ഈമാന്റെ പ്രകാശം കൊണ്ട് ശരീരം പ്രഭാപൂരിതമാക്കുകയും ഇസ്‌ലാമിന്റെ തത്വങ്ങള്‍കൊണ്ട് ഹൃദയം നിബിഡമാക്കുകയും ചെയ്ത ദരിദ്രനും മദീനയിലെ പള്ളിയില്‍ താമസക്കാരനുമായിരുന്ന സ്വഹാബി. ഇസ്‌ലാമിന്റെ 'അതിഥികള്‍' എന്നാണ് കുടുംബമോ സ്വത്തോ വാസസ്ഥലമോ ഇല്ലാത്ത ഇക്കൂട്ടര്‍ വിളിക്കപ്പെട്ടിരുന്നത്.
പ്രവാചകസ്‌നേഹം ഇദ്ദേഹത്തെ മറ്റൊന്നിലും താല്പര്യമില്ലാത്തവനാക്കി. പ്രവാചകന്റെ പരിചാരകനായി ജീവിച്ചു. നിഴലെന്നോണം പ്രവാചകനെ പിന്തുടര്‍ന്നു. ഇശാ നമസ്‌കരാം വരെ ഏതാവശ്യവും നിര്‍വ്വഹിച്ചുകൊടുത്ത് പ്രാവചകന് കൂട്ടിരുന്നു. റബീഅ ഒരിക്കല്‍ സ്വയം ചോദിച്ചു. 'റബീഅ എവിടെ പോകുന്നു? രാത്രി നബിക്ക് വല്ല ആവശ്യവും നേരിട്ടാല്‍ എന്തു ചെയ്യും?'' ഇതിന് ശേഷം നബിയുടെ വാതിലില്‍ തന്നെ രാത്രികാലവും കഴിച്ചുകൂട്ടി ആ നിസ്വാര്‍ഥ സേവകന്‍.
പ്രത്യുപകാരത്തില്‍ തത്പരനായ പ്രവാചകന്‍ റബീഅയോട് 'നിന്റെ ആവശ്യം പറയൂ, ഞാന്‍ നിറവേറ്റിത്തരാം' എന്ന് പറഞ്ഞു. ആലോചിച്ചിട്ട് മറുപടി പറയാമെന്ന് പറഞ്ഞ ആ ദരിദ്ര യുവാവ് അല്പം സാമ്പത്തിക സഹായത്തെപ്പറ്റിയാണ് ആദ്യം ആലോചിച്ചത്. ഉടന്‍ തന്നെ സമ്പത്തുകൊണ്ട് എന്ത് നേട്ടം എന്ന് ചിന്തിച്ച റബീഅ, അല്ലാഹുവിന്റെ ദൂതരേ സ്വര്‍ഗത്തില്‍ എന്നെ അങ്ങയുടെ കൂട്ടുകാരനാക്കാന്‍ അവിടുന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കണം' എന്നാവശ്യപ്പെട്ടു. 'സുജൂദ് വര്‍ദ്ധിപ്പിച്ച് ഇക്കാര്യത്തില്‍ എന്നെ നീ സഹായിക്കണം' എന്ന് പ്രവാചകന്‍ റബീഅയോട് നിര്‍ദ്ദേശിച്ചു. ആഹ്ലാദചിത്തനായ അദ്ദേഹം സ്വര്‍ഗത്തിലും പ്രവാചകന്റെ സേവകനാകാന്‍ ആരാധനകളില്‍ മുഴുകി.
ദരിദ്രനായ റബീഅക്ക് വിവാഹാന്വേഷണം നടത്തിയതും മഹ്ര്‍, വലീമ എന്നിവക്കാവശ്യമായത് കണ്ടെത്തിയതും പ്രവാചകനായിരുന്നു. ബനൂഅസ്‌ലം ഗോത്രത്തിലെ നേതാവ് ബൂറൈജതു ബ്‌നു ഖസ്വിയാണ് മഹ്‌റിനുള്ള സ്വര്‍ണ്ണവും വലീമക്കുള്ള ആടിനെയും നല്‍കിയത്. റൊട്ടിയുണ്ടാക്കാ നുള്ള ഗോതമ്പ് പ്രവാചകന്‍ നല്‍കി. വിവാഹാനന്തരം അബൂബക്ര്‍(റ)ന്റെ ഭൂമിയോട് ചേര്‍ന്ന് കുറച്ചു സ്ഥലം പ്രവാചകന്‍ റബീഅക്ക് നല്‍കി. തുടര്‍ന്ന് സാമ്പത്തികാഭിവൃദ്ധി നേടി.
ഒരു ഈന്തപ്പനയുടെ പേരില്‍ അബൂബക്ര്‍(റ)വും റബീഅയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രവാചക സന്നിദ്ധിയില്‍ വെച്ച് മാന്യമായ രീതിയില്‍ അത് പരിഹരിക്കുകയും ചെയ്തു.
കഅ്ബുബ്‌നു മാലിക്ബ്‌നി യഅ്മര്‍ ആയിരുന്നു റബീഅത്തുബ്‌നു കഅ്ബിന്റെ പിതാവ്. മക്കയിലെ അസ്‌ലം ഗോത്രം. 63ാം വയസ്സില്‍ റബീഅ മരണപ്പെട്ടു.