Skip to main content

ഉഖ്ബതുബ്‌നു ആമിര്‍(റ)

മദീനയില്‍ അലതല്ലിയ ആഹ്ലാദവും ആവേശവും അതിവേഗം കുഗ്രാമങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും എത്തി. വിദൂരമായ മലഞ്ചെരുവില്‍ ആടുകളെ മേയ്ച്ചു ജീവിച്ച ഉഖ്ബതുബ്‌നു ആമിര്‍ വിവരമറിഞ്ഞ ഉടനെ തന്റെ ആടുകളെ വിട്ട് മദീനയിലേക്കോടി പ്രവാചക സന്നിധിയിലെത്തി. നബിയെ കണ്ടത് അദ്ദേഹം വിശദീകരിക്കുന്നു.

''നബി മദീനയില്‍ വന്ന സമയത്ത് ഞാന്‍ എന്റെ ആടുകളെ മേയ്ക്കാന്‍ പോയതായിരുന്നു. തിരുമേനിയുടെ ആഗമനം അറിഞ്ഞ ഉടനെ ഞാന്‍ ഇരുവശവും നോക്കാതെ ആടുകളെ അവിടെയാക്കി പുറപ്പെട്ടു. നബിയെ കണ്ടപ്പോള്‍ അല്ലാഹുവിന്റെ റസൂലേ, അവിടുന്ന് എനിക്കു പ്രതിജ്ഞ ചൊല്ലിത്തന്നാലും എന്നു ഞാന്‍ പറഞ്ഞു. താങ്കള്‍ ആരാണെന്ന് നബി ചോദിച്ചു. ഉഖ്ബതുബ്‌നു ആമിര്‍ അല്‍ജുഹനിയാണെന്ന് ബോധിപ്പിച്ചപ്പോള്‍ അവിടുന്ന് എന്നോട് ചോദിച്ചു. അറബികളുടെ പ്രതിജ്ഞയാണോ താങ്കള്‍ക്കിഷ്ടം? അതോ ഹിജ്‌റയുടെ പ്രതിജ്ഞയോ? ഹിജ്‌റയുടെ പ്രതിജ്ഞ മതിയെന്നു ഞാന്‍ പറഞ്ഞു. തത്സമയം നബി മുഹാജിറുകള്‍ ചെയ്തരീതിയിലുള്ള പ്രതിജ്ഞ എനിക്കു ചൊല്ലിത്തന്നു.''

തുടര്‍ന്ന് ഉഖ്ബതുബ്‌നു ആമിര്‍ നബിയെ നിഴലെന്നോണം പിന്തുടര്‍ന്നു. നബി എവിടെപ്പോയാലും വാഹനത്തിന്റെ കയര്‍ പിടിച്ച് തിരുമേനിയുടെ ഒപ്പമുണ്ടാവും. പലപ്പോഴും തിരുമേനി അദ്ദേഹത്തെ വാഹനത്തിന്റെ പിറകില്‍ ഇരുത്താറുണ്ട്. തന്‍മൂലം അദ്ദേഹത്തെ നബിയുടെ വാഹനത്തിന്റെ പിറകിലിരിക്കുന്നവന്‍ (റദീഫ്) എന്നുവരെ കൂട്ടുകാര്‍ വിളിച്ചു. 

രണ്ട് വിഷയത്തിലായിരുന്നു ഉഖ്ബതുബ്‌നു ആമിറിന്റെ ശ്രദ്ധ മുഴുവന്‍. ജ്ഞാന സമ്പാദനത്തിലും ധര്‍മയുദ്ധത്തിലും. നബിയുടെ വിജ്ഞാന സാഗരത്തില്‍ മുങ്ങിക്കുളിച്ച അദ്ദേഹം ഖുര്‍ആനിലും ഹദീസിലും കര്‍മശാസ്ത്രത്തിലും അനന്തരാവകാശ നിയമങ്ങളിലും അവഗാഹം നേടി. കവിയും സാഹിത്യകാരനും കൂടിയായിരുന്നു അദ്ദേഹം.

വശ്യവും കര്‍ണാനന്ദകരവുമായ ശബ്ദത്തില്‍ ഖുര്‍ആന്‍ ഓതാന്‍ ഉഖ്ബതിനെപ്പോലെ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. രാത്രിയില്‍ അന്തരിക്ഷം നിശ്ശബ്ദമായാല്‍ അദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്യല്‍ പതിവാണ്. 

വിദഗ്ധനായ ഒളിഭടനായിരുന്ന അദ്ദേഹം. ദമസ്‌കസ് വിമോചനത്തില്‍ അവിസ്മരണീയമായ രംഗങ്ങള്‍ കാഴ്ചവെച്ചു. നബിയോടൊപ്പം ഉഹ്ദിലും പിന്നീടുണ്ടായ എല്ലാ യുദ്ധങ്ങളിലും ഉഖ്ബ പങ്കെടുത്തു. ഈജിപ്ത് കീഴടക്കിയ മുസ്‌ലിം സൈന്യത്തില്‍ ഒരു സൈന്യനായകനായിരുന്ന ഉഖ്ബ. ഈജിപ്തില്‍ മൂന്ന് വര്‍ഷം ഗവര്‍ണറുമായിരുന്നു.  

ഈജിപ്തിലായിരിക്കെ രോഗബാധിതനായി മരണം അടുത്തപ്പോള്‍ ഉഖ്ബ തന്റെ മക്കളെ അടുത്തുവിളിച്ച് ഇപ്രകാരം വസ്വിയ്യത്ത് ചെയ്തു. മൂന്നു കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു നിരോധിക്കുന്നു. അത് നിങ്ങള്‍ ജിവിത്തില്‍ പാലിക്കണം. നബിയെക്കുറിച്ച് വിശ്വാസയോഗ്യമായ ഹദീസുകളല്ലാതെ സ്വീകരിക്കരുത്. പുതപ്പ് ഉടുക്കേണ്ടിവന്നാലും കടം വാങ്ങരുത്. കവിത രചിച്ച് നിങ്ങളുടെ ഹൃദയങ്ങളെ ഖുര്‍ആനിനെക്കുറിച്ച് അശ്രദ്ധമാക്കരുത്. 

ഉഖ്ബതുബ്‌നു ആമിര്‍അല്‍ജുഹനി. സ്വദേശം മദീന. പിതാവ് ആമിറുബ്‌നു അബ്‌സ്. ജുഹൈന ഗോത്രക്കാരന്‍. ഹി. 58 (ക്രി. 678)ല്‍ ഈജിപ്തിലെ അല്‍മുഖത്ത്വമില്‍ മരിച്ചു.
 

Feedback