ആരുമറിയാതെയാണ് അയാള്‍ അങ്ങോട്ടു കയറിച്ചെന്നത്. ഒട്ടകങ്ങള്‍ക്കൊപ്പം ജീവിച്ച്, അവയുടെ കൂട്ടില്‍ കിടന്നുറങ്ങി, ദുര്‍ഗന്ധം വമിക്കുന്ന ഈ കാപ്പിരിയെ തിരുനബി സ്വീകരിക്കുമോയെന്ന ആധിയുണ്ടായിരുന്നു. എന്നാല്‍ ധാരണ തകിടം മറിഞ്ഞു. ദൂതര്‍ എഴുന്നേറ്റു വന്ന് കൈ പിടിച്ചു. ഉമയ്യയുടെ ചാട്ടവാറേറ്റ് കരിവാളിച്ച മുഖം ആ കൈകള്‍ കൊണ്ട് തടവി. ജീവിതത്തില്‍ ആദ്യമായാണ് ആ മുഖം ഒരാള്‍ തടവുന്നത്! ചുടുമണലില്‍ കിടന്ന് പച്ചമാംസം വെന്തുരുകി യപ്പോള്‍ നനഞ്ഞിട്ടില്ലാത്ത ആ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞൊഴുകി.
സ്വന്തം നെഞ്ചിലേക്ക് ആ കറുത്തവനെ ചേര്‍ത്തുവെച്ച് തിരുകരങ്ങള്‍ കൊണ്ട് പുറത്ത് മെല്ലെ തട്ടി ദൂതര്‍ അടക്കം പറഞ്ഞു,
''കരയരുത്, കരയരുത്''.
''അല്ലാഹു അല്ലാതെ ആരാധ്യനേയില്ല. അങ്ങ് അവന്റെ ദൂതന്‍ തന്നെ, ഞാന്‍ സാക്ഷി''. ബിലാല്‍ മനസ്സറിഞ്ഞ് മൊഴിഞ്ഞു.
അബ്‌സീനിയയില്‍ നിന്ന് ഉമയ്യത്തുബ്‌നു ഖലഫിന് കിട്ടിയ അടിമപ്പെണ്ണിന് റബാഹില്‍ പിറന്ന മകനാണ് ബിലാല്‍.
പില്‍ക്കാലത്ത് 'റസൂലിന്റെ ബാങ്കുവിളിക്കാര'നായിത്തീര്‍ന്നു മഹാനായ ബിലാല്‍(റ). ഖുറൈശി മുഖ്യന്‍ ഉമയ്യയുടെ ഒട്ടകങ്ങള്‍ക്കൊപ്പം മരുഭൂമിയില്‍ ജീവിതം. കൂലി, വിശപ്പടക്കാന്‍ തികയാത്തത്ര ഈത്തപ്പഴം മാത്രം.
അടിമ ജീവിതവും മരുഭൂവാസവും തീര്‍ത്ത ഒറ്റപ്പെടലില്‍ മോചനത്തിന്റെ വെളിച്ചം തേടവെയാണ് തിരുനബിയെക്കുറിച്ച് ബിലാല്‍ കേള്‍ക്കുന്നത്. അതും ഉമയ്യയുടെ നാവില്‍ നിന്ന്. പിന്നെ കാത്തിരുന്നില്ല. ഖബ്ബാബിന്റെയും അമ്മാറിന്റെയും പിറകെ ബിലാലുമെത്തി തിരുനബിയെക്കാ ണാന്‍.
ഉമയ്യയ്ക്ക് അത് അപമാനമായി. കൂട്ടുകാരെ പ്രീതിപ്പെടുത്താന്‍ ബിലാലിനെ അയാള്‍ പരീക്ഷണ വസ്തുവാക്കി. വെയിലേറ്റു പഴുത്ത മരുഭൂമിയുടെ മാറില്‍ തന്റെ ഇടയനെ മലര്‍ത്തിക്കിടത്തി അയാള്‍ ആക്രോശിച്ചു, തന്റെ ദൈവങ്ങളെ പുകഴ്ത്തണമെന്ന്. പക്ഷേ, ബിലാല്‍ വാഴ്ത്തിയത് ഏകദൈവത്തെ. 'അഹദ്, അഹദ് ....' മുഖത്തടിയേറ്റ പോലെയായി ഉമയ്യയ്ക്ക്. കഴുത്തില്‍ കയറിട്ട് കുട്ടികള്‍ക്ക് കളിവസ്തുവാക്കി അയാള്‍ ബിലാലിനെ നല്‍കി. മര്‍ദനമുറകള്‍ മാറിയപ്പോഴും ബിലാലിന്റെ മന്ത്രം മാറിയില്ല. ലാത്തയെ പുകഴ്ത്തിയാല്‍ വെറുതെ വിടാമെന്നായി ഉമയ്യ. ബിലാല്‍ വിസ്സമ്മതിച്ചു. പിന്നെ ഉമയ്യ മൃഗമാവുകയായിരുന്നു. ഒടുവില്‍ അബൂബക്ര്‍(റ) വിലയ്ക്കുവാങ്ങി ബിലാലിനെ മോചിപ്പിക്കുകയാണുണ്ടായത്.
ഹിജ്‌റ പോയ ബിലാല്‍ മക്കയില്‍ നബിയുടെ പള്ളിയില്‍ ജീവിച്ചു. നബി(സ) തന്നെ ഇണയെയും കണ്ടെത്തി നല്‍കി. രണ്ടാം വര്‍ഷം ബദ്ര്‍ യുദ്ധം വന്നു. അതില്‍ ശത്രുപക്ഷത്ത് ഉമയ്യത്തുബ്‌നു ഖലഫുമുണ്ടായിരുന്നു. യുദ്ധാന്ത്യത്തില്‍, മരണഭീതിയോടെ അഭയം തേടിയെത്തിയ ഉമയ്യയെയും മകനെയും ബിലാലും കൂട്ടരും തന്നെ വകവരുത്തി; ദൈവവിധിയെന്നോണം.
പിന്നീടുണ്ടായ എല്ലാ യുദ്ധങ്ങളിലും നബിയുടെ നിഴലായി ബിലാലുമുണ്ടായിരുന്നു. ആയിടക്കാണ് നമസ്‌കാര സമയം വിശ്വാസികളെ അറിയിക്കാന്‍ ബാങ്ക് വിളി നിയമമാക്കപ്പെട്ടത്. അപ്പോള്‍ ചോദ്യമുയര്‍ന്നു, ആരാദ്യം ബാങ്ക് വിളിക്കും. തിരുനബിക്ക് പക്ഷേ, സംശയമില്ലായിരുന്നു.
''എവിടെ പ്രിയ ബിലാല്‍, അദ്ദേഹം ബാങ്ക് വിളിക്കട്ടെ''. മദീനാ പള്ളിയില്‍ നിന്ന് ആദ്യമായി ബിലാലിന്റെ നാദവിസ്മയമുയര്‍ന്നു.
''അല്ലാഹു അക്ബര്‍...........''
മക്ക വിജയദിനം.
കല്‍പ്രതിമകളഖിലം തകര്‍ത്തെറിഞ്ഞ് പുണ്യ കഅ്ബയെ കഴുകിത്തുടച്ചെടുത്ത തിരുനബി ചോദിച്ചു, 'എവിടെ എന്റെ ബിലാല്‍?' വിശ്വാസികളുടെ സാഗരത്തില്‍ അലയുയര്‍ത്തി, എത്യോപ്യന്‍ അടിമപ്പെണ്ണിന് പിറന്ന റബാഹിന്റെ പുത്രന്‍ വന്നു.
''ബിലാല്‍, മുഴങ്ങട്ടെ ബാങ്കൊലി, പുളകമണിയട്ടെ വിശുദ്ധ കഅബ''. ദിവ്യഗേഹത്തിന്റെ മുകളില്‍ കയറി മക്ക മണലരണ്യത്തെ പുളകംകൊള്ളിച്ച് ബിലാല്‍ ദിവ്യ മഹത്വം വാഴ്ത്തി.
''അല്ലാഹു അക്ബര്‍ ....''
നബി(സ) അന്ത്യയാത്രയായി. ദൂതരില്ലാത്ത മദീന ബിലാലിന് സഹിക്കാനായില്ല. ഖലീഫയുടെ അനുമതിയോടെ (ഖലീഫ അബൂബക്‌റാണെന്നും ഉമറാണെന്നും അഭിപ്രായമുണ്ട്) അദ്ദേഹം സിറിയയിലേക്ക് പോയി. ആറു വര്‍ഷങ്ങള്‍ക്കു ശേഷം, ഖലീഫ ഉമര്‍(റ) ബൈത്തുല്‍ മുഖദ്ദസ് കാണാന്‍ ഫലസ്തീനിലെത്തി. ഖലീഫയെ കാണാന്‍ ബിലാലുമെത്തിയിരുന്നു. ഖലീഫ വിശുദ്ധ ഗേഹത്തില്‍ പ്രവേശിച്ചു. അപ്പോഴേക്കും നമസ്‌കാര സമയമായി.
ഉമറിന്റെ കണ്ണുകള്‍ ബിലാലിനെ പരതി. ''ബിലാല്‍, ബാങ്ക് വിളിക്കുക''. ''അമീറുല്‍ മുഅ്മിനീന്‍, കഴിയില്ലെനിക്ക്''. മടിച്ചുനിന്ന ബിലാലിനോട് ഖലീഫ ഒന്നുകൂടിപ്പറഞ്ഞു, ''തിരുനബിയുടെ കാലത്തേക്ക് ഞങ്ങളെയൊന്ന് കൊണ്ടുപോകൂ ബിലാല്‍''. ഖലീഫയുടെ ആഗ്രഹം വീണ്ടും നിരസിക്കാനായില്ല അദ്ദേഹത്തിന്.
മദീനയുടെയും മക്കയുടെയും വാനങ്ങളില്‍ അലകളായുയര്‍ന്ന ആ എത്യോപ്യന്‍ ശബ്ദ വീചികള്‍ ബൈത്തുല്‍ മുഖദ്ദസിന്റെ മിനാരങ്ങളില്‍ നിന്നുകൂടി ഒഴുകിയിറങ്ങി.
''അല്ലാഹു അക്ബര്‍ .......''
ബാങ്കൊലി നിലയ്ക്കുമ്പോള്‍ തിരുനബിയെക്കുറിച്ചുള്ള ഓര്‍മയാല്‍ ഖലീഫയുള്‍പ്പെടെ എല്ലാവരുടെയും താടി രോമങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നിരുന്നു; ബിലാലിന്റെയും.
ഹിജ്‌റ വര്‍ഷം 20 (ക്രി.വ.641)ല്‍ ദമസ്‌ക്കസില്‍ വെച്ചായിരുന്നു ബിലാലിന്റെ അന്ത്യം.