Skip to main content

സഅ്ദ് ബിൻ മുആദ്(റ)

ഹിജ്‌റ ആറാം വര്‍ഷം, ഖുറൈശികളും ഗത്ഫാനികളും സംയുക്തമായി മുസ്‌ലിംകളെ നേരിടാനൊരുങ്ങി. മദീന ആശങ്കയിലായി. ഇതിനിടെ ഉടമ്പടി ലംഘിച്ച് ബനൂഖുറൈദ്വ ഗോത്രവും മുസ്‌ലിംകള്‍ക്കെതിരെ തിരിഞ്ഞു. പ്രതിരോധതന്ത്രം ആലോചിക്കവെ, ഗത്ഫാനികളെ പിന്തിരിപ്പിക്കുക എന്ന ചിന്ത ഉയര്‍ന്നു. നബി(സ്വ) ഗത്ഫാന്‍ നേതാക്കളുമായി ചര്‍ച്ച നത്തി. അവര്‍ പിന്തിരിയാന്‍ സന്നദ്ധരായി. പകരം മദീനയിലെ ആ വര്‍ഷത്തെ വിളവെടുപ്പിന്റെ മൂന്നിലൊന്ന് തങ്ങള്‍ക്ക് തരണം എന്ന നിബന്ധനയും വെച്ചു.

ധാരണയായെങ്കിലും നബി(സ്വ) കരാറൊപ്പിട്ടില്ല. അന്‍സ്വാരികളോട് ആലോചിച്ചാവാമെന്നു കരുതി. തിരുമേനി സ്വഹാബികളെ വിളിച്ചു കൂട്ടി വിഷയം പറഞ്ഞു.

''

''ഈ തീരുമാനം അല്ലാഹുവിന്റെതോ അങ്ങയുടേതോ'' സഅദുബ്‌നു മുആദ്(റ) ചോദിച്ചു. ''എന്റേതുമാത്രം'' എന്നായിരുന്നു നബി(സ്വ)യുടെ മറുപടി. സഅദ്(റ) പറഞ്ഞു. ''ദൂതരേ, ഞങ്ങളും ഗത്ഫാന്‍കാരും ബിംബാരാധകരായിരുന്നു. അക്കാലത്തുപോലും വിരുന്നോ വില്പനയോ വഴിയല്ലാതെ ഞങ്ങളുടെ പഴം അവര്‍ക്ക് ലഭിച്ചിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ ഇസ്‌ലാം വഴി പ്രതാപികളായി. ശക്തരുമായി. ഈ സമയത്ത് ഞങ്ങളുടെ സ്വത്ത് ബിംബാരധകരായ അവര്‍ക്ക് വെറുതെ കൊടുക്കുകയോ? അവര്‍ക്ക് വാളല്ലാതെ മറ്റൊന്നും കൊടുത്തുകൂടാ''.

സഅ്ദിന്റെ വാക്കുകളില്‍ നിന്ന് നബി(സ്വ) വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു. ഉടനെ, ധാരണയില്‍നിന്ന് ഒഴിഞ്ഞതായി നബി(സ്വ) ഗത്ഫാനികളെ അറിയിച്ചു. യുദ്ധത്തിനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തു.

വിശ്വാസ യൗവനം

ഔസ് ഗോത്രമുഖ്യനും അശ്ഹല്‍ കുടുംബാംഗവുമായ മുആദുബ്‌നു നുഅ്മാന്റെ മകന്‍ സഅ്ദ്(റ). നബി(സ്വ)യുടെ ദൂതനായി മദീനയിലെത്തിയ മുസ്അബ്(റ) വഴിയാണ് സത്യമതത്തിലേ ക്കെത്തിയത്. അപ്പോള്‍ വയസ്സ് മുപ്പത്തൊന്ന്. ആറു വര്‍ഷത്തെ ഇസ്‌ലാമിക ജീവിതത്തിന് ശേഷം മരണപ്പെട്ടു. 

ഈ സുമുഖനായ യുവാവ് മദീനയിലെത്തിയ മുഹാജിറുകള്‍ക്ക് വാതില്‍ തുറന്നിട്ട് നല്‍കി. അവര്‍ക്കാവശ്യമുള്ളതെല്ലാം കൊടുത്തു. പല നിര്‍ണായക വേളകളിലും നബി(സ്വ) സഅ്ദുബ്‌നു മുആദിന്റെ അഭിപ്രായം തേടിയിരുന്നു.

അതിലൊന്ന് ബദ്ര്‍ യുദ്ധവേളയിലാണ് മുഹാജിറുകളെയും അന്‍സ്വാരികളെയും വിളിച്ചുകൂട്ടി അഭിപ്രായം തേടിയപ്പോള്‍ അന്‍സ്വാരികളുടെ നിലപാട് സഅ്ദ്(റ) വ്യക്തമാക്കി.

ദൂതരേ, ഞങ്ങള്‍ അങ്ങയില്‍ വിശ്വസിച്ചു. അങ്ങയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയുമെടുത്തു. അതിനാല്‍ താങ്കള്‍ വിചാരിക്കുന്ന വഴിയിലൂടെ നീങ്ങുക. അങ്ങയെ സത്യാന്വേഷണവുമായി അയച്ചവന്‍ സത്യം, ഞങ്ങളെയും കൊണ്ട് നദിയിലേക്കാണ് അങ്ങ് ഇറങ്ങുന്നതെങ്കില്‍ ഞങ്ങളും കൂടെ ഇറങ്ങും. യുദ്ധക്കളത്തില്‍ താങ്കള്‍ക്ക് കണ്‍കുളിര്‍മ നല്‍കുന്ന രംഗങ്ങള്‍ ഞങ്ങളില്‍ നിന്നുണ്ടാവും.

ഈ വാക്കുകള്‍ ദൂതരെ ആവേശം കൊള്ളിച്ചു. ബദ്ര്‍ യുദ്ധഭൂമിയില്‍ തിരുനബി ഇത് കാണുകയും ചെയ്തു. ഉഹ്ദിലും സഅ്ദ്(റ) വീരോചിതം പോരാടി.

ഖന്‍ദഖില്‍ യുദ്ധത്തിനിടെ അമ്പേറ്റ് മാരകമായ മുറിവുപറ്റി. സഅ്ദ്(റ)നെ പരിചരണത്തിനായി പള്ളിയില്‍ കിടത്തി. നബി(സ്വ) നേരെ പോയത് കരാര്‍ ലംഘനം വഴി വഞ്ചിച്ച ബനൂഖുറൈദക്കാരെ നേരിടാനായിരുന്നു. ഉപരോധം  ദിവസങ്ങള്‍ നീണ്ടു. ഒടുവില്‍ ഖുറൈദക്കാര്‍ കീഴടങ്ങി. അവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സഅ്ദ്(റ)നെ കൊണ്ടുവന്നു ദൂതര്‍(സ്വ).

സഅ്ദ്(റ) വിധിപറഞ്ഞു. ''വഞ്ചനക്കുള്ള ശിക്ഷ മരണമാണ്. ബനൂഖുറൈദയിലെ യോദ്ധാക്കളെ കൊല്ലുക. സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുക. സ്വത്ത് പിടിച്ചെടുക്കുക'' നബി(സ്വ) വിധി നടപ്പാക്കി.
 

Feedback