ബസ്വറയില്‍ അക്കാലത്തുണ്ടായിരുന്ന ഭാഷാ പണ്ഡിതരില്‍ അഗ്രഗണ്യനായിരുന്നു ഇബ്‌നു ദുറൈദ്. അറബ് വംശാവലിയിലും കവിതയിലും വ്യുല്‍പത്തി നേടിയ ഭാഷാ ശാസ്ത്രജ്ഞന്‍, നിഘണ്ടു രചയിതാവ്, സാഹിത്യകാരന്‍, കവി. ശരിയായ പേര് അബൂബക്ര്‍ മുഹമ്മദുബ്‌നുല്‍ ഹസനിബ്‌നി ദുറൈദിബ്‌നി അതാഹിയതല്‍ അസ്ദി.
അബ്ബാസി ഖലീഫ മുഅ്തസ്വിമിന്റെ ഭരണകാലത്ത് ഹി: 223/ക്രി: 838ല്‍ ബസ്വറയില്‍ ജനിച്ചു. ഖഹ്ത്വാന്‍ വംശത്തില്‍പ്പെട്ട അസദ് ഗോത്രജനായിരുന്നു. ബസ്വറയിലെ പ്രമുഖനും ധനാഢ്യനുമായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. ബസ്വറയിലെ പണ്ഡിത ശ്രേഷ്ഠരില്‍ നിന്ന് വിജ്ഞാനം നേടി. അബൂ ഹാതിമിസ്‌സിജിസ്താനി, അബുല്‍ ഫദ്‌ലിര്‍റിയാശി, അബൂ ജസ്മാനല്‍ ഉശ്‌നാല്‍ ദാനി, ഇബ്‌നുഅഖില്‍ അസ്വ്മഈ തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്.
സന്‍ജുബ്‌നു ദുറൈദിന്റെ നേതൃത്വത്തില്‍ ബസ്വറയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഹി: 257/ക്രി: 871ല്‍ ഇബ്‌നു ദുറൈദ് ഉമാനിലേക്ക് പോയി. യുദ്ധത്തില്‍ അദ്ദേഹത്തിന്റെ ഗുരു രിയാശി ഉള്‍പ്പെടെ നിരവധിയാളുകള്‍ വധിക്കപ്പെട്ടിരുന്നു. 12 വര്‍ഷത്തോളം ഉമാനില്‍ കഴിഞ്ഞതിന് ശേഷം ബസ്വറയിലേക്ക് മടങ്ങി. പിന്നെ പേര്‍ഷ്യയിലേക്ക് പോയി. നൈസാബൂര്‍ ഗവര്‍ണര്‍ അബുല്‍ അബ്ബാസ് അബ്ദുല്ലാഹില്‍ മീകാലി പേര്‍ഷ്യന്‍ ദീവാന്റെ ചുമതല അദ്ദേഹത്തെ ഏല്‍പിച്ചിരുന്നു. നിവരധി പേര്‍ഷ്യന്‍ കൃതികള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു.
അബ്ദുല്ലാഹില്‍ മീകാലിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സ്തുതിച്ചുകൊണ്ട് ഇബ്‌നുദുറൈദ് രചിച്ച 'അല്‍മഖ്‌സ്വൂറ' എന്ന ഖണ്ഡകാവ്യം പ്രസിദ്ധമാണ്. പിന്നീട് മീകാല്‍ കുടുംബം സ്ഥാനഭ്രഷ്ടമാക്കപ്പെട്ടപ്പോള്‍ ഹി:308/ക്രി: 920ല്‍ അദ്ദേഹം ബഗ്ദാദിലോക്ക് പോയി. അബ്ബാസി ഖലീഫ അല്‍മുഖ്തദിര്‍ മാസാന്തം 50 ദീനാര്‍ അദ്ദേഹത്തിന് അടുത്തൂണ്‍ അനുവദിച്ചിരുന്നു.
ഇബ്‌നുദുറൈദില്‍ നിന്ന് നിരവധിയാളുകള്‍ ഭാഷാ ശാസ്ത്രവും ഇതര വിജ്ഞാനീയങ്ങളും അഭ്യസിച്ചു. ഇസ്മാഈലുല്‍ മീകാലി, അബൂഅലിയ്യില്‍ ഖാലി, അബൂഅലിയ്യില്‍ ഫാരിസി, ഇബ്‌നുഖാലവൈഹി, ആമിദി, അബുല്‍ ഖാസിമിസ്‌സജ്ജാജ്, മസ്ഊദി, അബുല്‍ഫറജില്‍ ഇസ്വ്ഫഹാനി എന്നിവര്‍ പ്രമുഖ ശിഷ്യന്‍മാരാണ്.
കവിതയിലെ എല്ലാ സരണികളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അറബി നിഘണ്ടുവായ 'ജംഹറതുല്ലുഗ' അതില്‍ വിഖ്യാതമാണ്. ഹി.1344ല്‍ ഹൈദരാബാദിലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇസ്മാഈലുബ്‌നു അബ്ബാദ് 'അല്‍ജൗഹറ' എന്ന പേരില്‍ ഇത് സംഗ്രഹിച്ചിട്ടുണ്ട്. അല്‍വിശാഹ്, അല്‍മലാഹിന്‍, ദഖാഇറുല്‍ ഹിക്മ, അല്‍മഖ്‌സ്വൂറു വല്‍മംദൂദ്, അല്‍ഖൈലുസ്വഗീര്‍, അല്‍ഖൈലുല്‍ കബീര്‍, അസ്‌സഹാബു വല്‍ഗൈസ്, സ്വിഫതുസ്‌സര്‍ജി വല്‌ലിജാം, ഗരീബുല്‍ ഖുര്‍ആന്‍, അല്‍അന്‍വാഅ്, അല്‍മുഖ്തബസ്, അദബുല്‍ കാതിബ്, തഖവീമുല്‌ലിസാന്‍, അല്‌ലുഗാത് എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. 'അല്‍മഖ്‌സ്വൂറ' എന്ന ഖണ്ഡകാവ്യമാണ് കവിതകളില്‍ വിഖ്യാതം.
ജീവിതാന്ത്യത്തില്‍ ഇബ്‌നുദുറൈദിന് പക്ഷാഘാതം പിടിപെട്ടതായി പറയപ്പെടുന്നു. ഹി:321/ ക്രി: 933 ല്‍ ഖലീഫ അല്‍ഖാഹിറിന്റെ ഭരണകാലത്താണ് മരണം. ബഗ്ദാദിലെ ഖൈസുറാനില്‍ ഖബറടക്കി.