Skip to main content

ഡോ.ജമാല്‍ ബദവി

1990 മുതല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി പാശ്ചാത്യനാടുകളില്‍ ഏറെ ജനശ്രദ്ധ നേടിയ ഇസ്‌ലാമിക പ്രഭാഷകനാണ് ഡോ. ജമാല്‍ ബദവി. ഇസ്‌ലാമിക ചിന്തകന്‍, പ്രബോധകന്‍, പണ്ഡിതന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച ബദവി കനഡയിലെ നോവസ്‌കോഷ്യ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. 

ജനനവും പ്രാഥമിക വിദ്യാഭ്യാസവും ഈജിപ്തിലായിരുന്നു. കൈറോവിലെ ഐനുശ്ശംസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. അറുപതുകളുെട തുടക്കത്തില്‍ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി, ബ്ലമിന്‍ഗ്റ്റണിലെ ഇന്ത്യാനാ യൂണിവേഴ്്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും നേടി. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫഡ്‌യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക വിഷയങ്ങളില്‍ അധ്യാപകനായിരുന്നു. കാനഡയിലെ നോവസ്‌കോഷ്യയിലേക്ക് പോവുകയും ഹാലിഫാക്‌സിലെ സെന്റ്‌മേരീസ് സര്‍വകലാശാലയില്‍ ഒരേ സമയം മതപഠന വിഭാഗത്തിലും മാനേജ്‌മെന്റ് പഠനവിഭാഗത്തിലും പ്രഫസറായി നിയമിതനാവുകയും ചെയ്തു. 

ഹാലിഫാക്‌സ് ആസ്ഥാനമായി ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനം അദ്ദേഹം ആരംഭിച്ചു. മുസ്‌ലിംകള്‍ക്കിടയിലും അമുസ്‌ലിംകള്‍ക്കിടയിലും ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുന്നതിനു വേണ്ടി രണ്ട് ദശാബദ്ങ്ങളായി ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നു. ഫിഖ്ഹ് കൗണ്‍സില്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക, ദ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ദ ജൂറിസ്റ്റിക് കൗണ്‍സില്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ദ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് തുടങ്ങിയ കൂട്ടായ്മകളിലും അദ്ദേഹത്തിന് അംഗത്വമുണ്ട്. ബോര്‍ഡ് ഓഫ് ദ മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റി എന്ന സംഘടയുടെ സ്ഥാപകരില്‍ ഒരാളാണ്.

ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ചുള്ള നിരവധി ഇംഗ്ലീഷ് പുക്തകങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവായ ഡോ. ബദവി മുപ്പതിലേറെ രാജ്യങ്ങളില്‍ ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഹാലിഫാക്‌സിലെ പ്രാദേശിക ഇമാം ആയി 1970 മുതല്‍ സന്നദ്ധ സേവനം ചെയ്ത വരുന്ന ബദവി ക്രിസ്ത്യന്‍ ഇസ്‌ലാം സംവാദങ്ങള്‍ക്കും മുന്‍പന്തിയിലുണ്ട്. 2004ല്‍ ഇസ്‌ലാം ഓണ്‍ലൈനിലൂടെ ബദവി നല്‍കിയ ഫത്‌വ പാശ്ചാത്യ നാടുകളില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. പത്‌നിമാര്‍ക്ക് ശാരീരിക ദണ്ഡനം ഏല്‍പിക്കേണ്ടി വരുന്ന ആറ് വ്യത്യസ്ത സാഹചര്യങ്ങള്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ വിശദീകരിച്ച ഡോ.ബദവിയുടെ നിര്‍ഭയമായ നിലപാടാണ് വിവാദമായത്. 2005 ജൂണ്‍ 24 സുഊദി ഗസറ്റ് ദിനപത്രത്തിനനുവദിച്ച അഭിമുഖത്തില്‍ 2001 സെപ്റ്റംബര്‍ 11 സംഭവങ്ങളെ ഡോ. ബദവി അനിസ്‌ലാമികമായ നടപടിയെന്ന് വിശേഷിപ്പിച്ചു. ഇറാഖീ തെരുവുകളില്‍ അമേരിക്കന്‍ സൈന്യം നടത്തിയതും ഭീകരത തന്നെയാണെന്ന് അദ്ദേഹം തുറന്നടിച്ചു. 

പ്രമുഖ കൃതികള്‍:

ഇസ്‌ലാമിനെ കുറിച്ച് 1000 ചോദ്യങ്ങള്‍, തെരഞ്ഞെടുത്ത പ്രാര്‍ഥനകള്‍, ലിംഗനീതി ഇസ്‌ലാമില്‍, അടിസ്ഥാന തത്വങ്ങള്‍, നേതൃത്വം ഒരു ഇസ്‌ലാമിക വീക്ഷണം, മുഹമ്മദ് ബൈബിളില്‍, സ്ത്രീകളുടെ സ്ഥാനം ഇസ്‌ലാമില്‍, മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണം ഖുര്‍ആനിലും സുന്നത്തിലും ഇസ്‌ലാമിക ധര്‍മശാസ്ത്രത്തിലും, ബഹുഭാര്യത്വം ഇസ്‌ലാമിക നിയമത്തില്‍, ഇസ്‌ലാം ഒരു ഹ്രസ്വവീക്ഷണം, 


 
 

References

 
ഇസ്‌ലാമിക വിജ്ഞാന കോശം

Feedback