തൗറാത്ത് വായിക്കുന്നതിനിടയില്‍, മുന്‍പ്രവാചകന്മാരുടെ ദൗത്യത്തെ പൂര്‍ത്തീകരിക്കുന്ന ഒരു ദൈവദൂതന്‍മക്കയില്‍ രംഗപ്രവേശം ചെയ്യാനുണ്ടെന്നുള്ളതും, ആ ദൂതന്റെ അടയാളങ്ങളും സവിശേഷതകളും ഏറെ ഉള്‍പ്പുളകത്തോടെ ആസ്വദിച്ചിരുന്ന ഒരു പുരോഹിതന്‍. ആ ആനന്ദമാധുരിമയില്‍ വാഗ്ദത്തദൂതനെ കാണാനും വിശ്വസിക്കാനും താന്‍ ജീവിച്ചിരിക്കണേ എന്ന് അതിയായ ആഗ്രഹിച്ച വ്യക്തി. ഹുസൈനുബ്‌നു സലാമിന്റെ ആ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു.
പ്രവാചകന്റെ നിയോഗം അറിഞ്ഞ ഉടനെ അദ്ദേഹത്തിന്റെ പേര്, തറവാട്, ലക്ഷണങ്ങള്‍, സ്ഥലം, കാലം എന്നിവ ശേഖരിക്കുകയും തന്റെ വേദപുസ്തകത്തില്‍ വന്ന പരാമര്‍ശങ്ങളോട് താരതമ്യം ചെയ്തു നോക്കുകയുമുണ്ടായി അദ്ദേഹം. ഒട്ടും സംശയമില്ലാത്ത വിധം പ്രവാചക സന്നിധിയിലെത്തുകയും മുസ്‌ലിമാവുകയും ചെയ്തു.
പ്രവാചകന്‍ ഹുസൈനുബ്‌നു സലാമിന്റെ പേര് അബ്ദുല്ലാഹിബ്‌നു സലാം എന്നാക്കി. അന്നു മുതല്‍ ആ പേരല്ലാതെ തനിക്കിനി വേറെ പേരുണ്ടാവുകയില്ലെന്ന് അദ്ദേഹം തൃപ്തി പ്രകടിപ്പിച്ചു.
മദീനയില്‍ സര്‍വ്വരാലും അംഗീകരിക്കപ്പെട്ട സത്യസന്ധനായ, വിവിധ ജാതി മതക്കാര്‍ ആദരിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ദിവസത്തെ മൂന്നായി ഭാഗിച്ച് ഒന്ന്, ദേവാലയത്തില്‍ പ്രാര്‍ഥനയും, മതോപദേശങ്ങള്‍ക്കും, മറ്റൊന്ന് സ്വന്തം തോട്ടത്തില്‍ കൃഷിക്കും മുന്നാം ഭാഗം തൗറാത്ത് വായിച്ച് മതജ്ഞാനം വര്‍ധിപ്പിക്കാനും ഇദ്ദേഹം നീക്കി വെച്ചിരുന്നു. അദ്ദേഹം തന്റെ കുടുംബത്തെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവരെല്ലാം വിശ്വസിച്ചു. ജൂതന്മാരെ അറിയിക്കാതെയായിരുന്നു അദ്ദേഹവും കുടുംബവും വിശ്വാസകാര്യങ്ങള്‍ നിര്‍വ്വഹിച്ചു പോന്നിരുന്നത്.
പിന്നീടൊരിക്കല്‍ അബ്ദുല്ലാഹിബ്‌നു സലാം നബിയുടെ അടുക്കല്‍ വന്ന് ''അല്ലാഹുവിന്റെ ദൂതരേ, ജൂതന്മാര്‍ കളവിന്റെയും അസത്യത്തിന്റെയും ജനതയാണ്, അവരുടെ നേതാക്കളെ അങ്ങ് ക്ഷണിച്ചു വരുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മതപരിവര്‍ത്തനം ചെയ്തത് അവര്‍ അറിയാതെ അവരെ ഇസ്‌ലാമിലേക്ക് വിളിക്കണം. ഞാന്‍ മുസ്‌ലിമായെന്നറിഞ്ഞാല്‍ അവര്‍ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നത് താങ്കള്‍ക്ക് ബോധ്യപ്പെടും'' എന്ന് ഉണര്‍ത്തിച്ചു.
പറഞ്ഞത് പ്രകാരം പ്രവാചകന്‍ ജൂതനേതാക്കളെ വിളിപ്പിച്ചു. ഹുസൈനുബ്‌നു സലാമിനുള്ള വലിയ പദവിയും മഹത്വവും അവര്‍ തുറന്നു പറഞ്ഞു. 'അദ്ദേഹം മുസ്‌ലിമായാല്‍ നിങ്ങള്‍ വിശ്വസിക്കുമോ' എന്ന ചോദ്യത്തിന് 'അദ്ദേഹം ഒരിക്കലും മുസ്‌ലിമാവുകയില്ല, അദ്ദേഹത്തിന് ദൈവത്തിന്റെ കാവലുണ്ട്' എന്ന മറുപടിയാണ് അവരില്‍ നിന്ന് ലഭിച്ചത്. ഉടന്‍ അബ്ദുല്ലാഹിബ്‌നു സലാം അവരില്‍ പ്രത്യക്ഷപ്പെടുകയും അവര്‍ വായിക്കുന്ന വേദഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന അന്ത്യപ്രവാചകനെക്കുറിച്ച് സൂചിപ്പിക്കുകയും ഞാന്‍ ആ പ്രവാചകനിലും ദൈവത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.ജൂതന്മാര്‍ ഒന്നടങ്കം ആക്രോശിച്ചു. -''നിന്നെപ്പോലെ കൊള്ളരുതാത്തവന്‍ വേറെയില്ല'' നീ കള്ളം പറയുന്നവനാണ്. നിന്റെ പിതാവും കൊള്ളരുതാത്തവനായിരുന്നു. തുടങ്ങിയ അധിക്ഷേപവാക്കുകള്‍ ഉച്ചരിച്ചു. ജൂതന്മാരുടെതനി നിറം അബ്ദുല്ലാഹിബ്‌നു സലാം പ്രവാചകന് ബോധ്യപ്പെടുത്തുകയായിരുന്നു ഈ സംഭവത്തിലൂടെ.
ദാഹിച്ചു വലഞ്ഞവന് വെള്ളം കിട്ടിയതു പോലെയായിരുന്നു അബ്ദുല്ലാഹിബ്‌നു സലാം എന്ന സ്വഹാബിക്ക് ഇസ്‌ലാം. ഖുര്‍ആന്‍ പഠനത്തില്‍ അദ്ദേഹം അതീവ താല്‍പര്യം പ്രകടിപ്പിച്ചു. സ്വര്‍ഗമുണ്ടെന്ന സന്തോഷവാര്‍ത്ത പ്രവാചകന്‍ അദ്ദേഹത്തിനു നല്കി.
ഇടതും വലതുമായി താന്‍ കണ്ട രണ്ട് വഴികളുടെ ഒരു സ്വപ്നത്തെപ്പറ്റി പ്രവാചകരോട് അബ്ദുല്ലാഹിബ്‌നു സലാം പങ്കുവെച്ചപ്പോള്‍ ഇടതു ഭാഗം കണ്ട വഴി നരകത്തിന്റെതാണെന്നും, വലതു ഭാഗം കണ്ട വഴി സ്വര്‍ഗത്തിന്റെതാണെന്നും, താങ്കള്‍ കണ്ട സമൃദ്ധവും മനോഹരവുമായ പൂന്തോട്ടം ഇസ്‌ലാമാണെന്നും അതിന്റെ മധ്യത്തിലുള്ള തൂണ്‍ ദീനിന്റെതൂണാണെന്നും പ്രവാചകന്‍ വിശദീകരിച്ചു. തൂണിലെ വട്ടക്കണ്ണി ഇസ്‌ലാമിന്റെ പാശമാണെന്നും മരിക്കുന്നതുവരെ താങ്കള്‍ അതില്‍ പിടിച്ചു കൊണ്ടിരിക്കും എന്നുമുള്ള സന്തോഷ വാര്‍ത്ത പ്രവാചകന്‍ അബ്ദുല്ലാഹിബ്‌നു സലാമിനെ അറിയിച്ചു.
മദീനയിലെ ബനൂഖൈനുഖാഅ് ഗോത്രത്തില്‍പെട്ടഅബ്ദുല്ലാഹിബ്‌നു സലാം ഹിജ്‌റ 43ല്‍ മദീനയില്‍ മരണപ്പെട്ടു.