ഒരേ സമയം മുഹാജിറും അന്‍സ്വാരിയുമായ സ്വഹാബിവര്യന്‍. പ്രവാചകന്റെ ശിഷ്യരില്‍ പ്രധാനി. ധീരനായ പോരാളി. ഇതെല്ലാമായിരുന്നു അബ്ബാസുബ്‌നു ഉബാദ.
മദീനക്കാരനായ അബ്ബാസ് കച്ചവട ആവശ്യത്തിനായി മക്കയില്‍ വരിക പതിവായിരുന്നു. ഒരിക്കല്‍ ഇതുപോലെ അഞ്ചുപേരോടൊത്ത് മക്കയില്‍ വന്ന സന്ദര്‍ഭത്തിലാണ് പ്രവാചകന്‍ അവരെ ഇസ്്‌ലാമിലേക്ക് ക്ഷണിച്ചത്. ഖുര്‍ആന്റെ ആശയ പ്രൗഢിയും പ്രവാചകന്റെ ഇടപെടലും അവരില്‍ മാനസാന്തരം വരുത്തി. അബ്ബാസുബ്‌നു ഉബാദയും കൂട്ടരും തിരിച്ച് മദീനയിലേക്ക് പോയത് പുതിയ മനുഷ്യരായിട്ടായിരുന്നു. നാട്ടിലെത്തി അവിടെ ഇസ്്‌ലാം മതപ്രബോധനത്തില്‍ മുഴുകി.
അടുത്ത വര്‍ഷം വീണ്ടും മക്കയിലെത്തിയപ്പോള്‍ കൂടെ വലിയൊരു സംഘവുമുണ്ടായിരുന്നു. തിരുമേനിയോട് രണ്ടാം പ്രതിജ്ഞ ചെയ്യാന്‍ രാത്രി അഖബയില്‍ കൂടിയ സംഘത്തില്‍ അബ്ബാസു മുണ്ടായിരുന്നു.
ഉടമ്പടിക്ക് ശേഷം നാട്ടിലെ സംഘത്തോടൊപ്പം അദ്ദേഹം തിരിച്ച് മദീനയിലേക്ക് തന്നെ പോയി പ്രബോധനത്തില്‍ ഏര്‍പ്പെട്ടു. പക്ഷേ അദ്ദേഹത്തിന് മാനസികമായ സന്തോഷം ലഭിച്ചില്ല. എന്തിന്റെയോ കുറവുള്ളതു പോലെ. പ്രവാചകന്റെ തിരുസന്നിധിയിലെത്താനുള്ള ആഗ്രഹം അദ്ദേഹത്തെ വീണ്ടും മക്കയിലേക്കെത്തിച്ചു. മദീനയിലെ സൈ്വരമായ ജീവിതത്തേക്കാള്‍ പ്രവാചകന്റെ കൂടെ ബുദ്ധിമുട്ടുനിറഞ്ഞ ജീവിതമാണ് അബ്ബാസ് ഇഷ്ടപ്പെട്ടത്. അങ്ങനെ പ്രവാചകന്റെ കൂടെ അറിവുകള്‍ ഏറെ നേടിയും ഖുറൈശികളില്‍ നിന്നുള്ള പീഡനങ്ങള്‍ സഹിച്ചും അദ്ദേഹം അവിടെ ജീവിച്ചു. പലായനത്തിന് അല്ലാഹു അനുമതി നല്‍കിയപ്പോള്‍ അദ്ദേഹവും മദീനയിലേക്ക് പോയി. അങ്ങനെ ഒരേ സമയം അദ്ദേഹം മുഹാജിറായി, അന്‍സ്വാരിയുമായി.
ബദ്ര്‍ യുദ്ധത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഉഹ്ദ് യുദ്ധ സംഘത്തില്‍ അബ്ബാസുബ്‌നു ഉബാദയുമുണ്ടായിരുന്നു. മലമുകളിലെ വില്ലാളികള്‍ വാക്കുതെറ്റിച്ച് താഴെയിറങ്ങിയപ്പോഴുണ്ടായ ശത്രുക്കളുടെ മിന്നലാക്രമണത്തില്‍ മുസ്ലിംകള്‍ ഛിന്നഭിന്നമായിപ്പോയ സന്ദര്‍ഭം. തിരിഞ്ഞോടുകയാണ് പലരും. ഈ സമയം ഉറച്ചു നിന്ന് പോരാടാന്‍ അദ്ദേഹം കൂടെയുള്ളവരോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം തന്റെ ഇരുമ്പുതൊപ്പിയും പടയങ്കിയും അഴിച്ചുവെച്ചു.
ഒടുവില്‍ സുഫ്‌യാനുബ്നു അബ്ദിശ്ശംസ് എന്ന മുശ്‌രിക്കിന്റെ വെട്ടേറ്റ് അദ്ദേഹം താഴെവീണു. ഈ സമയം അതുവഴി വന്ന സ്വഫ്‌വാനുബ്നു ഉമയ്യ എന്ന ശത്രുക്കളിലെ പ്രമുഖന്‍ അബ്ബാസിനെ തിരിച്ചറിഞ്ഞു. ചെറിയ ജീവന്‍ ബാക്കിയുണ്ടായിരുന്നു അപ്പോള്‍ അദ്ദേഹത്തില്‍. ഇവന്‍ മുഹമ്മദിന്റെ പ്രധാന ശിഷ്യന്‍മാരില്‍പെട്ടവനാണല്ലോ എന്ന് പറഞ്ഞ് അബ്ബാസിനെ കൊല്ലുകയും അവയവം ഛേദിക്കുകയും ചെയ്തു. ധീരമായി പോരാടി രക്തസാക്ഷിയായ അബ്ബാസുബ്്‌നു ഉബാദയുടെ വിളിപ്പേര് ഇബ്നു ഖൗഖല്‍ എന്നായിരുന്നു. പിതാവ് ഉബാദത്തുബ്‌നു നദ്‌ല. ഖസ്‌റജ് ഗോത്രം. മരണം ഹിജ്‌റ മൂന്നിന്.