Skip to main content
dsf

മൗലാനാ വഹീദുദ്ദീന്‍ ഖാന്‍

ഇസ്‌ലാമിക പ്രബോധനത്തിന് പൊതുവായും ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനത്തിന് പ്രത്യേകമായും സ്വീകരിക്കേണ്ട വഴികളെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചുകൊണ്ടേയിരുന്ന ഇന്ത്യയിലെ തല മുതിര്‍ന്ന പണ്ഡിതശ്രേഷ്ഠനാണ് മൗലാനാ വഹീദുദ്ദീന്‍ ഖാന്‍. ഗാന്ധിയന്‍ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന സമാധാന പ്രവര്‍ത്തകന്‍ കൂടിയാണ് മൗലാന വഹീദുദ്ദീന്‍ ഖാന്‍. 

1992ല്‍ സംഘ്പരിവാര്‍ ശക്തികള്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഹിംസാത്മകമായ പ്രതികരണങ്ങളില്‍ നിന്ന് ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ പിന്തിരിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹീദുദ്ദീന്‍ ഖാനുണ്ട്. രാജ്യം കലുഷിതമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ ആചാര്യ മുനി സുശീല്‍ കുമാര്‍, സ്വാമി ചിദാനന്ദ് എന്നിവര്‍ക്കൊപ്പം 15 ദിവസം നീണ്ടുനില്‍ക്കുന്ന സമാധാന യാത്രയക്ക് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. രാജ്യത്ത് സമാധാനം തിരിച്ചുകൊണ്ടുവരുന്നതില്‍ ഈ യാത്ര ഏറെ പ്രയോജനം ചെയ്തു. 

പത്മവിഭൂഷൺ  അവാര്‍ഡ്, പത്മഭൂഷൺ അവാർഡ്, നാഷണല്‍ സിറ്റിസണ്‍ അവാര്‍ഡ്, രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ് ഉള്‍പ്പെടെ ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള വഹീദുദ്ദീന്‍ ഖാന്‍ ഒരു മികച്ച ഗ്രന്ഥകാരന്‍ കൂടിയാണ്. ഖുര്‍ആന്റെ ലളിതവും സമകാലികവുമായ ഇംഗ്ലീഷ് വിവര്‍ത്തനം രചിച്ചിട്ടുണ്ട്. ഇ ടി വി ഉര്‍ദു, ബ്രിഡ്ജസ് ടി വി, ഐ ടി വി, ക്യു ടി വി, ആജ് ടി വി തുടങ്ങിയ ടി വി ചാനലുകള്‍ക്ക് വേണ്ടി പ്രഭാഷണങ്ങള്‍ നടത്തിവരുന്നു. 'മില്ലിഗസറ്റ്' പത്രാധിപരും പ്രമുഖ പണ്ഡിതനുമായ സഫറുല്‍ ഇസ്‌ലാം ഖാന്‍ പുത്രനാണ്. വാഷിംഗ്ടണ്‍ ഡി സിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി 2009ല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിം വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന മൗലാനാ വഹീദുദ്ദീന്‍ ഖാനെ 'ലോകത്തില്‍ ഇസ്‌ലാമിന്റെ ആത്മീയ വക്താവായാണ്' വിശേഷിപ്പിച്ചത്. 

1925ല്‍ ഉത്തര്‍പ്രദേശിലെ അഅ്‌സംഗഡിലാണ് വഹീദുദ്ദീന്‍ ഖാന്റെ ജനനം. പിതാവ് ഫരീദുദ്ദീന്‍ ഖാന്‍, മാതാവ് സൈഫുന്നിസ. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് ഉമ്മയുടെയും അമ്മാവന്‍ സൂഫി അബ്ദുല്‍ ഹമീദ് ഖാന്റെയും സംരക്ഷണയിലാണ് വളര്‍ന്നതും പഠിച്ചതും. അനാഥ ബാല്യമാണ് തന്നെ വിജയത്തിലെത്തിച്ചതെന്ന് അദ്ദേഹം പറയുമായിരുന്നു. 

പരമ്പരാഗത ഇസ്‌ലാമിക പാഠശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം മാഗസിനുകളിലും മറ്റും ലേഖനങ്ങള്‍ എഴുതി. അദ്ദേഹത്തിന്റെ കുടുംബവും സ്വാതന്ത്ര്യസമരത്തില്‍  സജീവമായി പങ്കെടുത്തിരുന്നു.  കൗമാരപ്രായത്തില്‍ തന്നെ ഗാന്ധിയന്‍ ആശയങ്ങളോട് വലിയ മതിപ്പായിരുന്നു വഹീദുദ്ദീന്‍ ഖാന്. യാഥാസ്ഥിതികതയില്‍ നിന്ന് മാറിച്ചിന്തിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബം പാശ്ചാത്യ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു. സറായയിലെ മദ്‌റസത്തുല്‍ ഇസ്‌ലാഹിയില്‍ നിന്ന് 1938ല്‍ മതപരമായ വിദ്യാഭ്യാസം കരസ്ഥമാക്കി. ആറ് വര്‍ഷത്തെ പഠനത്തിന് ശേഷം 1944ല്‍ ബിരുദം നേടി. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം ഖുര്‍ആന്‍ പഠനത്തില്‍ തല്‍പരനായിരുന്നു. 1970ല്‍ ദല്‍ഹിയില്‍ ഒരു ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിച്ചു. 1976ല്‍ 'അര്‍രിസാല' എന്നൊരു ഉര്‍ദു മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിച്ചു. പ്രധാനമായും അദ്ദേഹത്തിന്റെ തന്നെ രചനകളായിരുന്നു ഇവയില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇതേ മാഗസിന്റെ ഇംഗ്ലീഷ് പതിപ്പ് 1984 ഫെബ്രുവരിയിലും ഹിന്ദി പതിപ്പ് 1990 ഡിസംബറിലും തുടങ്ങി. 'ഹൈജാക്കിംഗ് എ ക്രൈം', 'റൈറ്റ്‌സ് ഓഫ് വുമണ്‍ ഇന്‍ ഇസ്‌ലാം', 'ദ കണ്‍സപ്റ്റ് ഓഫ് ചാരിറ്റി ഇന്‍ ഇസ്‌ലാം', 'ദ കണ്‍സപ്റ്റ് ഓഫ് ജിഹാദ്' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ ലേഖനങ്ങളാണ്. 

ഇന്ത്യന്‍ ജനാധിപത്യ സാഹചര്യത്തില്‍ മതപ്രബോധനത്തിനു ലഭിക്കുന്ന അവസരങ്ങളെ ഇത്രയേറെ മനസ്സിലാക്കിയ പണ്ഡിതര്‍ കുറവായിരിക്കും. അബുല്‍ അഅ്‌ലാ മൗദൂദിയുടെ രാഷ്ട്രീയ ഇസ്‌ലാം കാഴ്ചപ്പാട് ഇന്ത്യന്‍ സാഹചര്യത്തില്‍ ഉണ്ടാക്കാവുന്ന അപകടങ്ങള്‍ എണ്ണിപ്പറഞ്ഞ് മൗദൂദിയോട് ലേഖനങ്ങളിലൂടെ കലഹിച്ചു ഇദ്ദേഹം. സാമ്പത്തികശാസ്ത്രമാണ് എല്ലാത്തിനും നിദാനം എന്ന ജീവിതത്തെക്കുറിച്ചുള്ള  കാള്‍ മാര്‍ക്‌സിന്റെ വീക്ഷണത്തോട് ഉപമിച്ചാണ് മൗദൂദിയെ അദ്ദേഹം നേരിട്ടത്. രാഷ്ട്രീയവും നേതൃത്വവുമല്ല മതത്തിന്റെ കാതലെന്നും സര്‍വ്വതലങ്ങളുമടങ്ങുന്നതാണ് ജീവിതമെന്നും അദ്ദേഹം സമര്‍ഥിച്ചു. ('ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനം' - ആമുഖം). പ്രകോപിതരാകാതെ ഇസ്‌ലാം അവതരിപ്പിക്കുന്ന സമാധാനത്തിന്റെ ദൂതരായിക്കൊണ്ട് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രബോധനം നടത്തേണ്ടതിന്റെ പ്രാധാന്യം എണ്ണിപ്പറയുന്ന പുസ്തകങ്ങളിലൊന്നാണ് 'ഇന്ത്യന്‍ മുസ്‌ലിംകള്‍'.

യുവത ബുക്ക്ഹൗസ് (കോഴിക്കോട്) പ്രസിദ്ധീകരിച്ച വിപ്ലവത്തിന്റെ പ്രവാചകന്‍ എന്ന പുസ്തകം വഹീദുദ്ദീന്‍ഖാന്റെ രചനയാണ്. മലയാളത്തിലെ ആനുകാലികങ്ങളില്‍ അദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു വരുന്നു. ഒന്നിലേറെ തവണ മൗലാന കേരളത്തില്‍ വന്നിട്ടുണ്ട്.

2021 ഏപ്രിൽ 21ന് അർദ്ധരാത്രി മരണപ്പെട്ടു.

 

വഹീദുദ്ദീന്‍ ഖാന്റെ തിരഞ്ഞെടുത്ത ഏതാനും കൃതികള്‍:


    1. ദ പ്രൊഫറ്റ് ഓഫ് പീസ്
    2. ദ ഖുര്‍ആന്‍ എ ന്യൂ ട്രാന്‍സ്‌ലേഷന്‍
    3. എ ട്രഷറി ഓഫ് ദ ഖുര്‍ആന്‍
    4. തഥ്കിറുല്‍ ഖുര്‍ആന്‍
    5. ഇന്ത്യന്‍ മുസ്‌ലിംസ്: ദി നീഡ് ഫോര്‍ എ പോസിറ്റീവ് ഔട്ട്‌ലുക്
    6. ഇന്‍ട്രൊഡ്യൂസിംഗ് ഇസ്‌ലാം: എ സിമ്പിള്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഇസ്‌ലാം
    7. ഇസ്‌ലാം റീഡിസ്‌കവേഡ്: ഡിസ്‌കവറിംഗ് ഇസ്‌ലാം ഫ്രം ഇറ്റ്‌സ് ഒറിജിനല്‍ സോഴ്‌സ്
    8. ഇസ്‌ലാം ആന്റ് പീസ്
    9. ഇസ്‌ലാം: ക്രീയേറ്റര്‍ ഓഫ് ദ മോഡേണ്‍ ഏജ്
    10. വേര്‍ഡ്‌സ് ഓഫ് പ്രൊഫറ്റ് മുഹമ്മദ് 
 

Feedback