Skip to main content

ഖബ്ബാബ്‌ ബിൻ അറത്ത്(റ)


''നീ വഴിപിഴച്ചുവെന്നും ഹാശിം കുടുംബത്തിലെ ആ ധിക്കാരിയെ നീ പിന്തുടരാനുറച്ചുവെന്നും ഞങ്ങള്‍ കേട്ടല്ലോ. അത് ശരിയാണോ? '' സിബാഉബ്‌നു അബ്ദില്‍ ഉസ്സയും ശിങ്കിടികളും ഖബ്ബാബി(റ)നോട് ചോദിച്ചു. അദ്ദേഹമപ്പോള്‍ തന്റെ ആലയില്‍ ആയുധ നിര്‍മാണത്തിലായിരുന്നു. അവരെ ഗൗനിക്കാതെ ഖബ്ബാബ്(റ) പറഞ്ഞു.

''ഞാന്‍ വഴിപിഴച്ചിട്ടില്ല. നിങ്ങളുടെ വിഗ്രഹങ്ങളെ ഒഴിവാക്കി. ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുകയാണ് ചെയ്തത്.

അടിമയായ കൊല്ലപ്പണിക്കാരന്റെ മറുപടി കേട്ട സിബാഅ് ഇളിഭ്യനായി. പിന്നീടവിടെ മര്‍ദ്ദന പ്രകടനമായിരുന്നു. ആലയിലെ ഇരുമ്പുദണ്ഡുകളായിരുന്നു ആയുധങ്ങള്‍. ഖബ്ബാബ്(റ) ബോധരഹിതനായി വീണു. കറുത്തിരുണ്ട ആ മേനി രക്തം കൊണ്ട് ചുവന്നു.

വിവരം മക്കയില്‍ പാട്ടായി. ആദ്യമായാണ് ഒരടിമ വിശ്വാസം പരസ്യമാക്കുന്നത്. ഖുറൈശി നേതൃനിര ക്ഷുഭിതരായി. ഇതിങ്ങനെ വിട്ടാല്‍ നിയന്ത്രണം തെറ്റും. അബൂജഹ്‌ലും വലീദും അബൂസുഫ്‌യാനും ദാറുന്നദ്‌വയില്‍ സമ്മേളിച്ചു. അടിച്ചമര്‍ത്താനായിരുന്നു തീരുമാനം. ഖബ്ബാബിന്റെ കാര്യം നോക്കാന്‍ യജമാനത്തി ഉമ്മുഅന്‍മാര്‍, സഹോദരന്‍ സിബാഇനെത്തന്നെ ഏല്പിച്ചു. നജ്ദിലെ തമീം ഗോത്രത്തില്‍ അറത്തുബ്‌നു ജന്‍ദലയുടെ മകനായി ജനിച്ച ഖബ്ബാബ്(റ) കൊള്ളക്കാരുടെ പിടിയിലകപ്പെട്ടതിനെ തുടര്‍ന്ന് മക്കയിലെ അടിമച്ചന്തയിലെത്തി. ബാലനായ അവനെ ഖുസാഅ ഗോത്രക്കാരിയായ സമ്പന്ന ഉമ്മുഅന്‍മര്‍ വിലക്ക് വാങ്ങി. വാള്‍ നിര്‍മാണത്തില്‍ പ്രാവീണ്യം കാട്ടിയ അവനെ അവള്‍ കൊല്ലപ്പണി പഠിപ്പിച്ചു.

യുവാവായ ഖബ്ബാബ് മക്കയിലെ അറിയപ്പെട്ട ആയുധ നിര്‍മാതാവായി. ഉമ്മുഅന്‍മാര്‍ അവനെക്കൊണ്ട് കൂടുതല്‍ സമ്പന്നയുമായി. വിഗ്രഹങ്ങളെയും അറബികളുടെ അടിമ സമ്പ്രദായ ത്തെയും വെറുത്ത ആ ചെറുപ്പക്കാരന്‍ മോചനവഴി തേടുകയായിരുന്നു. അതിനിടെയാണ് തിരുനബി(സ്വ)യുടെ  രംഗപ്രവേശം. ഖബ്ബാബ് പിന്നെ കാത്തുനിന്നില്ല.

ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഖബ്ബാബി(റ)നെപോലെ ക്രൂരപീഡനങ്ങള്‍ സഹിച്ച മറ്റൊരാളുണ്ടാവില്ല. ഉമ്മു അന്‍മറും സഹോദരന്‍ സിബാഉം പീഡനകാര്യത്തില്‍ മത്സരിച്ചു.

പൊള്ളുന്ന ഉച്ചവെയില്‍ എരിയാന്‍ വെമ്പുന്ന മരുഭൂമിയില്‍ നഗ്നനായി കിടത്തി ശരീരത്തില്‍ കല്ലുകള്‍ വെച്ച് അവര്‍ ചോദിക്കും, ഖബ്ബാബി(റ)നോട്, മുഹമ്മദിനെപ്പറ്റി ഇപ്പോള്‍ നീ എന്തു പറയുന്നുവെന്ന്. ''അല്ലാഹുവിന്റെ ദൂതര്‍ തന്നെ എന്റെ പ്രവാചകന്‍'' ഖബ്ബാബ്(റ) മറുപടി  പറയും. 

ശരീരത്തില്‍ ഇരുമ്പു കവചങ്ങള്‍ അണിയിച്ച് അഗ്നിപരീക്ഷണം നടത്തി അവര്‍ ചോദിക്കും. ലാത്തയെയും ഉസ്സയെയും കുറിച്ച് എന്തു പറയുന്നു. ''കേവലം രണ്ട് കല്‍പ്രതിമകള്‍'' ഖബ്ബാബി(റ)ന്റെ മറുപടി.

ഒരിക്കല്‍ ഈ കരളുരുക്കും കാഴ്ച തിരുനബി കാണാനിടയായി. കണ്ണുനീരില്‍ ആ കവിളുകള്‍ നനഞ്ഞു. ''നാഥാ, നീ ഖബ്ബാബിനെ കാത്തുകൊള്ളണേ'' ദൂതര്‍ പ്രാര്‍ഥനാനിരതനായി.

അധികം വൈകാതെ ഉമ്മുഅന്‍മാര്‍ രോഗിയായി. തലയില്‍ ഇരുമ്പ് ദണ്ഡ് ചൂടാക്കി നിത്യവും ചൂടുവെക്കണമെന്നാണ് വൈദ്യര്‍ മരുന്നായി വിധിച്ചിരുന്നത്. ആ ചികിത്സ നടത്തിയത് അടിമയായ ഖബ്ബാബും. അസഹ്യമായ വിങ്ങലില്‍ അവര്‍ ഭ്രാന്തിയെപ്പോലെ ഓടുന്നത് ഖബ്ബാബും കണ്ടു.

ഖബ്ബാബും ഖുര്‍ആനും

ദാറുല്‍ അര്‍ഖമിലെ തിരുനബിയുടെ പാഠശാലയില്‍ നിത്യപഠിതാവായിരുന്നു ഖബ്ബാബ്(റ). ഖുര്‍ആന്‍ തിരുമുഖത്ത് നിന്ന് പഠിക്കുകയായിരുന്നു.  മറ്റുള്ളവരെ അത് പഠിപ്പിക്കാന്‍ നബി(സ്വ) അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ഉമറി(റ)ന്റെ സഹോദരി ഫാത്വിമക്കും ഭര്‍ത്താവ് സഈദിനും അവരുടെ വീട്ടിലെത്തി ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നത് ഉദ്ദേഹമായിരുന്നു. സ്വകാര്യമായിട്ടാ യിരുന്നു ഇത്.

ഖബ്ബാബ്(റ) ചില ഖുര്‍ആന്‍ വചനങ്ങളുടെ അവതരണത്തിന് കാരണക്കാരനാവുകയും ചെയ്തു. ആസ്വിമുമുബ്‌നുവാഹുല്‍ വാങ്ങിയ കടം ഖബ്ബാബ്(റ) തിരിച്ചു ചോദിച്ചു. മുഹമ്മദിനെ തള്ളിപ്പറഞ്ഞാല്‍ തരാമെന്നായി ആസ്വിം. നീ മരിച്ചുവന്നാലും അത് നടക്കില്ലെന്ന് ഖബ്ബാബും. എങ്കില്‍ ഞാന്‍ മരിച്ച് തിരിച്ച് വരികയും എനിക്ക് കുറെ പണം ലഭിക്കുകയും ചെയ്താല്‍ നിന്റെ കടം തിരികെ തരാം എന്ന് പരിഹാസരൂപേണ ആസ്വിം പറഞ്ഞു.

ഈ സംഭവത്തെ തുടര്‍ന്നാണ് സൂറ മര്‍യമിലെ 77മുതല്‍ 80 വരെയുള്ള  സൂക്തങ്ങള്‍ ഇറങ്ങുന്നത്.

പ്രബോധനാരംഭത്തില്‍ ഖബ്ബാബ്, ബിലാല്‍, അമ്മാര്‍, യാസിര്‍ പോലുള്ള അടിമകളായിരുന്നവല്ലോ നബി(സ്വ)യില്‍ വിശ്വസിച്ചിരുന്നവര്‍. ഇവരെ ചൂണ്ടിക്കാണിച്ച് ''ഞങ്ങളുടെ വേലക്കാരായ ഇവരോ ടൊപ്പം സദസ്സ് പങ്കിടണമെന്നാണോ മുഹമ്മദ്, നീ ഞങ്ങളോട് പറയുന്നത്'' എന്ന് ഖുറൈശികള്‍ ചോദിച്ചിരുന്നു. ഇതിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ടിറങ്ങിയതാണ് സൂറ അന്‍ആമിലെ (52-55) വചനങ്ങള്‍.

ഹിജ്‌റയില്‍ പങ്കെടുത്ത ഖബ്ബാബ്(റ) ബദ്‌റിലും ഉഹ്ദിലും പടച്ചട്ടയണിഞ്ഞു ഉഹ്ദില്‍ തന്റെ മര്‍ദകനായ സിബാഇന്റെ മരണവും അദ്ദേഹം കണ്ടു.

ഉമറി(റ)ന്റെ ഭരണകാലത്ത് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യകാല മുസ്‌ലിമും മുഹാജിറുമായ ഖബ്ബാബി(റ)നും പെന്‍ഷന്‍ ലഭിച്ചു. ഇതുപക്ഷേ ദാനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ യാതനകള്‍ക്ക് ഇഹലോകത്ത് തന്നെ അല്ലാഹു പ്രതിഫലം നല്‍കുകയാണോ എന്നായിരുന്നു ഖബ്ബാബിന്റെ ഭയം. 

അലി(റ)യുടെ ഭരണകാലത്ത് ഹിജ്‌റ 37ല്‍ കൂഫയില്‍ വെച്ചായിരുന്നു ആ കര്‍മയോഗിയുടെ അന്ത്യായാത്ര.

Feedback