Skip to main content

ശബീര്‍ അഹ്മദ് ഉസ്മാനി

ഹദീസ് വിജ്ഞാന ശാഖയില്‍ ഭാരതമുസ്‌ലിം പണ്ഡിത ശ്രേഷ്ഠരില്‍ പ്രമുഖനാണ് മൗലാന ശബീര്‍ അഹ്മദ് ഉസ്മാനി. കുടുംബ പൈതൃക വേരുകള്‍ ഖലീഫ ഉസ്മാന്‍(റ)യില്‍ എത്തിച്ചേരുന്ന ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം ഫദ്‌ലുല്ലാഹ് എന്നായിരുന്നു. സ്വയം സ്വീകരിച്ച ശബീര്‍ അഹ്മദ് എന്ന പേരിലാണ് പിന്നീടദ്ദേഹം പ്രശസ്തനായത്.

ഹിജ്‌റ 1305 മുഹര്‍റം 10ന് 1887ല്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ജനിച്ചു. പ്രശസ്തമായ ദാറുല്‍ ഉലൂമി (ദയൂബന്ദ്)ന്റെ സ്ഥാപകാംഗവും സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ പരിശോധകനുമായിരുന്ന ഫദ്‌ലുര്‍റഹ്മാന്‍ ആയിരുന്നു പിതാവ്. ക്വുര്‍ആന്‍ മനഃപാഠമാക്കിയ അദ്ദേഹത്തിന് കര്‍ണാനന്ദകരമായ രീതിയില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനുള്ള കഴിവുണ്ടായിരുന്നു.

പ്രമുഖ ഗണിതശാസ്ത്ര പണ്ഡിതനായിരുന്ന മുന്‍ഷിമന്‍ സദര്‍ അഹ്മദ് സാഹബില്‍ നിന്ന് ഗണിതവും പാര്‍സിയും പഠിച്ചു. ഉന്നത മതപഠനത്തിനായി ഹി. 1319/ക്രി. 1901ല്‍ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു, അറബി ഭാഷയിലും സാഹിത്യത്തിലും പ്രാവീണ്യം നേടിയ ശബീര്‍ അഹ്മദ് ഹദീസില്‍ ഒന്നാം റാങ്കോടെയാണ് ദാറുല്‍ ഉലൂമില്‍ നിന്ന് പുറത്തുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ തലയെടുപ്പുള്ള നേതാവായിരുന്ന  ശൈഖുല്‍ ഹിന്ദ് മഹ്മൂദുല്‍ ഹസന്‍ ദയൂബന്ദിയായിരുന്നു അവിടത്തെ ശൈഖുല്‍ ഹദീസ്. ദല്‍ഹിയിലെ മദ്‌റസയില്‍ പ്രധാനാധ്യാപകനുമായി. ഹി.1328/ക്രി.1910ല്‍ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ ഉന്നത പഠനവിഭാഗത്തില്‍ അധ്യാപകനായി ചേര്‍ന്നു. അന്‍വര്‍ഷാ കശ്മീരിയുടെ മരണ ശേഷം അവിടെ ശൈഖുല്‍ ഹദീസായി ഉയര്‍ത്തപ്പെട്ടു. ഹകീമുല്‍ ഉമ്മ: അശ്‌റഫ് അലി ത്വാനവിയുടെ നിര്‍ദേശാനുസരണം ഹി.1354/ക്രി.1035ല്‍ ദാറുല്‍ ഉലൂമില്‍ പ്രിന്‍സിപ്പല്‍ സ്ഥാനമേറ്റെടുത്തു. ഹി.1362/ക്രി. 1943 വരെ പദവിയില്‍ തുടര്‍ന്നു. 1943ല്‍ പദവി രാജിവെച്ചു.

അതിപ്രഗത്ഭരായ ധാരാളം ശിഷ്യന്‍മാരെ സംഭാവന ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പാകിസ്താന്‍ ഗ്രാന്റ് മുഫ്തിയും പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ശൈഖ് മുഫ്തി മുഹമ്മദ് ശഫീഅ്, ജാമിഅ അശ്‌റഫയ്യയിലെ മുന്‍ ശൈഖുല്‍ ഹദീസ് മുഹമ്മദ് ഇദ്‌രീസ് അല്‍ കാന്തഹ്‌ലവി, പ്രമുഖ ഹദീസ് പണ്ഡിതന്‍ ഹബീബുല്‍ റഹ്മാന്‍ അഅ്‌സമി തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. 

ഗ്രന്ഥലോകത്തെ നിറസാന്നിധ്യം

പ്രസംഗ, പ്രബന്ധ വേദികളില്‍ അദ്വിതീയനായിരുന്നു അദ്ദേഹം. അല്‍ അഖ്‌ലു വന്നഖല്‍, അദ്ദാറുല്‍ ആഖിറ, ഇഅ്ജാസുല്‍ ഖുര്‍ആന്‍, അശ്ശിഹാബ്, തഹ്ഖീയെ ഖുതുബെ ജുമുഅ, ഹിജാബെ ശര്‍ഈ, ഖവാരിഖെ ആദാത്ത്,  അര്‍റൂഹുഫില്‍ ഖുര്‍ആന്‍, ഫത്ഹുല്‍ മുല്‍ഹിംഫീ ശറഹി സഹീഹ് മുസ്‌ലിം തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും അദ്ദേഹം രചിച്ചു. ഇസ്‌ലാമിലെ പര്‍ദാ സമ്പ്രദായത്തെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് അദ്ദേഹം രചിച്ചതാണ് ഹിജാബെ ശര്‍ഇ. വിശുദ്ധ ഖുര്‍ആന് പഠനാര്‍ഹവും എന്നാല്‍ ലളിതവുമായ ഒരു തഫ്‌സീര്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഈ തഫ്‌സീര്‍ പേര്‍ഷ്യന്‍ ഭാഷയിലും മൊഴി മാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സഹീഹ് മുസ്‌ലി'നു വിജ്ഞേയവും ആധികാരികവുമായ ഒരു വ്യാഖ്യാന ഗ്രന്ഥം അദ്ദേഹം രചിച്ചിട്ടുണ്ട്. അറബി ഭാഷയില്‍ പതിനൊന്ന് വാല്യങ്ങളുള്ള ഈ ഗ്രന്ഥം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അറബ് - അനറബ് ലോകങ്ങളില്‍ സ്വീകാര്യത നേടിയ ഗ്രന്ഥം ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 

അഗാധ പണ്ഡിതനും മുഹദ്ദിസും എഴുത്തുകാരനുമായിരുന്ന ശബീര്‍ അഹ്മദ് സാമൂഹിക രാഷ്ട്രീയ മേഖലകളിലും സജീവമായി ഇടപെട്ടിരുന്നു. ഖിലാഫത്തിലും നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. ശ്രോതാക്കളെ ആവേശഭരിതരാക്കിയിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. ദീര്‍ഘകാലം എക്‌സിക്യുട്ടീവ് അംഗമായിരുന്നെങ്കിലും സ്വാതന്ത്ര്യലബ്ധിയുടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വവുമായി ആശയപരമായ ഭിന്നിപ്പുണ്ടായതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് രാജിവെച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. വിഭജനത്തെ തുടര്‍ന്ന് പാകിസ്താനിലേക്ക് പോയ അദ്ദേഹം അവിടെ ജംഇയ്യത്തെ ഉലമായെ ഇസ്‌ലാമിന് രൂപം നല്‍കി. കിഴക്കന്‍ ബംഗാളിനെ പ്രതിനിധീകരിച്ച് കൊണ്ട് പാകിസ്താന്‍ ഭരണഘടനയുടെ ഇസ്‌ലാമിക വല്‍കരണത്തിനു അദ്ദേഹം തീവ്രപരിശ്രമം നടത്തുകയുണ്ടായി. 

1369 സ്വഫര്‍ 21ന്/ (1945 ഡിസംബര്‍ 21ന്) പഞ്ചാബിലെ ഭവല്‍പൂരില്‍ വെച്ച് അന്തരിച്ചു.

 

 

References

   
ഉലമാഉ ദയൂബന്ദ് വ ഖിദ്മാതുഹും ഫീ ഇല്‍മില്‍ ഹദീസ്
പ്രബോധനം വാരിക


 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446