Skip to main content

ഇബ്‌നു താഹിര്‍ അല്‍ബഗ്ദാദി

ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതന്‍, ഉസ്വൂലി. പൂര്‍ണനാമം അബ്ദുല്‍ ഖാഹിരിബ്‌നു ത്വാഹിരിബ്‌നി മുഹമ്മദിബ്‌നി അബ്ദില്ലാഹില്‍ ബഗ്ദാദിയ്യുത്തമീമി. അബൂമന്‍സൂരില്‍ ബഗ്ദാദി എന്നും അറിയപ്പെട്ടു.

ബഗ്ദാദ് സ്വദേശി. പിന്നീട് ഖുറാസാനിലെ നൈസാബുരില്‍ താമസമാക്കി. തുര്‍കുമാനികളുടെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെ നിന്ന് ഇസ്ഫറായീനിലേക്ക് പോയി. ഇസ്മാഈലുബ്‌നു നുജൈദ്, അബൂഅംറ്, മുഹമ്മദുബ്‌നു ജഅ്ഫറബ്‌നി മത്വര്‍, ബിശ്‌റുബ്‌നു അഹ്മദ് തുടങ്ങിയവരില്‍ നിന്ന് ഹദീസ് ഉദ്ധരിച്ചു. ബൈഹഖി, അബുല്‍ ഖാസിമില്‍ ഖുശൈരി, അബ്ദുല്‍ ഗഫ്ഫാരിബ്‌നു മുഹമ്മദിശ്ശൈറുബി മുതലായവര്‍ അദ്ദേഹത്തില്‍ നിന്ന് ഹദീസ് ഉദ്ധരിച്ചവരാണ്. അറബി വ്യാകരണം, അനന്തരാവകാശ നിയമം തുടങ്ങി പല വിജ്ഞാനശാഖകളിലും അദ്ദേഹത്തിന് അഗാധ ജ്ഞാനമുണ്ടായിരുന്നു. 

സാബൂരില്‍ 17 ഓളം വിജ്ഞാനശാഖകളില്‍ അധ്യാപനം നടത്തിയിരുന്നു. അബൂഇസ്ഹാഖല്‍ ഇസ്ഫറായീനില്‍ നിന്നാണ് അദ്ദേഹം കര്‍മശാസ്ത്രം പഠിച്ചത്. ഇസ്ഫറായീനിയുടെ ശിഷ്യരില്‍ പ്രമുഖനുമാണ് അദ്ദേഹം.

ഗുരുനാഥന്റെ മരണാനന്തരം അദ്ദേഹം അധ്യാപനം ചെയ്തിരുന്ന പള്ളിയില്‍ അധ്യാപനം നടത്തി. രണ്ടു കൊല്ലം അതു തുടര്‍ന്നു. നാസ്വിറുല്‍ മര്‍വസി, സൈനുല്‍ ഇസ്‌ലാമില്‍ ഖുശൈരി തുടങ്ങിയ സമകാലിക പണ്ഡിതന്‍മാര്‍ അദ്ദേഹവുമായി ആശയവിനിമയം നടത്താറുണ്ടായിരുന്നു. പേര്‍ഷ്യന്‍ ചരിത്രകാരനായ ഹാഫിദ് അബ്ദുല്‍ ഗാഫിര്‍ ഇസ്മാഈലിന്റെ നൈസാബൂര്‍ ചരിത്രത്തില്‍ അബ്ദുല്‍ ഖാഹിറിനെകുറിച്ച് പരാമര്‍ശമുണ്ട്. പിതാവിന്റെ കൂടെയാണ് അബ്ദുല്‍ താഹിര്‍ നൈസാബൂരിലെത്തിയത്. സമ്പന്നനായിരുന്ന അദ്ദേഹം സമ്പത്ത് മുഴുവന്‍ പണ്ഡിതന്‍മാര്‍ക്കു വേണ്ടി ചെലവഴിച്ചു. വിജ്ഞാനം വിറ്റ് ഒന്നും സമ്പാദിച്ചില്ല. ഒരേ സമയം മത-ഭൗതിക വിഷയങ്ങളില്‍ അഗാധപാണ്ഡിത്യമുള്ള മഹാനായിരുന്നു ഇബ്‌നുതാഹിര്‍. 


അനേകം ഗണിതശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇബ്‌നു താഹിര്‍ രചിട്ടുണ്ട്. അത്തക്മില ഫില്‍ ഹിസാബ് അവയില്‍ പ്രസിദ്ധമാണ്. സംഖ്യാശാസ്ത്രത്തില്‍ വളരെ നൂതനമായ കണ്ടെത്തലുകള്‍ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.


മറ്റു കൃതികള്‍: ഉസ്വൂലുദ്ദീന്‍, തഫ്‌സീറു അസ്മാഇല്ലാഹില്‍ ഹുസ്‌നാ, ഫദാഇലുല്‍ ഖദരിയ്യ, ഫദാഇലുല്‍ മുഅ്തസ്വില, അന്നാസിഖു വല്‍ മസന്‍സൂഖ്, അല്‍മിലലു വന്നിഹല്‍, അല്‍ഫര്‍ഖു ബൈനല്‍ ഫിറാഖ്, നഫ്‌യു ഖല്‍ഖില്‍ ഖുര്‍ആന്‍, ബുലൂഗുല്‍ മദാ ഫീ ഉസ്വൂലില്‍ ഹുദാ, അത്തഹ്‌സ്വീല്‍, അസ്സ്വിഫാത്, മിഅ്‌യാറുന്നള്ര്‍, അല്‍ഫാഖിറു ഫില്‍ അവാഇലി വല്‍അവാഖിര്‍. ധാരാളം കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. 
429/1038 ല്‍ ഇസ്ഫറായീനില്‍ മരിച്ചു. ഗുരുനാഥനായ അബൂഇസ്ഹാഖിന്റെ ഖബ്‌റിനു സമീപം ഖബറടക്കി. 

 

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446