ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച സമുദായ പരിഷ്‌കര്‍ത്താവ്, മതപ്രബോധകന്‍, ഹമ്പലീ കര്‍മശാസ്ത്രപണ്ഡിതന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ മഹാനാണ് അബ്ദുല്‍ ഖാദിര്‍ ജീലാനി. പൂര്‍ണ നാമം അബൂമുഹമ്മദ് അബ്ദുല്‍ ഖാദിരിബ്‌നു അബീസ്വാലിഹ് മൂസബ്‌നി ജന്‍ഗീ ദോസ്ത്. ശൈഖ് മുഹ്‌യിദ്ദീന്‍ (മതത്തെ പുനരുജ്ജീവിപ്പിച്ചവന്‍) എന്ന സ്ഥാനപ്പേരില്‍ വിശ്രുതനായി.
ക്രി.1077ല്‍ കാസ്പിയന്‍ കടലിനു തെക്കുള്ള ജീലാന്‍(ഗീലാന്‍) എന്ന പേര്‍ഷ്യന്‍ പ്രവിശ്യയില്‍ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവിന്റെ വംശപരമ്പര ഇമാം ഹസനുമായും മാതാവിന്റെത് ഇമാം ഹുസൈനുമായും സന്ധിക്കുന്നു എന്നാണ് മിക്ക ഗ്രന്ഥകാരന്‍മാരും രേഖപ്പെടുത്തുന്നത്. ചിലര്‍ ഇതിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ജീലാനിയുടെ പിതാവ് പേര്‍ഷ്യന്‍ വംശജനാണെന്നാണ് അവരുടെ അഭിപ്രായം. പിതാവ് അബൂസ്വാലിഹ് മൂസായെപ്പറ്റി ജീലാനിയുടെ ജീവചരിത്രക്കുറിപ്പുകള്‍ അധികമൊന്നും പറയുന്നില്ല. ബാല്യത്തില്‍ തന്നെ പിതാവ് മരിച്ചതിനാല്‍ ജീലാനി മാതാവായ ഉമ്മുല്‍ഖൈര്‍ ഫാത്വിമയുടെ സംരക്ഷണയിലാണ് വളര്‍ന്നതും വിദ്യയഭ്യസിച്ചതും.
ക്രി.1095ല്‍ 18ാം വയസ്സില്‍ ഉപരിപഠനാര്‍ഥം ജീലാനി ബഗ്ദാദിലേക്ക് പോയി. അമ്പതാമത്തെ വയസ്സിലാണ് ജീലാനിയുടെ ആദ്യ പ്രസംഗം. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സിദ്ധി ജനങ്ങളെ സംസ്‌കരിക്കുവാനും നേര്‍വഴിയിലാക്കുവാനുമുള്ള കഴിവായിരുന്നു. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, നഹ്‌വ്, കര്‍മശാസ്ത്ര ഭിന്നതകള്‍ (ഖിലാഫ്) എന്നീ വിഷയങ്ങളില്‍ അദ്ദേഹം അധ്യാപനം നടത്തി. ശാഫിഈ, ഹന്‍ബലീ കര്‍മശാസ്ത്രങ്ങളനുസരിച്ച് ഫത്‌വകള്‍ നല്‍കുകയും ചെയ്തു.
ത്വരീഖത്ത് ശരീഅത്തിന് വിധേയമാക്കണം
ഹി. അഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും മുസ്‌ലിം ലോകം രാഷ്ട്രീയമായും ചിന്താപരമായും വിശ്വാസപരമായും ശൈഥില്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. അതില്‍ പ്രധാനമാണ് ഖുര്‍ആന്‍ സൃഷ്ടിവാദം. ഇത്തരം ജീര്‍ണതക്കെതിരായി രംഗത്തുവന്ന പരിഷ്‌കര്‍ത്താക്കളാണ് ഇമാം ഗസ്സാലിയും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയും. സൂഫിവര്യനായാണ് ശൈഖ് ജീലാനി അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ ചിന്താസരണി മന്‍സ്വൂറുല്‍ ഹല്ലാജിന്റെയും മറ്റും കാഴ്ചപ്പാടില്‍ നിന്ന് അടിസ്ഥാനപരമായി ഭിന്നമായിരുന്നു. ജീലാനിയുടെ കാലഘട്ടത്തില്‍ തസ്വവ്വുഫിന് ഇസ്‌ലാമിക ശരീഅത്തുമായി പറയത്തക്ക ബന്ധമുണ്ടായിരുന്നില്ല. ചില ബാഹ്യചടങ്ങുകളില്‍ ഒതുങ്ങുന്നതായിരുന്നു ശരീഅത്തും തസ്വവ്വുഫും തമ്മിലുള്ള പാരസ്പര്യം. ശരീഅത്ത് പ്രാവര്‍ത്തികമാക്കാതെത്തന്നെ ദൈവത്തിന്റെ പൊരുള്‍ (ഹഖീഖത്) കണ്ടെത്താമെന്ന വാദവും വഹ്ദതുല്‍ വുജൂദും തസ്വവ്വുഫിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടു. അതോടെ ചില ഖാന്‍ഗാഹുകളില്‍ തികഞ്ഞ അരാജകത്വം കളിയാടി.
തസ്വവ്വുഫിന്റെ പ്രസ്തുത വഴിമാറ്റത്തെ ജീലാനി നിശിതമായി വിമര്‍ശിക്കുകയും ശരീഅത്തിനോട് യോജിക്കാത്ത ഏത് ത്വരീഖത്തും മതഭ്രംശമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ത്വരീഖത്ത് ശരീഅത്തിന് വിധേയമാക്കണമെന്നും ഖുര്‍ആനും സുന്നത്തും മുറുകെപിടിക്കുകയും എല്ലാ കാര്യങ്ങളിലും അതിനെ വിധികര്‍ത്താവാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാണെന്നതിന്റെ പേരില്‍ 'അനല്‍ ഹഖ്' വാദത്തെ ജീലാനി എതിര്‍ക്കുകയും ചെയ്തു.
ജീലാനിയോടു ചെയ്യുന്ന അനീതി
ശൈഖ് ജീലാനിയുടെ പേരില്‍ അദ്ദേഹത്തിന്റെ വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത ധാരാളം കെട്ടുകഥകള്‍ പ്രചാരത്തിലുണ്ട്. ചരിത്രപരമായി യാതൊരു പിന്‍ബലവുമില്ലാത്തവയാണ് അവയെല്ലാം. കഥകളില്‍ പലതും വളരെ പരിഹാസ്യങ്ങളാണ്. അദ്ദേഹത്തിന്റെ കുട്ടിക്കാലം, ശരീരം, പ്രവൃത്തികള്‍ തുടങ്ങിയവയക്ക് ദിവ്യത്വത്തിന്റെ പരിവേഷം നല്‍കുന്ന അനവധി കഥകളുണ്ട്. മൗലൂദ്, റാത്തീബ് തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളില്‍ അത്തരം കഥകളെ സ്‌ത്രോത്ര ഗീതങ്ങളായി മുസ്‌ലിംകളില്‍ ചിലര്‍ ആലപിക്കാറുണ്ട്. അത്തരം അനുഷ്ഠാനങ്ങള്‍ ജീലാനിയോടും അദ്ദേഹത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളോടും ചെയ്യുന്ന അനീതിയാണ്.
പ്രസിദ്ധ ഹമ്പലീ കര്‍മശാസ്ത്രവിശാരദനും ഹദീസ് പണ്ഡിതനുമായ ഇബ്‌നുറജബ് പറയുന്നു: അശ്ശത്ത്നൂഫിയ്യുല്‍ മിസ്വ്രി എന്ന പണ്ഡിതന്‍ ശൈഖിന്റെ കറാമത്തുകളും മറ്റും വിവരിക്കുന്ന ഒരു ഗ്രന്ഥം മൂന്ന് വാല്യങ്ങളിലായി രചിച്ചിട്ടുണ്ട്. അതിന്റെ ചില ഭാഗങ്ങള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. എന്നാല്‍ അവയില്‍ മിക്കഭാഗവും അവലംബിക്കാന്‍ കഴിയാത്തത്ര കെട്ടുകഥകളും അജ്ഞാതരായ ആള്‍ക്കാരില്‍ നിന്നുള്ള നിവേദനങ്ങളും കൊണ്ട് നിറഞ്ഞതാണ്. ശൈഖ് അബ്ദുല്‍ ഖാദിറുമായി ഒരു നിലക്കും യോജിക്കാത്ത പ്രസ്താവങ്ങള്‍വരെ ഇതില്‍ കാണാം. ജീലാനിക്കെന്നല്ല സച്ചരിതനായ ഒരു മനുഷ്യനും ചേരാത്ത നിരവധി കള്ളകഥകള്‍ ബഹ്ജതുല്‍ അസ്‌റാന്‍ എന്ന പ്രസ്തുത ഗ്രന്ഥത്തിലുണ്ടെന്ന് പല പണ്ഡിതന്‍മാരും ചൂണ്ടിക്കാട്ടിയുണ്ട്.
ജീലാനിയുടെ പ്രഭാഷണങ്ങള്‍ സമാഹരിച്ച് അല്‍ഫത്ഹുര്‍റബ്ബാനി, ഫുതൂഹുല്‍ ഗൈബ് എന്നീ പേരുകളില്‍ പുറത്തിറക്കിയിട്ടുണ്ട്. ഗുന്‍യതുത്ത്വാലിബീന്‍ അദ്ദേഹത്തിന്റെ മൗലിക ചിന്തകള്‍ പ്രതിഫലിപ്പിക്കുന്നു. അല്‍ഫുയൂദാതുര്‍റബ്ബാനിയ്യ, ബശാഇറുല്‍ ഖൈറാത്ത്, തുഹ്ഫതുല്‍ മുത്തഖീന്‍, ഹിസ്ബുര്‍റജാ വല്‍ഇന്‍തിഹാ, അര്‍രിസാലതുല്‍ ഗൗസിയ്യ, അല്‍കിബ്‌രീതുല്‍ അഹ്മര്‍ തുടങ്ങിയവയാണ് മറ്റു പ്രമുഖ ഗ്രന്ഥങ്ങള്‍.
561 റബീഉല്‍ ആഖിര്‍ 10, 1166 ഏപ്രില്‍ 11ന് 91ാമത്തെ വയസില്‍ ശൈഖ് ജീലാനി മരിച്ചു. ബഗ്ദാദില്‍ ഖബറടക്കി. 4 ഭാര്യമാരിലായി 49 മക്കളുണ്ടായിരുന്നതായി പറയപ്പെടുന്നു.
മുഹ്‌യുദ്ദീന്‍ ശൈഖ് (മൊയ്തീന്‍ ശൈഖ്) എന്ന പേരിലാണ് മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന കീര്‍ത്തന കാവ്യങ്ങള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്. മാലകള്‍ എന്നറിയപ്പെടുന്ന അത്തരം കീര്‍ത്തനങ്ങള്‍ ഒരു മതാനുഷ്ഠാനമെന്നോണം വിവരമില്ലാത്തവര്‍ ആലപിക്കുകയും അദ്ദേഹത്തിന്റെ പേരില്‍ റാതീബുകളും ആണ്ടുനേര്‍ച്ചകളും നടത്തുകയും ചെയ്യുന്ന പതിവുണ്ട്. സൂഫിസത്തിന്റെ അന്ധതയും ത്വരീഖത്തുകളുടെ കിട മാത്സര്യവുമാണ് ഈ ആചാരങ്ങള്‍ കൊണ്ടുവന്നത്. കോഴിക്കോട് സ്വദേശിയായ ഖാദി മുഹമ്മദ് കൊല്ലവര്‍ഷം 782ല്‍ രചിച്ച മുഹ്‌യിദ്ദീന്‍ മാല എന്ന കീര്‍ത്തനം ചിലര്‍ മതാചാരമായി കൊണ്ടു നടക്കുന്നത് വിവരക്കേടാണ്. ഒരു മഹാമനുഷ്യനെ ഇകഴ്ത്തലാണ്.
ഇദ്ദേഹത്തിന്റെ ആണ്ടറുതി നടത്തുകയും അദ്ദേഹത്തിനോട് ഇസ്തിഗാസ, പ്രാര്‍ഥന നടത്തുകയും അദ്ദേഹത്തിന് നേര്‍ച്ച വഴിപാടുകള്‍ നടത്തുകയുമെല്ലാം ചെയ്യുന്ന പതിവുണ്ട്. ഇവയെല്ലാം തീര്‍ത്തും ഇസ്‌ലാം വിരുദ്ധമാണെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ തന്നെ അധ്യാപനങ്ങളെ കളിയാക്കലാണ്. എല്ലാ സഹായാര്‍ഥനകളും അല്ലാഹുവിനോട് മാത്രമേ പാടുള്ളൂവെന്നാണ് 'ഗുന്‍യ' എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം പഠിപ്പിക്കുന്നത് എന്നിരിക്കെ ആ മഹാനെ അവഹേളിക്കുകയാണ് 'യാ ശൈഖ് മുഹ്‌യിദ്ദീന്‍' വിളിയോടെ നടത്തുന്ന ആരാധനകളിലൂടെ അനുയായികള്‍ ചെയ്യുന്നത്.