Skip to main content

ഡോ. ഹൈസം അല്‍ ഹദ്ദാദ്

ഫലസ്തീന്‍ വംശജനായ ബ്രിട്ടീഷ് ഇസ്‌ലാമിക പണ്ഡിതന്‍, ടെലിവിഷന്‍ അവതരാകന്‍. സുഊദി അറേബ്യയില്‍ നിന്ന് പരിശീലനം ലഭിച്ച ഇമാമാണ്. ഇസ്‌ലാമിക ശരീഅത്ത് കൗണ്‍സില്‍ ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ ഇസ്‌ലാമിക സംഘടനകളുടെ ഉപദേഷ്ടാവ്. സുഊദി അറേബ്യയിലെ പല ഇസ്‌ലാമിക സംഘടനകളുടെയും രക്ഷാധികാരിയും ഉപദേശകനുമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം  നിലവില്‍ മുസ്‌ലിം റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്റെ ട്രസ്റ്റിയും ഉപദേശകനുമാണ്.  

ജൂതന്‍മാരെയും സ്വവര്‍ഗരതിയെയും കുറിച്ചും നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ പാശ്ചാത്യലോകത്ത് വിമര്‍ശമേല്‍ക്കേണ്ടി വന്നിരുന്നു. 2011ല്‍ ഉസാമ ബിന്‍ ലാദനെ വധിച്ച അമേരിക്കന്‍ നടപടിയെ ഹദ്ദാദ് വിമര്‍ശിച്ചത് പാശ്ചാത്യ എഴുത്തുകാര്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലും ഇദ്ദേഹത്തെ അനഭിമതനാക്കുകയും ചെയ്തു.

സുഊദി അറേബ്യയില്‍ ജനിച്ച അല്‍ ഹദ്ദാദ്, ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ദി സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ (എസ് ഒ എ എസ്) നിന്ന് പി എച്ച് ഡി നേടി. സുഊദിയിലെ മുന്‍ ഗ്രാന്റ് മുഫ്തിക്ക് കീഴില്‍ 20 വര്‍ഷത്തോളം ഇസ്‌ലാമിക കര്‍മശാസ്ത്രത്തെ കുറിച്ച് പഠനം നടത്തി. സുഡാനിലെ ഓംതുര്‍മാന്‍ യൂണിവേഴ്‌സിറ്റി ഇന്‍ ഖാര്‍ത്തൂമില്‍ നിന്നും ശരീഅത്ത് നിയമത്തില്‍ ബിരുദവും സഊദിയിലെ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സില്‍ നിന്നും ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും നേടി.  പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ദഅ്‌വത്ത് നടത്തുന്ന ധാരാളം യുവ പണ്ഡിതന്‍മാര്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായിട്ടുണ്ട്. ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഉലൂമുല്‍ ഖുര്‍ആന്‍, തഫ്‌സീര്‍, അഖീദ, ഫിഖ്ഹ്, ഹദീസ് എന്നിവയില്‍ അഗാധജ്ഞാനമുള്ള പണ്ഡിതനാണ് ഡോ. ഹൈസം അല്‍ ഹദ്ദാദ്.
 

Feedback