മംലൂക് ഭരണകൂടത്തിന്റെ അവസാനകാലത്തെക്കുറിച്ചും സിറിയയിലെ ഉസ്മാനീ ഭരണത്തിന്റെ ആരംഭത്തെക്കുറിച്ചും അമൂല്യമായ വിവരങ്ങള്‍ നല്‍കുന്ന ചരിത്രകാരന്‍ എന്നതാണ് ഇബ്‌നുത്വുലൂന്റെ പ്രസക്തി. ഇസ്‌ലാമിക പണ്ഡിതന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍, നിയമജ്ഞന്‍ എന്നിങ്ങനെയുള്ള നിലകളിലെല്ലാം അറിയപ്പെട്ടിരുന്ന വ്യക്തിയാണ് മുഹമ്മദ്ബ്‌നു അലിയ്യിബ്‌നി അഹ്മദ് എന്ന ഇബ്‌നു ത്വുലൂന്‍. അപരനാമം ശംസുദ്ദീന്‍. ആ കാലഘട്ടത്തിലെ ഇസ്‌ലാമിക വിജ്ഞാനങ്ങളെക്കുറിച്ചും അല്പം വ്യക്തിപരമായ വിവരങ്ങളും 'അല്‍ഫുല്‍കുല്‍ മശ്ഹൂന്‍ ഫീ അഹ്‌വാലി മുഹമ്മദ്ബ്‌നി ത്വൂലൂന്‍' എന്ന ആത്മകഥയില്‍ നിന്ന് വായിച്ചെടുക്കാം.
ദമസ്‌കസിനടുത്ത സ്വാലിഹിയ്യഃയിലെ ഒരു പണ്ഡിത കുടുംബത്തില്‍ ഹി 888 ക്രി. 1483-ലാണ് ഇബ്‌നുത്വൂലൂന്റെ ജനനം. പിതാവ് മംലൂക് വംശജനും മാതാവ് അനാത്വൂലിയന്‍ തുര്‍കി വംശജയുമായിരുന്നു. ഏഴു വയസ്സായപ്പോഴേക്കും ഖുര്‍ആന്‍ മുഴുവന്‍ അദ്ദേഹം വായിച്ചു കഴിഞ്ഞിരുന്നു. 11-ാമത്തെ വയസ്സില്‍ സ്റ്റൈപ്പന്റോടുകൂടി മാരിദീനിയഃ മദ്‌റസയിലെ വിദ്യാര്‍ഥിയായി ചേര്‍ന്നു. പഠിക്കുന്ന കാലത്ത്തന്നെ ഒഴിവു സമയങ്ങളില്‍ അധ്യാപനം നടത്തുകയും സര്‍ക്കാര്‍ സര്‍വീസില്‍ ചില ജോലികള്‍ നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. ജന്മനാടിനു പുറമെ കൈറോയിലും അദ്ദേഹം പഠിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രഗല്ഭരായ പണ്ഡിതന്മാരായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്മാര്‍. ചരിത്രകാരന്മാരായ യൂസുഫ്ബ്‌നു അബ്ദില്‍ഹാദിയും അബ്ദുല്‍ഖാദിര്‍ നുഐമിയുമായിരുന്നു ഗുരുനാഥന്മാരുടെ കൂട്ടത്തില്‍ അദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ചത്. എല്ലാ പരമ്പരാഗത ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയവയിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു.
ഗ്രന്ഥങ്ങള്‍
ഔപചാരിക വിദ്യാഭ്യാസത്തിന് ശേഷം പഠന ഗവേഷണങ്ങളിലും ഗ്രന്ഥ രചനയിലും മുഴുകിയ അദ്ദേഹം ഔദ്യോഗിക രംഗങ്ങളില്‍ നിന്നെല്ലാം വിട്ടുനിന്നു. അവസാന കാലത്ത് ഉമവി മസ്ജിദില്‍ ഖത്വീബായും ദമസ്‌കസിലെ ഹനഫി മുഫ്തിയായും നിയോഗിക്കപ്പെട്ടെങ്കിലും ആ പദവി അദ്ദേഹം സ്വീകരിക്കുകയുണ്ടായില്ല. ഉയര്‍ന്ന പദവികള്‍ തിരസ്‌കരിച്ച ഇബ്‌നുത്വൂലൂന്‍ സ്വദേശത്തെ മദ്‌റസകളില്‍ അധ്യാപകനായും പള്ളികളില്‍ ഇമാമായും സേവനമനുഷ്ഠിച്ചു. ചെറുതും വലുതുമായി 750ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗഹനമായ ഉള്ളടക്കം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയങ്ങളാണ് അവ. പില്‍ക്കാലത്ത് അവയില്‍ പലതും നഷ്ടപ്പെട്ടിട്ടുണ്ട്. അല്‍ഫുല്‍കുല്‍ മശ്ഹൂന്‍ ഫീ അഹ്‌വാലി ഇബ്‌നിത്വൂലൂന്‍, അല്‍ഖലാഇദുല്‍ ജൗഹരിയ്യഃ ഫീത്വാരികി സ്വാലിഹിയ്യ, അശ്ശംഅതുല്‍ മുദ്വീഅതു ഫീ ഖില്‍അതി ദ്ദിമശ്ഖിയ്യ, ഇഅ്‌ലാമുസ്വാലിഹീന്‍, ബിദിമശ് അല്‍ ഖുബ്‌റാ, മുഫാകഹതുല്‍ ഖുല്ലാന്‍, അല്‍അഇമ്മതുല്‍ ഇസ്‌നാ അശ്ര്‍, ദാഖാഇദുല്‍ഖാസര്‍, അത്തമത്തുഉ ബില്‍അക്‌റാന്‍ തുടങ്ങിയവരാണ് അവയില്‍ പ്രധാനപ്പെട്ടത്.
ഹി. 953 ക്രി. 1546-ല്‍ മരണം.
ഇസ്‌ലാമികവിജ്ഞാന കോശം