‌ലിംകളുടെ ഭാവി എന്താകുമായിരുന്നുവെന്നാണ് അല്ലാഹുവിനു മാത്രമേ അറിയൂ. ശത്രുക്കളുടെ എല്ലാ കണക്കുകൂട്ടലുകളെയും അത് തെറ്റിച്ചു. മദീനയില്‍ കാലെടുത്തുവെക്കാന്‍ കഴിയാതെ ഒരു മാസം അവര്‍ സ്വന്തം താവളങ്ങളില്‍ കഴിച്ചുകൂട്ടി. ഒടുവില്‍ ഒരുരാത്രി അല്ലാഹു ഇറക്കിയ ഉഗ്രമായ കൊടുങ്കാറ്റ് അവരുടെ തമ്പുകളെ നിശ്ശേഷം നശിപ്പിച്ചു. 

പാര്‍സി മതത്തില്‍ നിന്നും ക്രൈസ്തവമതത്തിലേക്കും അവസാനം ഇസ്‌ലാമിലേക്കും പരിവര്‍ത്തനം ചെയ്തതും, പിതാവിന്റെ സമ്പത്തും സമൃദ്ധിയും വെടിഞ്ഞ് ആത്മസംതൃപ്തിക്കായി നാടുവിട്ട താന്‍ അടിമക്കമ്പോളത്തില്‍ വില്‍ക്കപ്പെട്ടതും, ഒടുവില്‍ നബിയെ കണ്ട് ഇസ്‌ലാം മതം സ്വീകരിച്ചതുമായ അനുഭവകഥ ഇസ്ഫഹാനിലെ ജയ്യ് ഗ്രാമക്കാരനായിരുന്ന സല്‍മാനുല്‍ ഫാരിസി സ്‌നേഹിതന്‍മാര്‍ക്ക് വിവരിച്ചുകൊടുത്തു. 

സല്‍മാന്റെ ബുദ്ധിയെയും ജ്ഞാനത്തെയും എന്നപോലെ സ്വഭാവത്തെയും മതഭക്തിയെയും നബി പ്രശംസിച്ചു. ഖന്‍ദഖ് യുദ്ധാവസരത്തില്‍ സല്‍മാന്‍ ഞങ്ങളില്‍പെട്ടവനാണ് എന്ന് അന്‍സാരികളും അല്ല, ഞങ്ങളില്‍പ്പെട്ടവനാണ് എന്ന് മുഹാജിറുകളും അവകാശപ്പെട്ടപ്പോള്‍ നബി ഇരുകൂട്ടരോടുംവിളിച്ചു പറഞ്ഞു. സല്‍മാന്‍ ഞങ്ങളില്‍ (നബികുടുംബത്തില്‍)പ്പെട്ടവനാണ്. 

സ്വാതന്ത്ര്യം നേടിയശേഷം നബിയുടെ കൂടെ സമരയോദ്ധാവും ത്യാഗിയുമായി സല്‍മാനുല്‍ ഫാരിസി ജീവിച്ചു. അതിനു ശേഷം ഖലീഫ അബൂബക്‌റിന്റെയും ഉമറിന്റെയും ഒടുവില്‍ ഉസ്മാന്റെയും കൂടെ ജീവിച്ചു. ഉസ്മാന്റെ ഭരണകാലത്താണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. 

ഐശ്യര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും പ്രതാപത്തിന്റെ ഈ കാലഘട്ടത്തില്‍ വയോധികനായ സല്‍മാനുല്‍ ഫാരിസിയെ നാം കാണുന്നത് കുനിഞ്ഞിരുന്ന് ഈന്തപ്പന നാരു പിരിച്ച് കുട്ട മെടയുന്നതാണ്. മുട്ടോളം കയറിനില്‍ക്കുന്ന മുണ്ടുടുത്ത് ആര്‍ഭാടരഹിതനും വിരക്തനുമായി അദ്ദേഹം ജീവിച്ചു. പൊതുഖജനാവില്‍ നിന്ന് അദ്ദേഹത്തിനും കിട്ടി പ്രതിവര്‍ഷ സഹായധനം. നാലായിരത്തിനും ആറായിരത്തിനും ഇടയിലുള്ള ആ സംഖ്യയില്‍ നിന്ന് ഒരു വെള്ളിത്തുട്ടുപോലും സ്വന്തം ആവശ്യത്തിന് എടുത്തില്ല. അതു മുഴുവന്‍ അദ്ദേഹം ദാനം ചെയ്യുകയായിരുന്നു.  മദാഇനിലെ ഗവര്‍ണറായിരുന്നപ്പോഴും സല്‍മാന്റെ ഈ നിലപാടില്‍ അശേഷം മാറ്റം വന്നില്ല. തന്റെ വേതനത്തില്‍ ഒരു ദിര്‍ഹമും പറ്റാതെ കുട്ട മെടഞ്ഞുതന്നെ അദ്ദേഹം നാള്‍കഴിച്ചു. 

സല്‍മാനുല്‍ ഫാരിസി സ്വദേശം പേര്‍ഷ്യയിലെ ഇസ്ഫഹാന്‍. മരണം ഹി. 35ല്‍(ക്രി. 655).


 

Feedback