Skip to main content

മുസ്അബ്‌ ബിൻ ഉമൈര്‍(റ)

ഇസ്‌ലാം കടന്നുചെന്നിട്ടില്ലാത്ത യസ്‌രിബിലേക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ആരെ പറഞ്ഞയക്കും എന്ന ആലോചനയിലായിരുന്നു ദൂതര്‍(സ്വ). യൗവനവും സൗന്ദര്യവും കളിയാടി നില്ക്കുന്ന ആ മുഖം ദൂതരുടെ മനസ്സില്‍ തെളിഞ്ഞുവന്നു. മുസ്അബുബ്‌നു ഉമൈര്‍(റ).

ഈന്തപ്പനത്തോട്ടങ്ങളാല്‍ സമ്പന്നമായ മദീനയെ തന്റെ രണ്ടാം വീടായി സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു തിരുനബി. ഒന്നാം അഖബ ഉടമ്പടിയില്‍ പങ്കെടുത്ത 12 പേരാണ് മദീനയില്‍ അനുഭാവികളായിട്ടുള്ളത്. പുഞ്ചിരി അസ്തമിക്കാത്ത മുഖവും വിനയം വഴിയുന്ന വാക്കുകളുമായി മുസ്അബുബ്‌നു ഉമൈര്‍(റ) യസ്‌രിബിലെത്തി. പലര്‍ക്കും പുതിയ സന്ദേശം പുതുമയായി. എന്നാല്‍ ചിലര്‍ക്കത് രസിച്ചില്ല. പ്രത്യേകിച്ച് അശ്ഹല്‍ ഗോത്രമുഖ്യനായ ഉസൈദിന്. അയാള്‍ വാളുമായി മുസ്അബുബ്‌നു ഉമൈര്‍(റ)ന്റെ സദസ്സിലെത്തി.

''അന്യനാട്ടില്‍ നിന്ന് വന്ന് ഇവിടുത്തുകാരെ കുഴപ്പത്തിലാക്കുകയോ? ഞങ്ങളുടെ ദൈവങ്ങളെ തള്ളിപ്പറയുന്ന മതം യസ്‌രിബില്‍ വേണ്ട'' ഉസൈദ് മുന്നറിയിപ്പു നല്‍കി.

''സഹോദരാ എന്റെ വാക്കുകളൊന്ന് കേള്‍ക്കൂ. താങ്കള്‍ പറ്റുമെങ്കില്‍ വിശ്വസിക്കൂ... സ്വീകാര്യമല്ലെങ്കില്‍ ഞാന്‍ ഇവിടെ വിട്ടു പോകാം.'' മുസ്അബുബ്‌നു ഉമൈര്‍(റ)ന്റെ അഭ്യര്‍ഥന ഉസൈദിന് ന്യായമായി തോന്നി.

''മുസ്അബുബ്‌നു ഉമൈര്‍(റ) ഖുര്‍ആനില്‍ നിന്ന് അല്പം ഓതി ഇസ്‌ലാമിന്റെ സന്ദേശം ഭംഗിയായി അവതരിപ്പിച്ചു. മാസ്മരികത നിറഞ്ഞ ആ വിനയസ്വരം ഉസൈദിനെ പിടിച്ചിരുത്തി. കേട്ടിരുന്നുപോയി അദ്ദേഹം.

''എത്ര മഹത്തരമായ സന്ദേശം, ഇതില്‍ കുഴപ്പമുണ്ടെന്നാരു പറഞ്ഞു!'' ഉസൈദ് മുസ്അബി(റ)നെ ആലിംഗനം ചെയ്തു. ഉസൈദും സഅ്ദുബ്‌നു മുആദും സഅ്ദുബ്‌നു ഉബാദയും ഒന്നൊന്നായി ഇസ്‌ലാം സ്വീകരിച്ചു. 

ഖുറൈശ് ഗോത്രത്തിലെ അബ്ദുദ്ദാര്‍ വംശത്തില്‍ ഉമൈറുബ്‌നു ഹാശിമിന്റെ മകനായിട്ടാണ് മുസ്അബിന്റെ ജനനം. മാതാവ് മക്കയിലെ പണക്കാരി ഖുനാസ് ബിന്‍ത് മാലിക്. അതീവ സുന്ദരനായ മുസ്അബ് മക്കയുടെ സുഗന്ധമായിരുന്നു. ഉമ്മയുടെ സീമന്ത പുത്രനും.

തിരുനബിയെയും ഇസ്‌ലാമിനെയും കുറിച്ച് പലരില്‍ നിന്നും കേള്‍ക്കാറുണ്ട് മുസ്അബ്. ഒരിക്കല്‍ അദ്ദേഹം ദാറുല്‍ അര്‍ഖമിലെത്തി. ദൂതര്‍ സ്വീകരിച്ചു. ഖുര്‍ആന്‍ കേട്ടു. നബി(സ്വ) ആ നെഞ്ചില്‍ തടവുകയും ചെയ്തു. മുസ്അബ് മാറി.

പണവും പരിമളവും വീട്ടിലുപേക്ഷിച്ച് ഇസ്‌ലാമിനെ നെഞ്ചേറ്റിയ മുസ്അബിന്റെ മാറ്റം ഉമ്മ ഖുനാസയറിഞ്ഞു. ഉപദേശിച്ചു. ഭീഷണിപ്പെടുത്തി. ദേഹോപദ്രവുമായി. സാമ്പത്തിക സഹായം നിര്‍ത്തി. എന്നാല്‍ ഉമ്മയെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയാണ് മുസ്അബ്(റ) ചെയ്തത്.

ഖുനാസ നിയന്ത്രണം വിട്ടു. മകനെ അവര്‍ ചങ്ങലക്കിട്ടു. തടവുകാരനാക്കി. എന്നാല്‍ വിശ്വാസം കൈവിടാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല.

മുസ്അബ്(റ) പ്രബോധനരംഗത്ത്

സഹികെട്ട ഉമ്മ ഒടുവില്‍ മകനെ കൈവിട്ടു. ''ഞാനിനി നിന്റെ ഉമ്മയല്ല, എന്റെ സ്വത്ത് നിനക്കുള്ളതല്ല, നിനക്ക് എങ്ങോട്ടെങ്കിലും പോകാം.''

മുസ്അബ് ഉമ്മയെ സത്യദീനിലേക്ക് വിളിച്ചു. അവരുടെ മറുപടി ഇങ്ങനെ ''എന്റെ ദൈവങ്ങള്‍ സത്യം, നിന്റെ മതം എനിക്ക് വേണ്ട''.

മുസ്അബ് അനാഥനായി. പണവും പത്രാസും പോയി. വീടും കുടുംബവും ഓര്‍മയായി. സുഗന്ധവും സൗന്ദര്യവും പഴങ്കഥയായി. മുഷിഞ്ഞ വസ്ത്രവും ഒട്ടിയ മുഖവുമായി നബി (സ്വ)യുടെ സദസ്സിലെത്തിയ മുസ്അബിനെ കണ്ട് പലരും സഹതപിച്ചു. എന്നാല്‍ ഇസ്‌ലാമില്‍ പൂര്‍ണ സംതൃപ്തനായ അദ്ദേഹം പ്രബോധനരംഗത്ത് നിറഞ്ഞു നിന്നു. അതിനിടെയാണ് ദൂതര്‍ അദ്ദേഹത്തെ യസ്‌രിബിലേക്കയച്ചത്.

ഹിജ്‌റയുടെ മൂന്നാം വര്‍ഷം ഉഹ്ദ് യുദ്ധത്തിന് കളമൊരുങ്ങി. ബദ്‌റിന് പ്രതികാരം വീട്ടാന്‍ അബൂസുഫ്‌യാനിറങ്ങി. മുസ്‌ലിംകളെ നയിച്ച് തിരുനബിയും.  മുസ്അബി(റ)ന്റെ കൈയില്‍ പതാക നല്‍കിക്കൊണ്ട്.

വിജയം മുസ്‌ലിംകള്‍ക്കരികെയെത്തിയപ്പോഴാണ് ഖാലിദ് പിന്നില്‍ നിന്നും അബൂസുഫ്‌യാന്‍ മുന്നില്‍ നിന്നും തുടരാക്രമണം നടത്തിയത്. അണികള്‍ ചിതറി. തിരുനബിക്ക് ചുറ്റും പ്രതിരോധ മതില്‍ തീര്‍ത്തവരില്‍ കൊടി പിടിച്ച് മുസഅബ്(റ) ഉണ്ടായിരുന്നു. എന്നാല്‍ വൈകാതെ ആ പതാക താഴെ വീണു; ചേതനയറ്റ് മുസ്അബും.

ഇബ്‌നു ഖുമൈഅയുടെ വെട്ടേറ്റ് വീഴുമ്പോള്‍ മുസ്അബ് ഒരു വാക്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ''മുഹമ്മദ് മുന്‍പ്രവാചകന്മാരെപ്പോലെയുള്ള ഒരു പ്രവാചകന്‍ മാത്രമാണ്'' ഇത് പിന്നീട് ഖുര്‍ ആന്‍വചനമായി ഇറങ്ങി (3 : 144).

മക്കയില്‍ സമ്പന്നതയുടെ ധവളിമയില്‍ വിരാജിച്ചിരുന്ന മുസ്അബി(റ)ന്റെ ജഡം കഫന്‍ ചെയ്യാന്‍ കേവലം ഒരു തുണിക്കഷ്ണമാണ് കിട്ടിയത്. തല മറച്ചപ്പോള്‍ മയ്യിത്തിന്റെ കാല് പുറത്തായി. കാലിന്റെ ഭാഗം പുല്ലുകൊണ്ട് മറച്ച് മയ്യിത്ത് ഖബ്‌റില്‍ വെക്കുമ്പോള്‍ തിരുനബി(സ്വ)യുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

''മക്കയില്‍ ആര്‍ഭാടപൂര്‍വ്വം ഉടയാടയണിഞ്ഞ മുസ്അബേ, ഇന്നിതാ നീ പാറിപ്പറന്ന തലമുടിയോടെ ഒരു കഷ്ണം തുണിയില്‍...''

മദീനയിലെത്തിയ നബി(സ്വ) മുസ്അബി(റ)ന്റെ ഭാര്യ ഹംനയെ സമാധാനിപ്പിക്കാന്‍ അവരുടെ വീട്ടിലെത്തി. ആ കണ്ണീരിന് മുമ്പില്‍ നബി(സ്വ) വേദനയോടെ നിന്നു.

Feedback