Skip to main content

ഉബയ്യ് ബിൻ കഅ്ബ്(റ)

'അബുല്‍ മുന്‍ദിര്‍! അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ കൂടുതല്‍ മഹത്തായ വാക്യം ഏതാണ്?'.
ചോദ്യം ആവര്‍ത്തിച്ചു.
മറുപടി: ''അല്ലാഹു ലാ ഇലാഹ ഇല്ലാ ഹുവല്‍ ഹയ്യുല്‍ ഖയ്യൂം'' സന്തോഷം കൊണ്ട് നബിയുടെ മുഖം പ്രസന്നമായി. ഉബയ്യുബ്നുകഅ്ബിന്റെ നെഞ്ചത്ത് തട്ടിക്കൊണ്ട് തിരുമേനി പ്രസ്താവിച്ചു. ''അബുല്‍ മുന്‍ദിര്‍! താങ്കളുടെ അറിവ് അപാരം തന്നെ''.

ഖസ്‌റജ് ഗോത്രക്കാരനായ ഈ അന്‍സ്വാരി ബൈഅതുല്‍ അഖബയിലും ബദ്‌റില്‍ നിന്ന് ആരംഭിച്ച എല്ലാ യുദ്ധങ്ങളിലും പങ്കുകൊണ്ടു. 'ഉബയ്യ് മുസ്‌ലിംകളുടെ നേതാവാണ്. എന്ന് ഖലീഫാ ഉമര്‍ വാഴ്ത്തത്തക്കവിധം മുസ്‌ലിം ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച സ്വഹാബിയാ യിരുന്നു ഉബയ്യുബ്നു കഅ്ബ്.

പേരും തറവാട്ടുപേരും പ്രത്യേകം പരാമര്‍ശിച്ചു കൊണ്ട് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കാന്‍ പ്രവാചകര്‍ക്ക് വഹ്‌യ് ലഭിച്ച വ്യക്തിത്വമായിരുന്നു ഉബ്ബയിന്റേത്. ഖുര്‍ആന്‍ വാക്യങ്ങളും കത്തുകളുമെഴുതാന്‍ തിരുമേനി തിരഞ്ഞെടുത്തതില്‍ ഒരാളായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ മനഃപാഠമാക്കുക, ശരിയായ രീതിയില്‍ ഓതുക, അര്‍ഥം ഗ്രഹിക്കുക എന്നി കാര്യങ്ങളില്‍ മികച്ചു നിന്നു.

തിരുമേനിയുടെ സഹവാസത്തിലൂടെ അപാരമായജ്ഞാനം ആര്‍ജിക്കുകയും നബി(സ്വ)യുടെ വിയോഗാനന്തരം പുതുതലമുറക്ക് മാതൃകാപരമായി അത് പകര്‍ന്നു കൊടുക്കുകയും ചെയ്തു.

ഭൗതികതക്ക് ഒരിക്കലും ഉബയ്യ് അടിമപ്പെട്ടില്ല പരലോക ജീവിതത്തെക്കുറിച്ചുള്ള ധാരണ എപ്പോഴും മനസ്സില്‍ നിറഞ്ഞു. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മേഖലകള്‍ വികസിച്ചതിനെ തുടര്‍ന്ന് ഭരണകര്‍ത്താക്കളുടെ അധര്‍മങ്ങള്‍ക്ക് കൂട്ടുനില്ക്കുന്ന പ്രവണത മുസ്‌ലിംകളില്‍ കണ്ടപ്പോള്‍ താക്കീതു ചെയ്യാന്‍ അദ്ദേഹം മടിച്ചില്ല.

അല്ലാഹുവിനെയും അന്ത്യദിനത്തെയും പരാമര്‍ശിക്കുമ്പോഴൊക്കെ ഉബയ്യ് കരയാറുണ്ടായിരുന്നു. ഖുര്‍ആനിലെ ശിക്ഷകളും മുന്നറിയിപ്പുകളും കേള്‍ക്കുമ്പോള്‍ അടിമുടി വിറയ്ക്കും. ഉബയ്യിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഖുര്‍ആന്‍ വാക്യം ഇതായിരുന്നു ''പറയുക: നിങ്ങളുടെ മുകളില്‍ നിന്നോ ചുവട്ടില്‍ നിന്നോ നിങ്ങള്‍ക്ക് ശിക്ഷ അയക്കാനും അല്ലെങ്കില്‍ നിങ്ങളെ ചേരിതിരിച്ച് പരസ്പരം മര്‍ദനം അനുഭവിപ്പിക്കാനും അവന്‍ കഴിവുള്ളവനാകുന്നു''.

മുസ്‌ലിം സമുദായത്തിന് പുറത്തുനിനുള്ള ആക്രമണത്തേക്കാള്‍ ഉബയ്യ് ഭയന്നിരുന്നത് അകത്തുനിന്നുള്ള അക്രമണത്തെയാണ്. കക്ഷി തിരിഞ്ഞ് അന്യോന്യം ബലപരിക്ഷണം നടത്തുന്നത് സമുദായത്തിന്റെ അന്ത്യമായിരിക്കുമെന്ന് ഉബയ്യുബ്നു കഅ്ബ് നിരീക്ഷിച്ചു.

അബുല്‍ മുന്‍ദിര്‍ എന്നത് വിളിപ്പേരായിരുന്നു. ഹിജ്‌റ 30ല്‍ മരണമടഞ്ഞു.

Feedback