Skip to main content

ശൈഖ് അബ്ദുല്‍ അസീസ് ഇബ്‌നു ബാസ്

ആധുനിക ഇസ്‌ലാമിക ലോകത്തെ പണ്ഡിത പ്രമുഖനും പ്രബോധകനുമായിരുന്നു ശൈഖ് അബ്ദുല്‍ അസീസ്ബ്‌നു ബാസ്, ഹി. 1330 ദുല്‍ഹജ്ജ് 13ന് (ക്രി.1912) റിയാദിലെ പ്രശസ്തമായ ഒരു പണ്ഡിത കുടുംബത്തില്‍ ജനിച്ചു. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പെ ഖുര്‍ആന്‍  ഹൃദിസ്ഥമാക്കിയ ഇബ്‌നുബാസ് ആരെയും അതിശയിപ്പിക്കുന്ന ഓര്‍മശക്തിയുടെ ഉടമയായിരുന്നു. ആധുനികയുഗത്തില്‍ തൗഹീദിന്റെ ദീപശിഖയേന്തിയ മുമ്മദ്ബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ ചിന്താധാരയില്‍ വളര്‍ന്ന പണ്ഡിതന്മാരായിരുന്നു ഇബ്‌നുബാസിന്റെ ഗുരുനാഥന്മാര്‍. ശൈഖ് മുഹമ്മദ്ബ്‌നു അബ്ദുല്ലത്വീഫ് ആലുശൈഖ്, സഅദ്ബ്‌നു ഹമദുല്‍ അതീഖ്, ശൈഖ് സ്വാലിഹ്ബ്‌നു അബ്ദില്‍ അസീസ് ആലു ശൈഖ്, ശൈഖ് മുഹമ്മദ്ബ്‌നുല്‍ ഫാരിസ്, ശൈഖ് സഅദ് വഖ്ഖാസ് ബുഖാരി, ശൈഖ് മുഹമ്മദ്ബ്‌നു ഇബ്‌റാഹീം ആലു ശൈഖ് എന്നിവരാണ് അതില്‍ പ്രധാനികള്‍.

പതിനാറം വയസ്സില്‍ ബാധിച്ച ഗുരുതരമായ രോഗം കാരണം കണ്ണിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ഇരുപത് വയസ്സായപ്പോഴേക്കും അദ്ദേഹം പൂര്‍ണ അന്ധനായി മാറിക്കഴിഞ്ഞിരുന്നു. ആ സംഭവം ശൈഖ് ഇങ്ങനെ വിവരിക്കുന്നു 'വിദ്യാഭ്യാസം ആരംഭിച്ചപ്പോള്‍ എനിക്കു കാഴ്ചശക്തി ഉണ്ടായിരുന്നു. 1927ല്‍ ആണ് ആദ്യമായി നേത്രരോഗം ബാധിച്ചത്. അത് കാഴ്ച കുറയാന്‍ കാരണമായി. 1931 ആകുമ്പോഴേക്കും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. അല്ലാഹുവിന്നു സ്തുതി. പ്രവാചകന്‍(സ്വ) മുഖേന അല്ലാഹു വാഗ്ദാനം ചെയ്തതുപോലെ എന്റെ അന്ധതക്കുപകരം ഇഹലോകത്ത് ഉള്‍ക്കാഴ്ചയും പരലോകത്ത് തക്കതായ പ്രതിഫലവും നല്കാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. ഇഹലോകത്തും പരലോകത്തും അന്ത്യം നന്നാക്കേണമേ എന്നാണെന്റെ പ്രാര്‍ഥന'.

കാഴ്ചശക്തി നഷ്ടപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ വിജ്ഞാനതൃഷ്ണ പൂര്‍വോപരി വര്‍ധിക്കുകയാണുണ്ടായത്. അന്നത്തെ സുഊദി ഗ്രാന്റ് മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ്ബ്‌നു ഇബ്‌റാഹീം ആലു ശ്ശൈഖിന്റെ കീഴില്‍ 1928 മുതല്‍ 1938 വരെയുള്ള പത്തു വര്‍ഷക്കാലം ശരീഅത്തും അനുബന്ധ വിഷയങ്ങളും പഠിക്കാന്‍ അദ്ദേഹം വിനിയോഗിച്ചു. സുബ്ഹി നമസ്‌കാരാനന്തരം സൂര്യോദയം വരെ പള്ളിയിലും പിന്നീട് സ്വന്തം വീട്ടിലും ദ്വുഹ്ര്‍, അസ്വര്‍, മഗ്‌രിബ് നമസ്‌കാരങ്ങള്‍ക്കുശേഷം പള്ളിയിലും മുഫ്തി നടത്തിയിരുന്ന ക്ലാസ്സുകളില്‍ ഇബ്‌നുബാസ് നിര്‍വിഘ്‌നം സംബന്ധിച്ചു. വിവിധ വിജ്ഞാന ശാഖകളില്‍ വ്യുല്‍പത്തി നേടി. ശിഷ്യന്റെ അത്ഭുതകരമായ കഴിവില്‍ ആകൃഷ്ടനായ ശൈഖ് 1938ല്‍ അദ്ദേഹത്തെ അല്‍ ഖര്‍ജിയിലെ ഖാദിയായി നിയമിച്ചു.

ന്യായാധിപന്‍ എന്നതിനേക്കാള്‍ പണ്ഡിതനും ഗുരുനാഥനും വത്സലനായ പിതാവുമായിരുന്നു അല്‍ഖര്‍ജുകാര്‍ക്ക് അദ്ദേഹം. ഔദ്യോഗിക ജോലി കഴിഞ്ഞാല്‍ ജനങ്ങളെ ഇസ്‌ലാമിക കാര്യങ്ങള്‍ അഭ്യസിപ്പിക്കുവാനും ബഹുമുഖങ്ങളായ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി. 1951 വരെ അവിടെ ന്യായധിപസ്ഥാനത്ത് പ്രവര്‍ത്തിച്ചു.

1952 മുതല്‍ അദ്ദേഹം തന്റെ ഇഷ്ട വിഷയമായ അധ്യാപനത്തിലേക്ക് തിരിഞ്ഞു. റിയാദിലെ ശരീഅത്ത് കോളേജും മറ്റു അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിതമായപ്പോള്‍ അവിടെ അധ്യാപകനായി നിയമിക്കപ്പെട്ടു. 1380 വരെ ഈ ജോലിയില്‍ തുടര്‍ന്നു. 1381ല്‍ മദീന ഇസ്‌ലാമിക യൂനിവേഴ്‌സിറ്റി സ്ഥാപിതമായപ്പോള്‍ അദ്ദേഹം വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടു. തന്റെ ഗുരുനാഥനും സഊദി അറേബ്യയിലെ ഗ്രാന്റ് മുഫ്തിയുമായിരുന്ന ശൈഖ് മുഹമ്മദ് ഇബ്‌റാഹിം ആയിരുന്നു ചാന്‍സലര്‍. അദ്ദേഹത്തിന്റെ വിയോഗാനന്തരം ശൈഖ് ഇബ്‌നുബാസ് മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ചാന്‍സലറായി ഉയര്‍ത്തപ്പെട്ടു. മദീന യൂനിവേഴ്‌സിറ്റിയെ ഒരു വിശ്വോത്തര സര്‍വകലാശാലയാക്കി മാറ്റുന്നതില്‍ ഇബ്‌നു ബാസിന്റെ അനുഗൃഹീത കരങ്ങള്‍ക്ക് മഹത്തായ പങ്കാണുള്ളത്. 1975 വരെ ഈ പദവിയില്‍ തുടര്‍ന്നു.

1975ല്‍ ഇസ്‌ലാമിക ഗവേഷണത്തിനും പ്രബോധനത്തിനുമുള്ള ദാറുല്‍ ഇഫ്ത പൊതുസഭയുടെ ചെയര്‍മാനായി അദ്ദേഹം നിയമിക്കപ്പെട്ടു. ഒരു മന്ത്രാലയത്തിന്റെ സ്ഥാനമുള്ള ഈ ഡയറക്ടറേറ്റ് ഇസ്‌ലാമിക വിജ്ഞാന ഗവേഷണത്തിലും മതപ്രബോധനത്തിലുമാണ് ശ്രദ്ധിച്ചിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ഇസ്‌ലാമിക പ്രബോധകര്‍ ദാറുല്‍  ഇഫ്തയുടെ കീഴില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവര്‍ക്ക് ആവശ്യമായ മാര്‍ഗദര്‍ശനം നല്കുന്നതിലും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ശൈഖ് എന്നും ബദ്ധശ്രദ്ധനായിരുന്നു.

1982ല്‍ മുസ്‌ലിംലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ഫൈസല്‍ അവാര്‍ഡ് നല്കി സുഊദി ഭരണകൂടം അദ്ദേഹത്തെ ആദരിച്ചു.

ലോകമുസ്‌ലിം പ്രശ്‌നങ്ങളില്‍ അതീവ തല്പരനായ ശൈഖ് എല്ലാവിധ സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കും അതീതനായി ലോക ഇസ്‌ലാമിക ചലനങ്ങളെ നോക്കിക്കണ്ടു. കക്ഷി സംഘടന വിഭാഗീയതകള്‍ക്കതീതമായ എല്ലാ നല്ല പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തു.

1966 ആഗസ്ത് 25ന് ഈജിപ്തിലെ സ്വേഛാധിപത്യ കോടതി സയ്യിദ് ഖുതുബിനെയും സഹപ്രവര്‍ത്തകരെയും തൂക്കിലേറ്റാന്‍ വിധിച്ചപ്പോള്‍ ശൈഖ് അതിനെ ശക്തമായി അപലപിക്കുകയും വിമര്‍ശിക്കുകയും ചെയ്തു.  പരിചയപ്പെട്ട പണ്ഡിതന്മാരും ചിന്തകന്മാരും എന്ന കൃതിയില്‍ ശൈഖ് മുഹമ്മദുല്‍ മജ്ദുബ എഴുതുന്നു. സംഭവത്തോടനുബന്ധിച്ച് സന്ദര്‍ഭോചിതമായ ഒരു പ്രതിഷേധ ടെലഗ്രാം തയ്യാറാക്കാന്‍  ഈയുള്ളവനെയാണ് ശൈഖ് ചുമതലപ്പെടുത്തിയത്. ഈര്‍ഷ്യയും വികാര വിക്ഷോഭവും വിജ്രംഭിക്കുന്ന തീതുപ്പുന്ന പേനകൊണ്ടാണിത് എഴുതിയത്. ഉത്തരവാദപ്പെട്ടവരുടെ ഉപചാര ഭാഷയും ശൈലിയും അനുയോജ്യമാംവിധം ശൈഖ് മാറ്റാതിരിക്കില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് ഞാനത് എഴുതിയത്. പക്ഷേ അദ്ദേഹം എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായി ഞാനെഴുതിയത് അപ്പടി അംഗീകരിച്ചതിനു പുറമെ സൂറതുന്നിസാഇലെ ഈ സൂക്തം കൂടി എഴുതിച്ചേര്‍ക്കുകയാണുണ്ടായത്. ''ഒരാള്‍ ഒരു സത്യവിശ്വാസിയെ മനഃപൂര്‍വം വധിക്കുകയാണെങ്കില്‍ അവനുള്ള പ്രതിഫലം നരകമാകുന്നു. അവരതില്‍ ശാശ്വതമായി വസിക്കേണ്ടിവരും. അല്ലാഹുവിന്റെ കോപവും ശാപവും അവനില്‍ പതിച്ചിരിക്കുന്നു. അവന്ന് ഘോരമായ ശിക്ഷയാണ് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്.''

സുഊദി അറേബ്യയിലെ വിജ്ഞാന ഗവേഷണ മതപ്രബോധന ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടര്‍ ജനറല്‍, റാബിത്തത്തുല്‍ ആലമില്‍ ഇസ്‌ലാമിയുടെ അദ്ധ്യക്ഷന്‍, ലോകമസ്ജിദ് കൗണ്‍സില്‍ പ്രസിഡണ്ട്, മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സുപ്രീം കൗണ്‍സില്‍ മെമ്പര്‍ മുതലായ ഉന്നത പദവികൾ വഹിച്ച അദ്ദേഹം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും അദ്ദേഹം ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്.

തിരക്കുപിടിച്ച ജീവിതത്തിന്നിടയിലും അദ്ദേഹം ധാരാളം എഴുതുകയും  ടി വി തുടങ്ങിയ ആധുനിക മാധ്യമങ്ങളിലൂടെ നിരന്തരം പ്രഭാഷണങ്ങളും ഫത്‌വകളും നല്കിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. ശൈഖിന്റെ ഫത്‌വകളും ലഘുലേഖകളും മറ്റും സമാഹരിച്ചു പ്രസിദ്ധീകരിച്ച മജ്മൂഉല്‍ ഫതാവ ബൃഹത്തായ 26 വാള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

പ്രതിഭാധനരായ പണ്ഡിതന്‍ ശൈഖ് ഇബ്‌നുബാസ് ഹി 1420 മുഹര്‍റം 27/1998 മേയ് 13ന് വ്യാഴാഴ്ച രാവിലെ തന്റെ നാഥങ്കലേക്ക് യാത്രയായി.

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446