Skip to main content

സൈദ് ബിൻ സാബിത്(റ)

അബൂബക്ര്‍ സിദ്ദീഖ്(റ)ന്റെ ഭരണകാലത്ത് ഖുര്‍ആന്‍ സമാഹരിക്കപ്പെട്ടതിലൂടെയും ഉസ്മാനുബ്‌നു അഫ്ഫാന്‍(റ)ന്റെ കാലത്ത് മുസ്ഹഫുകള്‍ക്ക് ഏകീകൃത രൂപം നല്‍കിയതിലൂടെയും ലോകം എക്കാലവും സ്മരിക്കുന്ന നാമമാണ് സൈബ്ദുബ്‌നു സാബിത്(റ). ചെറുപ്രായത്തില്‍ പ്രവാചകന്റെ പടയാളികളില്‍ ഒരാളാവാന്‍ ആഗ്രഹിച്ചെങ്കിലും സൈദുബ്‌നു സാബിത് എത്തിച്ചേര്‍ന്നത് പാണ്ഡിത്യമേഖലയിലായിരുന്നു. ഖുര്‍ആനില്‍നിന്ന് പതിനഞ്ച് അധ്യായം മന:പാഠമാക്കി പ്രവാചകസന്നിധി യിലെത്തിയ സൈദിനെ പ്രവാചകന് ബോധ്യപ്പെടുകയും എഴുത്ത് അറിയാവുന്നതിനാല്‍ ഹിബ്രൂ ഭാഷ പഠിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

നബി(സ്വ)ക്കു വേണ്ടി ജൂതന്മാര്‍ക്ക് കത്തെഴുതിയിരുന്നതും അവരുടെ കത്തുകള്‍ വായിച്ചു കേള്‍പ്പിച്ചിരുന്നതും ഇദ്ദേഹമായിരുന്നു. സുറിയാനി ഭാഷകൂടി വശമാക്കിയ സൈദ് നബി(സ്വ)യുടെ ദ്വിഭാഷിയായി മാറി. അക്ഷരസ്ഫുടതയ്ക്കും ശബ്ദമാധുര്യത്തിനും പുറമെ ബഹുമുഖങ്ങളായ കഴിവുകളും പരിഗണിച്ച് ഖുര്‍ആന്‍ രേഖപ്പെടുത്തുന്ന ചുമതല കൂടി സൈദിനെ പ്രവാചകന്‍ ഏല്പിച്ചു. ഖുര്‍ആനിന്റെ ബാഹ്യവും ആന്തരികവുമായ സത്ത ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനായി. ഖുര്‍ആനില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ അദ്ദേഹമായിരുന്നു പ്രവാചകന്റെ വേര്‍പാടിന് ശേഷം ആ വിഷയത്തില്‍ മുസ്‌ലിം സമുദായത്തിന്റെ മുഖ്യാവലംബം.

ഖുര്‍ആന്റെ യുക്തിദീക്ഷയിലൂടെ പ്രതിസന്ധികളെ മറികടക്കാന്‍ സൈദുബ്‌നു സാബിതിന് സാധിച്ചു. നബി(സ്വ)യുടെ മരണശേഷം പിന്‍ഗാമിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ നയപരമായ തീരുമാനമെടുത്തതിന് പിന്നില്‍ അദ്ദേഹമായിരുന്നു.

നബിയുടെ ദീര്‍ഘകാല ശിഷ്യത്വവും അപാരമായ ഖുര്‍ആനിക ജ്ഞാനവും സൈദുബ്‌നു സാബിതിനെ മുസ്‌ലിംകളുടെ മുഴുവന്‍ ആശയ കേന്ദ്രമാക്കിത്തീര്‍ത്തു. വിഷമഘട്ടങ്ങളില്‍ ഖലീഫമാര്‍ക്ക് സഹായകമായി അനന്തരാവകാശ നിയമങ്ങളില്‍ ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി. ഈ വിഷയത്തില്‍ സൈദിനോളം കഴിവുള്ളവര്‍ മറ്റാരുമില്ലായിരുന്നു. 

''ഖുര്‍ആനെകുറിച്ച് ചോദിക്കാനുള്ളവര്‍ സൈദുബ്‌നുസാബിതിനെ സമീപിക്കട്ടെ, കര്‍മ ശാസ്ത്രത്തെ കുറിച്ച് ചോദിക്കാനുദ്ദേശിക്കുന്നവര്‍ മുആദുബ്‌നു ജബലിനെ സമീപിക്കട്ടെ'' എന്ന ഖലീഫ ഉമറിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം സൈദുബ്‌നുസാബിത്തിന്റെ ആധികാരികത സാക്ഷ്യപ്പെടുത്തുന്നു. പാണ്ഡിത്യത്തിന്റെ നഷ്ടം അദ്ദേഹത്തിന്റെ മരണത്തോടെ മുസ്‌ലിംകളില്‍ വേദനയുണ്ടാക്കി.
 

Feedback