ഖുറൈശി ഗോത്രത്തിലെ ഉമയ്യ വംശക്കാരനായ അബൂസൂഫ്‌യാനും ഭാര്യ ഹിന്ദ്ബിന്‍ത് ഉത്ബയും ഇസ്‌ലാമിനെയും തിരുനബിയെയും അപഹസിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ല. എന്നാല്‍ മക്കള്‍ (ഹന്‍ളലയൊഴിച്ച്, ഇയാള്‍ ബദ്‌റില്‍ പങ്കെടുക്കുകയും അലി(റ)യുമായുള്ള ദ്വന്ദ്വയുദ്ധത്തില്‍ വധിക്കപ്പെടുകയും ചെയ്തു) ആ വഴി സ്വീകരിച്ചിട്ടില്ല. ഭര്‍ത്താവിന്റെ വഴിയില്‍ ആദ്യകാലം തന്നെ ഇസ്‌ലാം സ്വീകരിക്കുകയും പിന്നീട് നബി(സ്വ)യുടെ ഭാര്യയാകുകയും ചെയ്ത റംല (ഉമ്മുഹബീബ) ഉദാഹരണം. മക്കളില്‍ ചിലരായ യസീദ്, അന്‍ബസ, ഉത്ത്ബ തുടങ്ങിയവരെയും കടുത്ത ഇസ്‌ലാം വിരോധികളായി ചരിത്രത്തില്‍ കാണുന്നില്ല. (ഇവരുള്‍പ്പെടെ മിക്കവരും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി).
മക്കളില്‍ പ്രമുഖനും പില്‍ക്കാലത്ത് ഉമയ്യ വംശത്തിന്റെ പ്രതാപം അരക്കിട്ടുറപ്പിച്ച് അമവി ഖിലാഫത്തിന് അടിത്തറ പാകുകയും ചെയ്ത ദേഹമാണ് മുആവിയ(റ). പിതാവിന്റെ പാരമ്പര്യം പലതും പകര്‍ന്ന് കിട്ടിയത് മുആവിയ(റ)ക്കായിരുന്നു. യുദ്ധതന്ത്രജ്ഞത, ഭരണമികവ്, നയചാതുരി, പ്രതിഭാധനത്വം എല്ലാം സംഗമിച്ചിരുന്നു ഉമയ്യയുടെ ഈ മൂന്നാം തലമുറക്കാരനില്‍. പ്രവാചകനിയോഗത്തിന് അഞ്ചുവര്‍ഷം മുമ്പ്, അഥവാ ക്രിസ്തുവര്‍ഷം 605ലാണ് മുആവിയ(റ) യുടെ ജനനം. വെളുത്ത നിറം സൗന്ദര്യം, ദീര്‍ഘകായത്വം എന്നിവ സംഗമിച്ച മുആവിയ ചെറുപ്പത്തില്‍ തന്നെ കുതിര സവാരിയുള്‍പ്പെടെയുള്ള മുറകള്‍ വശമാക്കിയിരുന്നു. നാലു സഹോദരന്മാരും എട്ട് സഹോദരിമാരുമുണ്ടായിരുന്നു ഇദ്ദേഹത്തിന്.
മൈസൂന്‍, ഫാഖിത്ത, കനൂദ്, നാഇല എന്നീ ഭാര്യമാരിലായി എട്ട് മക്കള്‍ മുആവിയക്കും ജനിച്ചു. യസീദ്, അബ്ദുറഹ്മാന്‍, അബ്ദുല്ല, റംല, ഹിന്ദ്, ആഇശ, ആത്തിക, സ്വഫിയ്യ എന്നിവരാണവര്‍.
അബൂസുഫ്‌യാനും ഭാര്യ ഹിന്ദും മക്കളും മക്കാവിജയത്തെത്തുടര്‍ന്നാണ് ഇസ്‌ലാം സ്വീകരിച്ചതെന്ന് പറയുന്നു, എന്നാല്‍ മുആവിയയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഹുദൈബിയ സന്ധിയുടെ വ്യവസ്ഥപ്രകാരം ഹിജ്‌റ ഏഴില്‍ നബിയും അനുചരരും ഉംറ ചെയ്യാനായി മക്കയിലെത്തിയിരുന്നു. ഈ വേളയില്‍ മുആവിയ(റ) ഇസ്‌ലാം സ്വീകരിക്കുകയും അത് രഹസ്യമാക്കി വെക്കുകയും ചെയ്തു. പിന്നീട് അടുത്ത വര്‍ഷം, മക്കാവിജയഘട്ടത്തിലാണ് പരസ്യമായി പ്രഖ്യാപിച്ചത്. ഇക്കാര്യം മുആവിയ(റ) തന്നെ പറഞ്ഞതായി ചരിത്ര രേഖകളിലുണ്ട്. (ബിദായ വന്നിഹായ 11/396).
മുആവിയ ഇസ്‌ലാമില്‍
മക്കാവിജയദിനത്തില്‍ അബൂസുഫ്‌യാനെയും കുടുംബത്തെയും ദൂതര്‍(സ്വ) ഏറെ പരിഗണി ക്കുകയും ആദരിക്കുകയും ചെയ്തു. അബൂസുഫ്‌യാന്റെ ഭവനത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്തിരുന്നു.
മുആവിയ(റ)യുടെ വിശ്വസ്തത തിരിച്ചറിഞ്ഞ തിരുനബി അദ്ദേഹത്തെ വഹ്‌യ് എഴുത്തുകാരനു മാക്കി. മുആവിയക്കു വേദജ്ഞാനം ലഭിക്കാനും ശിക്ഷയില്‍ നിന്ന് മോചനം കിട്ടാനും വേണ്ടി നബി(സ്വ) പ്രാര്‍ഥിച്ചതായും ഹദീസുകളിലുണ്ട്. 130 ഹദീസുകള്‍ നബി(സ്വ)യില്‍ നിന്ന് നിവേദനം ചെയ്തിട്ടുണ്ട് ഇദ്ദേഹം.
മക്കാവിജയാനന്തരം നടന്ന ഹുനൈന്‍ യുദ്ധത്തില്‍ മുആവിയ പങ്കെടുത്തു. യുദ്ധത്തില്‍ നിന്ന് കിട്ടിയ നൂറ് ഒട്ടകങ്ങളും നാല്പത് ഊഖിയ സ്വര്‍ണവും നല്‍കി തിരുദൂതര്‍ മുആവിയ(റ)യെ ആദരിച്ചു.
അബൂബക്ര്‍ സിദ്ദിഖ്(റ) ഖലീഫയായ ഉടനെ രാജ്യത്ത് സംജാതമായ പ്രശ്‌നങ്ങളില്‍ പ്രധാനമായതായിരുന്നു കള്ളപ്രവാചക വാദികളുടെ രംഗപ്രവേശം. വ്യാജവാദി മുസയ്‌ലിമയെ നേരിടാന്‍ യമാമിലേക്ക് പോയത് മുആവിയയായിരുന്നു. അയാളെ വധിക്കുകയും ചെയ്തു. ഖലീഫ ഉമറി(റ)ന്റെ കാലത്ത് സിറിയയിലെ ചില പ്രദേശങ്ങളുടെ ഭരണച്ചുമതല മുആവിയക്ക് നല്‍കി. ദമസ്‌ക്കസ് കൂടി ഉള്‍പ്പെട്ട വിശാലമായ സിറിയന്‍ മേഖലയിലെ ഗവര്‍ണറാക്കി ഖലീഫ ഉസ്മാനും(റ) മുആവിയ(റ)യെ ആദരിച്ചു.
മുആവിയ അമവി ഖിലാഫത്തില്‍
ഉമറി(റ)ന്റെ കാലത്ത് തുടങ്ങി ഉസ്മാന്റെ(റ)യും അലി(റ)യുടെയും കാലത്ത് തുടര്‍ന്ന സിറിയന്‍ ഗവര്‍ണര്‍ സ്ഥാനത്ത് 20 വര്‍ഷക്കാലമാണ് മുആവിയ(റ) ഇരുന്നത്. പിന്നീട് അത്രയും വര്‍ഷം അമവി ഖലീഫയായും ഭരണം നടത്തി. ഇദ്ദേഹത്തോട് കിടപിടിക്കാവുന്ന മറ്റൊരു ഗവര്‍ണറെ ചരിത്രത്തില്‍ കണ്ടെത്താനാവില്ല.
അലി(റ) ഇസ്‌ലാമിക ഖിലാഫത്ത് ഏറ്റെടുത്തെങ്കിലും സിറിയയില്‍ അധീശത്വം സ്ഥാപിച്ച മുആവിയ(റ) അലി(റ)ക്ക് ബൈഅത്ത് ചെയ്തില്ല. തന്റെ ബന്ധുകൂടിയായ ഖലീഫ ഉസ്മാന്റെ(റ) ഘാതകരെ ശിക്ഷിക്കാതെ ബൈഅത്ത് ചെയ്യില്ലെന്നായിരുന്നു നിലപാട്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ അലി(റ) ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. എന്നാല്‍ സിറിയക്കാരുടെയും അക്കാലത്തെ തലയെടുപ്പുള്ള സ്വഹാബിമാരായ അംറുബ്‌നുല്‍ ആസ്വ്, മുഗീറത്തുബ്‌നു ശുഅ്ബ(റ) എന്നിവരുടെയും പിന്തുണയില്‍ മുആവിയ(റ) ഉറച്ചുനിന്നു. ഇതോടെ സിറിയ അലിക്ക് നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ജമല്‍, സ്വിഫ്ഫീന്‍ യുദ്ധങ്ങളും മധ്യസ്ഥചര്‍ച്ചയും അരങ്ങേറു കയുണ്ടായി.
മധ്യസ്ഥ ചര്‍ച്ചയില്‍ മുആവിയ(റ)യുടെ പ്രതിനിധിയായി പങ്കെടുത്ത അംറുബ്‌നുല്‍ ആസ്വി (റ)യുടെ തന്ത്രപരമായ നീക്കത്തിലൂടെ ഖിലാഫത്ത് മുആവിയ(റ)ക്ക് ലഭിച്ചതായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഖവാരിജുകളാല്‍ അലി(റ) വധിക്കപ്പെടുകയും ചെയ്തു.
അലി(റ) വധിക്കപ്പെട്ടതോടെ മകന്‍ ഹസനെ(റ) ഇറാഖികളും മുആവിയ(റ)യെ സിറിയക്കാരും ഖലീഫമാരായി തെരഞ്ഞെടുത്തു. ഇതും യുദ്ധസാഹചര്യമുണ്ടാക്കി. എന്നാല്‍ സമാധാനപ്രിയനായ ഹസന്‍(റ) സ്ഥാനത്യാഗം ചെയ്ത് മുആവിയ(റ)യെ ഖലീഫയായി അംഗീകരിക്കുകയാണുണ്ടാ യത്. ഹിജ്‌റ 40 റബീഉല്‍ ആഖിര്‍ 25ന് കൂഫക്കാരും ബൈഅത്ത് ചെയ്തതോടെ അമവിയ്യാ ഖിലാഫത്ത് സര്‍വാംഗീകൃതമായി തുടങ്ങി. ഹിജ്‌റ 60 വരെ (ക്രിസ്തുവര്‍ഷം 680) മുആവിയ(റ) രണ്ട് ശതാബ്ദം ഖലീഫയായി.
മുസ്‌ലിം നാവികപ്പട തുടങ്ങിയ മുആവിയ(റ), കഴിവുറ്റ ഭരണാധികാരിയായിരുന്നു. ബൈസന്ത്യന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമിച്ച മുആവിയ(റ) മധ്യധരണ്യാഴി യിലെ ദ്വീപുകള്‍ അധീനപ്പെടുത്തി. വടക്കെ ആഫ്രിക്കയിലും ഇസ്‌ലാമെത്തിയത് ഈ കാലത്ത് തന്നെ.
സ്വഹാബിമാരുടെ രണ്ടാം തലമുറയും താബിഉകളുമായിരുന്നു മുആവിയ(റ)യുടെ ഭരണീയര്‍. അതുകൊണ്ടുതന്നെ അദ്ദേഹം അവര്‍ക്കനുസരിച്ച് ഭരണം നടത്തി. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു ''ഭരണാധികാരി അബൂബക്‌റിനെയും ഉമറി(റ)നെയും പോലെയാവണമെന്ന് പലരും പറയുന്നു. എന്നാല്‍ ജനങ്ങളും അന്നത്തെ ജനങ്ങളെപ്പോലെയാവണമെന്ന് അവര്‍ പറയുന്നില്ലതാനും''.
മകന്‍ യസീദിനെ പിന്‍ഗാമിയാക്കി ഖിലാഫത്തിനെ കുടുംബവാഴ്ചയിലേക്ക് തിരിച്ച മുആവിയ(റ) മകന് നല്‍കുന്ന ഉപദേശങ്ങള്‍ പ്രസിദ്ധങ്ങളാണ്. 19 വര്‍ഷവും 3 മാസവും ഖലീഫയായ മുആവിയ(റ) 78ാം വയസ്സില്‍ ഹിജ്‌റ 60 റജബില്‍ ദമസ്‌കസില്‍ നിര്യാതനായി.