ഖുര്‍ആന്‍ വ്യാഖ്യാതാവ്, പ്രസംഗകന്‍, ഹദീസ് പണ്ഡിതന്‍. സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനങ്ങള്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രശസ്തനായത്. ശരിയായ പേര് മുഹമ്മദ് തഖിയുദ്ദീന്‍. അബു ശാക്കിബ് എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
മൊറോക്കോയിലെ സജല്‍മാഷാക്കടുത്ത് അല്‍ ഫിദാ എന്ന താഴ്‌വരയില്‍ 1893 (ഹി.1311) ലാണ് ജനിച്ചത്. ടുനീഷ്യയില്‍ നിന്നാണ് അദ്ദേഹത്തിന്റെ കുടുംബം ഇവിടേക്ക് കുടിയേറിയതെന്നാണ് നിഗമനം.
12ാം വയസ്സില്‍ ഖുര്‍ആന്‍ മന:പാഠമാക്കി. പിന്നീട് ഖുര്‍ആന്‍ തജ്‌വീദിലും അറബിക് വ്യാകരണത്തിലും ഹദീസ് പഠനത്തിലും മുഴുകി. ഇസ്‌ലാമിക നിയമ സംഹിതകളെക്കുറിച്ച് പഠിക്കുന്നതിനായി 20ാം വയസ്സില്‍ അള്‍ജീരിയയിലേക്ക് പോയി. അറബി കൂടാതെ ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യം നേടിയ ഹിലാലി അറിവ് നേടുന്നതിനായി ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളിലൂടെ സഞ്ചരിച്ചു. ഇന്ത്യ, ഇറാഖ്, ഈജിപ്ത്, സുഊദി അറേബ്യ എന്നീ രാഷ്ട്രങ്ങള്‍ അവയില്‍ ചിലത് മാത്രം. ഈ രാജ്യങ്ങളില്‍ എല്ലാം അദ്ദേഹം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. അല്‍ ഖറാവിയ്യത് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയത്. ഈജിപ്തില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച ഹിലാലി, ജര്‍മനിയിലെ ബെര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ബംഗ്ലാദേശ് യൂണിവേഴ്‌സിറ്റിയില്‍ അസി. പ്രഫസറായും പിന്നീട് പ്രഫസറായും സേവനമനുഷ്ഠിച്ചു. ശേഷം മദീന യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായി. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നെങ്കിലും പാഠ്യപദ്ധതിയില്‍ നിരാശ തോന്നി ജോലി ഉപേക്ഷിച്ചു.
അദ്ദേഹം പ്രശസ്ത പണ്ഡിനായ റശീദ് റിദക്ക് കീഴില്‍ അല്‍പകാലം പഠനം തുടര്‍ന്നു. ശേഷം ബഗ്ദാദിലേക്ക് പോകുകയും ബഗ്ദാദ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ജോലി നോക്കുകയും ചെയ്തു. ഇന്ത്യയിലെ ലക്‌നൗ യൂണിവേഴ്‌സിറ്റിയില്‍ ഒരേ സമയം അധ്യാപകനും വിദ്യാര്‍ഥിയുമായിരുന്നു അദ്ദേഹം. ഇക്കാലഘട്ടത്തില്‍ അബുല്‍ ഹസന്‍ അലി ഹസന്‍ നദ്‌വി, ശക്കീബ് അര്‍സലാന്‍ തുടങ്ങിയ പ്രഗത്ഭ ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതോടെയാണ് അദ്ദേഹം ജര്‍മനി വിട്ട് സ്വന്തം നാടായ മൊറോക്കോയിലേക്ക് തിരികെ പോകുന്നത്. തുടര്‍ന്ന് മൊറോക്കോയിലെ മുഹമ്മദന്‍ യൂണിവേഴസിറ്റിയില്‍ കുറച്ചുകാലം പ്രഫസറായി ജോലി നോക്കി. 1974ല്‍ അധ്യാപനത്തില്‍ നിന്നും പൂര്‍ണമായും വിരമിച്ചു.
1987 ജൂണ്‍ 22ന് ഹിലാലി അന്തരിച്ചു. അല്‍ മദീന അല്‍ മുനവ്വറ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായിരിക്കെയാണ് ഡോ. മുഹമ്മദ് മുഹ്‌സിനുമായി ചേര്‍ന്ന് ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും സ്വഹീഹുല്‍ ബുഖാരിയുടെ ഹദീസുകളുടെ വ്യാഖ്യാനവും നിര്‍വഹിക്കുന്നത്. 'അല്‍ ലുഅ്‌ലു വല്‍ മര്‍ജാന്‍' എന്ന ഗ്രന്ഥം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. തഫ്‌സീര്‍ അല്‍ ത്വബരി, തഫ്‌സീര്‍ ഇബ്ന്‍ കസീര്‍, തഫ്‌സീര്‍ അല്‍ ഖുര്‍ത്തുബി എന്നിവ ഇംഗ്ലീഷിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.