സഅ്ദുബ്‌നു ഉബൈദ്. ഔസ് ഗോത്രത്തിന്റെ അഭിമാനം ഇസ്‌ലാമിലേക്ക് കടന്നുവന്നു. ഖുര്‍ആന്‍ ആഴത്തില്‍ പഠിച്ച പണ്ഡിതനും വിശുദ്ധ ഖുര്‍ആന്‍ പാരായണ വിദഗ്ധനും ആയിരുന്നു. നബിയുടെ ഹിജ്‌റയോടുകൂടി ഇസ്‌ലാമിലെത്തിയ സഅ്ദിനെ, നബി(സ്വ) ആദ്യമായി നിര്‍മിച്ച ഖുബാ പള്ളിയിലെ ഇമാമായി നിയമിക്കുകയുണ്ടായി. പ്രവാചക വിയോഗാനന്തരം പിന്‍ഗാമികളായി വന്ന ഖലീഫ അബൂബക്‌റും ഖലീഫ ഉമറും അദ്ദേഹത്തെ തത്സ്ഥാനത്ത് നിലനിര്‍ത്തുകയും ചെയ്തു. നബി(സ്വ) ജീവിച്ചിരിക്കുമ്പോള്‍ ഖുര്‍ആന്‍ ശേഖരിച്ചവരില്‍ ഒരാളാണ് എന്ന പ്രത്യേകത സഅ്ദിനാണ്.
പാണ്ഡിത്യത്തോടൊപ്പം യുദ്ധ തന്ത്രജ്ഞന്‍ കൂടിയായിരുന്നു സഅ്ദ്. നബി(സ്വ)യോടൊപ്പം ബദ്‌റിലും ഉഹ്ദിലും പങ്കെടുത്തു. അബൂബക്‌റിന്റെ കാലത്ത് മത ഭ്രഷ്ടരോടുള്ള യുദ്ധത്തിലും സഅ്ദ് പ്രധാന പങ്കു വഹിച്ചു. ഉമറിന്റെ കാലമായപ്പോഴേക്ക് അറേബ്യന്‍ ഉപദ്വീപ് മുഴുവന്‍ ഇസ്‌ലാം പ്രചരിച്ചു കഴിഞ്ഞിരുന്നു. പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ മുസ്‌ലിം ശക്തിയെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. ഖീറയിലെ ക്രൈസ്തവ രാജാവ് നുഅ്മാനുബ്‌നു മുന്‍ദിര്‍ കിസ്‌റായുടെ നിര്‍ദേശ പ്രകാരം മുസ്‌ലിംകള്‍ക്കെതിരെ തിരിഞ്ഞ സന്ദര്‍ഭം. ഉമര്‍(റ) നിയോഗിച്ച മുസ്‌ലിം സൈന്യത്തിന്റെ നായകന്‍ സഅ്ദുബ്‌നുഅബീവഖാസിന്റെ പ്രതിനിധിയായി നുഅ്മാനുമായി സംസാരിക്കാന്‍ നിയുക്തനായത് സഅ്ദായിരുന്നു. ധിക്കാരിയായ നുഅ്മാനുമായി സഅ്ദ്(റ) നീണ്ട വാഗ്വാദത്തിലേര്‍പ്പെട്ടു. നുഅ്മാന്‍ യുദ്ധത്തിനു തന്നെ ഒരുങ്ങി. അതില്‍ മുസ്‌ലിം കള്‍ ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത വിജയം നേടിയെങ്കിലും സഅ്ദുബ്‌നു ഉബൈദ് ഉള്‍പ്പെടെ നിരവധി മഹാന്‍മാര്‍ ശഹീദാവുകയുണ്ടായി.
മദീനക്കാരനും ഔസ് ഗോത്രക്കാരനുമായ സഅ്ദിന്റെ പിതാവ് ഉബൈദുല്ലാഹിബ്‌നു നുഅ്മാന്‍ ആണ്.