വിശ്വസിക്കുന്ന ആദര്‍ശത്തില്‍ ആത്മാര്‍ഥതയും ധീരതയും ആരുടെ മുന്നിലും പറയാനുള്ള ആര്‍ജവവും കാണിച്ചയാളാണ് അബ്ദുര്‍റഹ്മാന്‍. മുഹമ്മദ് നബിയുടെ പ്രഥമ അനുയായിയും ഏറ്റവും അടുത്ത കൂട്ടുകാരനും പ്രഥമ ഖലീഫയുമായ അബൂബക്ര്‍(റ)വിന്റെ മകനാണ് അബ്ദുര്‍റഹ്‌മാൻ . എന്നാല്‍ വര്‍ഷങ്ങളോളം അദ്ദേഹം മുശ്‌രിക്കുകള്‍ക്കൊപ്പമാണ് നിലയുറപ്പിച്ചത്. ബദ്റില്‍ മുശ്‌രിഖുകളുടെ വില്ലാളി വീരന്മാരിലൊരാള്‍ അബ്ദുര്‍റഹ്മാനായിരുന്നു.
യുദ്ധക്കളത്തിലേക്ക് ചാടിയിറങ്ങി ദ്വന്ദയുദ്ധത്തിന് മുസ്ലിംകളെ വെല്ലുവിളിച്ച അദ്ദേഹത്തെ നേരിടാന്‍ പിതാവ് അബൂബക്ര്‍ തയ്യാറായെങ്കിലും നബി തിരുമേനി അദ്ദേഹത്തെ വിലക്കുകയാണ് ചെയ്തത്. ആദര്‍ശത്തിന്റെ കാര്യത്തില്‍ മാത്രമേ പിതാവും മകനും വ്യത്യസ്ത ചേരിയിലുള്ളൂ. പിതാവിനെ ഏറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന അബ്ദുര്‍റഹ്മാന്‍, തന്റെ ആദര്‍ശ സംരക്ഷണത്തിനാണ് യുദ്ധക്കളത്തിലിറങ്ങിയത്. വ്യക്തിവൈരാഗ്യമോ സ്വാര്‍ഥതയോ അല്ല. ഉദ്ദേശ്യ ശുദ്ധിയുള്ളവര്‍ സത്യം മനസ്സിലാക്കിയാല്‍ സംശയിച്ച് നില്‍ക്കില്ലെന്നതിനാല്‍ അബ്ദുറഹ്മാന്‍ ഇസ്‌ലാമിലെത്തുമെന്ന് നബിക്ക് ബോധ്യമുണ്ടായിരുന്നിരിക്കണം.
ഹൃദയത്തില്‍ സത്യത്തിന്റെ പ്രകാശം വീണതോടെ അബ്ദുര്‍റഹ്മാന്‍ മുസ്ലിമായി. പൗരുഷത്തോടെ നബിക്കു മുന്നിലെത്തി അദ്ദേഹം കലിമ ചൊല്ലി. നബി തിരുമേനിക്ക് തന്റെ മകന്‍ കൈകൊടുത്ത് ബൈഅത്ത് ചെയ്യുന്ന രംഗം ആഹ്ലാദത്തിമിര്‍പ്പോടെ അബൂബക്ര്‍ നോക്കിനിന്നു. സത്യത്തോടുള്ള ബഹുമാനമാണ് അദ്ദേഹത്തെ ഇസ്്‌ലാമിലെത്തിച്ചത്. സ്വാര്‍ഥമോഹമോ ഭീതിയോ അല്ല. അത് അദ്ദേഹത്തിന്റെ തുടര്‍ജീവിതം കാണിച്ചുകൊടുക്കുകയും ചെയ്തു.
യമാമ യുദ്ധത്തില്‍ മുസൈലിമയുടെ നേതൃത്വത്തിലുള്ള മതഭ്രഷ്ടര്‍ക്കെതിരെ ശക്തമായ പോരാട്ടമാണ് അബ്ദുര്‍റഹ്മാന്‍ നടത്തിയത്. മുസൈലിമയുടെ ബുദ്ധികേന്ദ്രമായിരുന്ന മഹ്കമുബിന്‍ തുഫൈലിനെ വധിച്ച് കോട്ടക്കുള്ളില്‍ പ്രവേശിക്കാന്‍ മുസ്ലിംകളെ പര്യാപ്തമാക്കിയത് അബ്ദുര്‍റഹ്മാനാണ്.
സത്യത്തിന്റെയും ന്യായത്തിന്റെയും കാര്യത്തില്‍ അബ്ദുര്‍റഹ്മാന്‍ വിട്ടുവീഴ്ച കാണിച്ചില്ല. മകന്‍ യസീദിന് ബൈഅത്ത് ചെയ്യിക്കാന്‍ മുആവിയ തീരുമാനിക്കുകയും പള്ളിയില്‍ മുസ്‌ലിംകളെ വായിച്ചു കേള്‍പ്പിക്കാന്‍ പ്രതിജ്ഞാവാക്യം തയ്യാറാക്കി മദീനയിലെ ഗവര്‍ണറായ മര്‍വാന് അയച്ചു കൊടുക്കുകയും ചെയ്തു. ഖലീഫയുടെ ആജ്ഞ മര്‍വാന്‍ നിറവേറ്റി. അദ്ദേഹം പ്രതിജ്ഞ വായിച്ചു കഴിഞ്ഞപ്പോള്‍ പള്ളിയില്‍ നിറഞ്ഞുനിന്ന നിശ്ശബ്ദതയെ ഭേദിച്ചത് അബ്ദുര്‍റഹ്മാന്റെ പ്രതിഷേധ സ്വരമാണ്. മുആവിയയുടെ ഭരണപ്രതാപത്തെ വകവെക്കാതെയും വരാനിരിക്കുന്ന ഭവിഷ്യത്ത് ഭയക്കാതെയും അദ്ദേഹം ഗവര്‍ണറുടെ മുഖത്ത് നോക്കി ഇപ്രകാരം പറഞ്ഞു: ''മുഹമ്മദിന്റെ ജനതക്ക് നന്മയല്ല നിങ്ങളുടെ ഉദ്ദേശ്യം. ഹിര്‍ഖലിന്റെ പാരമ്പര്യം നടപ്പാക്കലാണ്.''
ഭരണാധികാരിയെ ജനങ്ങള്‍ ശൂറയിലൂടെ തെരഞ്ഞെടുക്കണമെന്ന ഇസ്ലാമിക മാനദണ്ഡം അവഗണിച്ച് കിസ്‌റായും സീസറും ചെയ്ത പോലെ പുത്രന്മാര്‍ക്ക് അധികാരദണ്ഡ് കൈമാറുന്നതിനെയാണ് അബ്ദുര്‍റഹ്മാന്‍ എതിര്‍ത്തത്. അദ്ദേഹത്തിന്റെ പ്രതിഷേധ സ്വരത്തോട് ഹുസൈന്‍ ബിന്‍ അലി, അബ്ദുല്ലാഹിബിന്‍ സുബൈര്‍, അബ്ദുല്ലാഹിബിന്‍ ഉമര്‍ തുടങ്ങി ഒരു വിഭാഗം പ്രമുഖ സ്വഹാബിമാര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീടുണ്ടായ ഭയാനകമായ രാഷ്ട്രീയ കാലാവസ്ഥയില്‍ മുആവിയയുടെ നയത്തിന് മുന്നില്‍ ഇവര്‍ മൗനം ദീക്ഷിക്കുകയായിരുന്നു. എന്നാല്‍ അബ്ദുര്‍റഹ്മാന്‍ ഇതിനൊട്ടും വഴങ്ങിയില്ലെന്ന് മാത്രമല്ല ഈ ബൈഅത്ത് അസാധുവാണെന്ന് അദ്ദേഹം തുറന്നു പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് അബ്ദുര്‍റഹ്മാനെ വശീകരിക്കണമെന്ന ഉദ്ദേശ്യത്തില്‍ ഒരു ലക്ഷം ദിര്‍ഹം മുആവിയ കൊടുത്തയച്ചു. അതത്രയും തന്റെ മുമ്പിലെത്തിച്ച ദൂതനു നേരെ വലിച്ചെറിഞ്ഞ് അബ്ദുര്‍റഹ്മാന്‍ ഇങ്ങനെ പ്രഖ്യാപിച്ചു: ''അബ്ദുര്‍റഹ്മാന്‍ മതത്തെ ദുന്‍യാവിന് വില്‍ക്കുകയില്ലെന്ന് നീ അദ്ദേഹത്തോട് ചെന്ന് പറയണം.''
പിന്നീട് മുആവിയ മദീനയില്‍ വരുന്നുണ്ടെന്ന വിവരം കിട്ടിയ ഉടന്‍ അബ്ദുര്‍റഹ്മാന്‍ മക്കയിലേക്ക് പോയി. ആപത്കരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങളില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കണമെന്നായിരുന്നു അല്ലാഹുവിന്റെ നിശ്ചയം. മക്കയിലെത്തി അധികനാള്‍ കഴിയും മുമ്പെ അദ്ദേഹം അല്ലാഹുവിന്റെ വിളിക്കുത്തരം നല്കി പരലോകത്തേക്ക് യാത്രയായി. മക്കയിലെ ഖുറൈശികളിലെ ബനൂതൈം ഗോത്രക്കാരനായി ഇദ്ദേഹം ഹിജ്‌റ 53ലാണ് മരണപ്പെടുന്നത്.