Skip to main content

അബൂദര്‍റില്‍ ഗിഫാരി(റ)

കഅ്ബയിലെ വിഗ്രഹങ്ങളെ സന്ദര്‍ശിക്കാന്‍ വന്ന തിര്‍ഥാടകനോ വഴിതെറ്റിവന്ന സഞ്ചാരിയോ ആണെന്നു ധരിക്കുമാറ് വേഷപ്രച്ഛന്നനായിരുന്നു അദ്ദേഹം. മരുഭൂമികള്‍ താണ്ടി മക്കയില്‍ എത്തുമ്പോള്‍ ക്ഷീണിച്ച് അവശനായിരുന്നു. ഒരു ദിവസം കാലത്ത് നബി ഒറ്റയ്ക്കിരിക്കുമ്പോള്‍ അബൂദര്‍റ്  സന്നിഹിതനായി. അറബി സഹോദരാ എന്ന് നബിയെ അഭിസംബോധന ചെയ്ത് കവിത കേള്‍പ്പിക്കണമെന്നാവശ്യപ്പെട്ടു. 'ഇത് കവിതയല്ല, മഹത്തായ ഖുര്‍ആനാണ്.' എന്ന് നബി. ഓത്ത് ശ്രദ്ധയോടെ കേട്ട അബൂദര്‍റ് ശഹാദത്തു കലിമ ചൊല്ലി മുസ്‌ലിമായി. ഗിഫാര്‍ ഗോത്രക്കാരനാണെന്നറിഞ്ഞപ്പോള്‍ പ്രവാചകന്‍ സന്തോഷിച്ചു. കുപ്രസിദ്ധരായ കൊള്ളക്കാരായിരുന്നു ഗിഫാര്‍ ഗോത്രം. അത്തരം ഒരു ഗോത്രത്തില്‍ നിന്ന് ഒരാള്‍ ഇസ്‌ലാമിന്റെ ശൈശവപ്രായത്തില്‍ ഇസ്‌ലാമിലെത്തിയത് പ്രവാചകനെ വിസ്മയിപ്പിച്ചു. 

ജാഹിലിയ്യാ കാലത്ത് വിഗ്രഹാരാധനയെ എതിര്‍ക്കുകയും സൃഷ്ടികര്‍ത്താവ് മാത്രമാണ് ദൈവമെന്ന് വിശ്വസിക്കുകയും ചെയ്ത അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹമെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു. മുസ്‌ലിംകളില്‍ അദ്ദേഹത്തിന്റെ സ്ഥാനം മുന്‍ഗണനാക്രമമനുസരിച്ച് അഞ്ചാമനോ ആറാമനോ ആണ്. 

രഹസ്യപ്രബോധനത്തിന്റെ കാലഘട്ടമായിരുന്നു അത്. അബൂദര്‍റും സഹവിശ്വാസികളായ മറ്റു അഞ്ചു പേരുമല്ലാതെ ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കാന്‍ നബിക്ക് മറ്റൊരാളെ കിട്ടാത്ത സന്ദര്‍ഭം. വിശ്വാസം ഉള്ളിലൊതുക്കി ആരുമറിയാതെ നാട്ടിലേക്ക് തിരിച്ചു പോകണം. പക്ഷേ, സത്യം തുറന്നടിക്കുകയും അന്യായം എവിടെ കണ്ടാലും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുകയും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു അബൂദര്‍റ്. താന്‍ കണ്ടെത്തിയ സത്യം തുറന്നു പറയാതെ നിശ്ശബ്ദനായി വീട്ടില്‍ പോകാന്‍ അദ്ദേഹം തയ്യാറായില്ല. മസ്ജിദുല്‍ ഹറാമില്‍ കടന്ന് അന്തരീക്ഷം ഭേദിക്കുമാറ് വിളിച്ചു പറഞ്ഞു. 'അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് വഅശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്.'

ഇസ്‌ലാമിനെക്കുറിച്ച് ആദ്യത്തെ പരസ്യ പ്രഖ്യാപനം. അത് നടത്തുന്നതോ മക്കയില്‍ രക്ഷിക്കാന്‍ ഉറ്റവരോ ഉടയവരോ ഇല്ലാത്ത ഒരു പരദേശി. അദ്ദേഹത്തെ അവര്‍ വളഞ്ഞിട്ടുതല്ലി അവശനാക്കി താഴെയിട്ടു. 

പിറ്റേന്ന് രണ്ടു സ്ത്രീകള്‍ കഅ്ബയിലെ ഉസാഫ്, നാഈ  എന്നീ വിഗ്രഹങ്ങളെ  വലം വെക്കുന്നതും ഭക്തിപൂര്‍വ്വം പ്രാര്‍ഥിക്കുന്നതും കണ്ട അബൂദര്‍റിനു മൗനം ദീക്ഷിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ആ ബിംബങ്ങളെ അവരുടെ മുമ്പില്‍ വെച്ചു പുച്ഛിച്ചു സംസാരിച്ചു. ഇതു കേട്ട് സ്ത്രീകള്‍ അലമുറയിട്ടു. പുരുഷന്‍മാര്‍ ഓടിവന്ന് അദ്ദേഹത്തേ ബോധം കെടുവോളം തല്ലി. 

പരസ്യപ്രബോധനത്തിന് സമയമായിട്ടില്ലെന്നും തന്മൂലം സ്വദേശത്തേക്ക് മടങ്ങിപ്പോകണമെന്നും പ്രവാചകന്‍ ഉപദേശിച്ചതിനാല്‍ അബൂദര്‍റ് നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ അബൂദര്‍റ് നബിയെക്കുറിച്ചും അദ്ദേഹത്തിന്റ തത്വങ്ങളെക്കുറിച്ചും സ്വഗോത്രക്കാരെ കേള്‍പ്പിച്ചു. അവര്‍ ഓരോരുത്തരായി വന്നു. പിന്നീട് അസ്‌ലം ഗോത്രത്തിലും അദ്ദേഹം ഇസ്‌ലാമിന്റെ കൈത്തിരി കത്തിച്ചു. 

കാലം കുറെ കഴിഞ്ഞു. നബിയും അനുയായികളും മദീനയില്‍ സ്ഥിരതാമസമാക്കി. ഒരു ദിവസം, വമ്പിച്ച ഒരു ജനാവലി മദീനയുടെ അതിര്‍ത്തി കടന്നു വരുന്നു. അവര്‍ മദീനയിലെത്തി നബിയുടെ പള്ളിയിലേക്കാണ് നേരെ പോയത്. ഗിഫാര്‍ ഗോത്രക്കാരും അസ്‌ലം ഗോത്രക്കാരുമായിരുന്നു അത്. ഇവരെയെല്ലാം അബൂദര്‍റ് മുഖേന ഇസ്‌ലാം സ്വീകരിച്ചുവന്നിരിക്കുകയാണ്. 

ഒരിക്കല്‍, 'സമൂഹത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്ന ഗവര്‍ണര്‍മാരെ താന്‍ കൊന്നുകളയു'മെന്ന നിലപാടെടുത്ത അബൂദര്‍റിനോട് തന്നെ കണ്ടുമുട്ടുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാനാണ് നബി(സ്വ) ഉപദേശിച്ചത്. ഇത്തരം ഭരണാധികാരികള്‍ക്കെതിരെ മൂര്‍ച്ചയുള്ള നാവ് ഉപയോഗിക്കുന്നത് പ്രവാചകന്‍ വിലക്കിയിട്ടില്ലെന്ന് അദ്ദേഹം സമാധാനിച്ചു.

പ്രവാചക വിയോഗാനന്തരം അബുബക്ര്‍, ഉമര്‍ ഖലീഫമാര്‍ മുസ്‌ലിംകളെ നയിച്ചു. കാലക്രമത്തില്‍ ചില ഗവര്‍ണര്‍മാരെങ്കിലും സാമ്പത്തിക സൂക്ഷ്മതയില്‍ കണിശതയില്ല എന്ന് ബോധ്യമായ അബൂദര്‍(റ) അവര്‍ക്കെതിരെ ശക്തമായ നിലപാടെടുത്തു. ശാമിലെ ഗവര്‍ണറായ മുആവിയ ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. ജനങ്ങള്‍ അദ്ദേഹത്തില്‍ ആകൃഷ്ടരാവുന്നു എന്ന് കണ്ട് മുആവിയ ഖലീഫക്ക് വിവരമറിയിച്ചു.

മഹാനായ ആ സ്വഹാബിയുടെ സ്ഥാനം അറിയുന്നതുകൊണ്ട് മുആവിയ പ്രത്യക്ഷനടപടികളൊന്നും കൈക്കൊണ്ടില്ല. 'ശാമില്‍ അബൂദര്‍റ് ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നു' എന്നു ഖലീഫാ ഉസ്മാനെ എഴുതി അറിയിക്കുക മാത്രം ചെയ്തു. മദീനയിലേക്ക് വിളിച്ചുകൊണ്ടുള്ള ഉസ്മാന്റെ നിര്‍ദേശം കിട്ടിയപ്പോള്‍ അദ്ദേഹം മടങ്ങി. 'താങ്കള്‍ എന്റെ അടുക്കല്‍ താമസിക്കണം. ജീവിക്കാനുള്ള സൗകര്യങ്ങളെല്ലാം ഞാന്‍ ചെയ്യാം.' ഉസ്മാന്‍(റ) നിര്‍ദേശിച്ചു. ഇതിന് അബൂദര്‍റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'നിങ്ങളുടെ ദുന്‍യാവ് എനിക്കാവശ്യമില്ല'. ഭരണത്തിന്റെയും സമ്പത്തിന്റെയും സ്വാധീനത്തിന് അദ്ദേഹം ഒരിക്കലും വഴങ്ങിയില്ല. ഇറാക്കിലെ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'വേണ്ട വേണ്ടാ! ദുന്‍യാവുകൊണ്ട് ഒരിക്കലും നിങ്ങളെന്നെ പ്രലോഭിപ്പിക്കാന്‍ നോക്കേണ്ട!'.

വിജനമായ റബ്ദയില്‍ കുടുംബങ്ങളോ സ്‌നേഹജനങ്ങളോ ഇല്ലാതെ ഏകാകിയായി അബൂദര്‍റ്(റ) അന്ത്യശ്വാസം വലിച്ചു. അതുല്യമായിരുന്നു അദ്ദേഹത്തിന്റ ജീവിത യാത്ര.

അബൂദര്‍രില്‍ ഗിഫാരി. ശരിയായ പേര്. ജുന്‍ദുബ്‌നു ജുനാദ്. സ്വദേശം യമന്‍. ഗോത്രം കിനാന (ഗഫാര്‍). പിതാവ് ജുനാദത്ബ്‌നു സകന്‍. മരണം ഹി: 32.


 

Feedback