ഇസ്‌ലാം സ്വീകരിച്ച ഏഴാമത്തെ വ്യക്തിയാണ് ഉത്ബതുബ്‌നു ഗസ്‌വാന്‍. മദീനയിലെ മാസിന്‍ എന്നറിയപ്പെടുന്ന ഖൈസ് ഐലാന്‍ ഗോത്രത്തില്‍ ഗസ്‌വാനുബ്‌നു ജാബിറിന്റെ മകനായി ഹിജ്‌റക്ക് 40 കൊല്ലം മുമ്പ് ജനിക്കുകയും ഹിജ്‌റ 17ാം കൊല്ലം മരണപ്പെടുകയും ചെയ്തു.
പേര്‍ഷ്യന്‍ സൈന്യത്തെ ആളും അര്‍ഥവും നല്കി സഹായിക്കുന്ന കേന്ദ്രമായ ഉബുല്ലായെ കീഴടക്കാന്‍ ഉമര്‍(റ) അയച്ച സൈന്യത്തിന്റെ നായകനായിരുന്നു. ദുര്‍ബലമായ സൈന്യത്തിന് തന്ത്രപരമായ നീക്കങ്ങളിലൂടെ വിജയം കൈവരിക്കാന്‍ ഉത്ബയാണ് അനുയോജ്യന്‍ എന്ന് ഖലീഫ തീരുമാനിക്കുകയായിരുന്നു. ബദ്ര്‍, ഉഹുദ്, ഖന്‍ദഖ്, യമാമ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ഉത്ബയെ ശത്രുക്കളുടെ ശക്തികേന്ദ്രമായ ഉബുല്ലായിലേക്ക് യാത്രയാക്കുമ്പോള്‍ ഖലീഫ ഉമര്‍(റ) നല്‍കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വരുന്നവരെ വെറുതെ വിടണമെന്നും വഴങ്ങിയില്ലെങ്കില്‍ കപ്പം സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മാത്രം യുദ്ധം ചെയ്യുക എന്നുമാണ് കല്പിച്ചത്. അല്ലാഹുവിലുള്ള ഭയം ഒരിക്കലും കളയരുതെന്നും ശക്തമായ താക്കീത് ഖലീഫ നല്‍കി.
വന്‍സൈന്യമുള്ള പേര്‍ഷ്യക്കാരോടേറ്റുമുട്ടാന്‍ മുന്നൂറില്‍പ്പരം യോദ്ധാക്കള്‍ മാത്രമുള്ള സൈന്യമായിരുന്നു ഉത്ബതുബ്‌നു ഗസ്‌വാന്റേത്. കൂടെ സ്വപത്‌നിക്കുപുറമെ യോദ്ധാക്കളുടെ ഭാര്യമാരും സഹോദരിമാരുമായി 5 സ്ത്രീകളുമുണ്ടായിരുന്നു. ഉബുല്ലക്ക് സമീപം കടുത്ത പട്ടിണി യിലായിരുന്ന സംഘത്തിന് മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടിയ ഭക്ഷണം ആശ്വാസകരമായി.
ഉത്ബതുബ്‌നു ഗസ്‌വാന്റെ ലക്ഷ്യസ്ഥാനമായ ഉബുല്ല ടൈഗ്രീസ് നദിയുടെ തീരങ്ങളുള്ള സുരക്ഷിതവും സുശക്തവുമായ പട്ടണമായിരുന്നു. തന്റെ ശുഷ്‌കിച്ച സൈന്യത്തിന്റെ പിന്നില്‍ ധ്വജവാഹകരായി സ്ത്രീകളെ നിര്‍ത്തിയും പൊടിപടലങ്ങള്‍ കൊണ്ട് സൈന്യത്തിന്റെ എണ്ണം ശത്രുക്കള്‍ക്ക് മനസ്സിലാക്കാന്‍ ഇടം കൊടുക്കാതെയും തന്ത്രപരമായി ഉത്ബ ഉബുല്ല കീഴടക്കി. പേര്‍ഷ്യന്‍ സൈന്യം അവരുടെ സര്‍വ മുതലും ഉബുല്ലയില്‍ ഉപേക്ഷിച്ച് ടൈഗ്രീസ് നദിയില്‍ നങ്കൂരമിട്ടിരുന്ന കപ്പലുകളില്‍ കയറി രക്ഷപ്പെട്ടു.
മുസ്‌ലിംകള്‍ക്ക് എണ്ണമറ്റ സമ്പത്ത് ഈ സൈനിക നീക്കത്തില്‍ നിന്ന് കരസ്ഥമായി. ഉബുല്ലയെ നഗരവത്കരിക്കാനുള്ള ഖലീഫയുടെ ഉത്തരവിനെത്തുടര്‍ന്ന് ഉത്ബ തന്നെ പ്ലാന്‍ തയ്യാറാക്കുകയും ഉബുല്ലയെ ഇന്നറിയപ്പെടുന്ന ബസ്വ്‌റയാക്കി മാറ്റുകയും ചെയ്തു. സുഖലോലുപതയില്‍ കഴിയുന്ന സമൂഹത്തെ നിത്യവാസസ്ഥാനമായ പരലോകത്തെക്കുറിച്ച് ഓര്‍മപ്പെടുത്താന്‍ എല്ലാവിധ സുഖസൗകര്യങ്ങളും ലഭിച്ചപ്പോഴും പഴയ കൂടാരത്തില്‍ തന്നെ താമസിക്കാന്‍ താല്പര്യപ്പെട്ടു കൊണ്ട് അദ്ദേഹം മദീനയിലേക്കു മടങ്ങി. തന്റെ രാജി ഖലീഫക്ക് സമര്‍പ്പിച്ചെങ്കിലും അദ്ദേഹം സ്വീകരിക്കുകയുണ്ടായില്ല. തിരിച്ച് ബസ്വറയിലേക്ക് മടങ്ങും വഴി ഒട്ടകപ്പുറത്തു നിന്ന് വീണ് ഉത്ബതുബ്‌നു ഗസ്‌വാന്‍ മരണപ്പെട്ടു.