പ്രവാചകന്റെ കാലത്തും ആദ്യ മൂന്ന് ഖലീഫമാരുടെ കാലത്തും ഗവര്‍ണര്‍ പദവി വഹിച്ച സ്വഹാബിയാണ് അബൂമൂസല്‍ അശ്അരി. ഖലീഫ ഉമര്‍ അദ്ദേഹത്തെ ബസ്‌റയിലെ ഗവര്‍ണറായി നിയോഗിച്ചപ്പോള്‍ അദ്ദേഹം ചെയ്ത നയപ്രഖ്യാപനം ചരിത്ര പ്രസിദ്ധമാണ്. അദ്ദേഹം പറഞ്ഞു:
''ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥന്റെ ഗ്രന്ഥവും പ്രവാചകചര്യയും പഠിപ്പിക്കാനും നിങ്ങളുടെ നിരത്തുകള്‍ വൃത്തിയാക്കാനും സത്യവിശ്വാസികളുടെ നായകനായ ഉമര്‍ എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു.''
സ്വഹാബികള്‍ ഇതുകേട്ട് അന്തംവിട്ടു. ജനങ്ങള്‍ക്ക് മതവിജ്ഞാനവും ശിക്ഷണവും നല്‍കുന്നതിന് ഗവര്‍ണറെ നിയോഗിക്കുന്നത് അവര്‍ക്കറിയാം. എന്നാല്‍ അവരുടെ നിരത്തുകള്‍ വൃത്തിയാക്കലും ഗവര്‍ണര്‍ ചെയ്യുമെന്ന് പറഞ്ഞത് അവര്‍ക്ക് വിശ്വസിക്കാനായില്ല. അബൂമൂസയെക്കാള്‍ സേവന തല്‍പരനായ മറ്റൊരു ഗവര്‍ണര്‍ ബസ്വറയില്‍ വന്നിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്. സ്വന്തം പേരായ അബ്ദുല്ലാഹിബിന്‍ ഖൈസ് എന്നതിനെക്കാള്‍ വിളിപ്പേരായ അബൂ മൂസല്‍ അശ്അരി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടത്.
മക്കയില്‍ ഒരു പ്രവാചകന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന വിവരമറിഞ്ഞയുടന്‍ യമന്‍ സ്വദേശിയായ അബൂമൂസാ മക്കയിലെത്തി വിദ്യയും സന്മാര്‍ഗവും സ്വായത്തമാക്കി. ഏറെ താമസിയാതെ വിശ്വാസത്തിന്റെ കൈത്തിരിയുമായി അദ്ദേഹം സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് ഖൈബര്‍ യുദ്ധാനന്തരമാണ് അദ്ദേഹം തിരികെയെത്തുന്നത്. ഈ സമയം അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും അമ്പതില്‍പരം യമനികളായ സത്യവിശ്വാസികളും അദ്ദേഹത്തിന്റെ കൂടെയുണ്ടാ യിരുന്നു. ഈ സംഘത്തിനും അവരുടെ കുടുംബത്തിനുമാണ് തിരുമേനി അശ്അരികള്‍ എന്ന വിളിപ്പേര് നല്കിയത്. ജനങ്ങളില്‍ ഏറ്റവും ആര്‍ദ്രചിത്തര്‍ ഇവരാണെന്ന് പ്രവാചകന്‍ വിശേഷിപ്പി ക്കുകയും ചെയ്തു.
പല വിശിഷ്ട ഗുണങ്ങളുടെയും സമ്മിശ്രകേന്ദ്രമായിരുന്നു അബൂമൂസാ. യുദ്ധം അനിവാര്യമായ ഘട്ടങ്ങളില്‍ അദ്ദേഹം ധീരനായ പടയാളിയും മറ്റുള്ള സമയങ്ങളില്‍ സമാധാനപ്രിയനുമായിരുന്നു. കര്‍മശാസ്ത്ര വിശാരദനും മതവിഷയങ്ങളിലെ കേസുകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ കഴിവുള്ള കുശാഗ്ര ബുദ്ധിശാലിയുമായിരുന്നു. സമുദായത്തിലെ നാല് ന്യായാധിപന്മാരിലൊരാളായിട്ടാണ് ഇദ്ദേഹത്തെ ഗണിക്കുന്നത്. യുദ്ധങ്ങളില്‍ നബിയുടെ പ്രശംസ പിടിച്ചു പറ്റും വിധം ആത്മാര്‍ഥ തയും ചുമതലാബോധവും അദ്ദേഹം പ്രകടിപ്പിച്ചു.
കുതിരപ്പടയാളികളുടെ നേതാവ് എന്നാണ് ഇദ്ദേഹത്തെ ഒരിക്കല്‍ നബി(സ്വ) വിശേഷിപ്പിച്ചത്. മുസ്ലിംകള്‍ പേര്‍ഷ്യന്‍ നാടുകളില്‍ ജൈത്രയാത്ര നടത്തിക്കൊണ്ടിരിക്കെ അബൂമൂസാ സൈന്യസമേതം ഇസ്വ്ബഹാനില്‍ ഇറങ്ങി. നികുതി കൊടുക്കാമെന്ന വ്യവസ്ഥയില്‍ അവര്‍ സന്ധിക്കു തയ്യാറായി. എന്നാല്‍ ശത്രുക്കള്‍ക്ക് ഇതില്‍ ആത്മാര്‍ത്ഥത ഉണ്ടായിരുന്നില്ല. യുദ്ധ സന്നാഹങ്ങള്‍ക്കുള്ള ഒരു മറയായി അവര്‍ ഈ കാലയളവിനെ കണ്ടു. എന്നാല്‍ അബൂമൂസയെ കബളിപ്പിക്കാന്‍ അവര്‍ക്കായില്ല. യുദ്ധത്തിന് തയ്യാറായി എത്തിയ ശത്രുസൈന്യത്തിന് കാണാനായത് തങ്ങളെ എതിരിടാന്‍ തയ്യാറായി കാത്തിരിക്കുന്ന അബൂമൂസയുടെ സൈന്യത്തെ യാണ്. അപാരമായ യുദ്ധതന്ത്രം കാരണം ശത്രുക്കളെ തോല്‍പിക്കാന്‍ മണിക്കൂറുകളേ വേണ്ടി വന്നുള്ളൂ.
പേര്‍ഷ്യന്‍ ഭരണകൂടത്തിനെതിരെ നടത്തിയ യുദ്ധ പരമ്പരകളിലും അബൂമൂസയുടെ ധൈര്യവും യുദ്ധപാടവവും എടുത്തുപറയത്തക്കതായിരുന്നു. തുസ്തുര്‍ യുദ്ധത്തില്‍ ഈ നിപുണത പ്രകടമായി. പേര്‍ഷ്യന്‍ സൈന്യത്തലവന്‍ ഹുര്‍മുസാന്റെ നീക്കങ്ങളെ യുദ്ധതന്ത്രത്തിലൂടെ എതിരിട്ട് തോല്പിച്ച അദ്ദേഹം പേര്‍ഷ്യന്‍ കോട്ട പിടിച്ചടക്കുകയും പടത്തലവന്‍ ഉള്‍പ്പടെയുള്ളവരെ ബന്ദിയാക്കുകയും ചെയ്തു. തുടര്‍ന്ന് ഖലീഫ ഉമറിന്റെ തീരുമാനത്തിനായി ഇവരെ മദീനയിലേക്കയച്ചു.
നബിയുടെ ജീവിതകാലത്ത് അദ്ദേഹം മുആദുബിന്‍ ജബലിന്റെ കൂടെ യമനില്‍ ഭരണച്ചുമതല വഹിച്ചു. ഖലീഫ അബൂബക്‌റിന്റെ കീഴിലും ഗവര്‍ണറായി സേവനം ചെയ്തു. ഉമറിന്റെ കാലത്ത് ബസ്വ്‌റയിലും ഉസ്മാന്റെ കാലത്ത് കൂഫയിലും അബൂമൂസാ ഗവര്‍ണറായി. അലി(റ)യുടെ കാലത്ത് അദ്ദേഹം കൂഫയിലെ അധികാരത്തില്‍ നിന്ന് സ്വയം പിന്‍വാങ്ങി അറദ് എന്ന പേരിലുള്ള കുഗ്രാമത്തില്‍ പോയി താമസമാക്കി. അലി(റ)യുടെ ഭരണകാലത്ത് ആഭ്യന്തരകലാപം രൂക്ഷമായപ്പോള്‍ കൂഫക്കാരുടെ മധ്യസ്ഥ പ്രതിനിധിയായി അദ്ദേഹം നിയമിക്കപ്പെട്ടു. അംറ് ബിന്‍ ആസ്വായിരുന്നു ശാമിന്റെ പ്രതിനിധി.
യമനിയായ അബ്ദുല്ലാഹിബ്‌നി ഖൈസ്ബ്‌നി സുലൈമാണ് അബൂ മൂസയുടെ പിതാവ്. ഹിജ്‌റ 42ല്‍ കൂഫയില്‍ വെച്ചാണ് അദ്ദേഹം മരിച്ചത്.