ഇസ്‌ലാമിക പ്രബോധന മേഖലയിലും ധൈഷണിക രംഗത്തും മഹത്തായ സംഭാവനകളര്‍പ്പിച്ച ആധുനിക മുസ്‌ലിം വനിതകളില്‍ പ്രമുഖയാണ് സൈനബുല്‍ ഗസ്സാലി.
1917 ജനുവരി 2 (1335 റബീഉല്‍ അവ്വല്‍ എട്ടിന്) കൈറോവില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ദഖ്ഹലിയ്യ ജില്ലയിലാണ് സൈനബ് ജനിച്ചത്. പിതാവ് ശൈഖ് മുഹമ്മദുല്‍ ഗസ്സാലി അല്‍ജുബൈലി അസ്ഹരി പണ്ഡിതനായിരുന്നുവെങ്കിലും പരുത്തി വ്യവസായത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മസ്ജിദ് വസ്വീഫ് ഗ്രാമമുഖ്യന്റെ മകളായിരുന്നു സൈനബിന്റെ ഉമ്മ. മാതാപിതാക്കളുടെ ആദ്യപുത്രിയായിരുന്നു സൈനബ്.
കുട്ടിക്കാലത്തെക്കുറിച്ചുള്ള അവരുടെ ഓര്‍മ്മകള്‍ ഇങ്ങനെ. ''ഇസ്‌ലാമിനെ സ്‌നേഹിച്ചു കൊണ്ട് വളര്‍ന്നു. പിതാവ് പള്ളിയിലേക്ക് പോകുമ്പോള്‍ എന്നെയും കൊണ്ടുപോകും. പള്ളിയില്‍ എന്നെ അടുത്തിരുത്തും. അദ്ദേഹം നമസ്‌കരിക്കുമ്പോള്‍ ഞാനും അദ്ദേഹത്തെ അനുകരിച്ച് നമസ്‌കരിക്കും. എന്റെ മാതാവ് ദീനി തല്‍പ്പരയായിരുന്നു''.
സ്ത്രീ വിദ്യാഭ്യാസം അപൂര്‍വമായിരുന്ന അക്കാലത്ത് കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തോടെയും അവര്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ ശൈഖ് അലി മഹ്ഫൂസ്, മുഹമ്മദ് നജ്ജാര്‍ മുതലായ പണ്ഡിതന്മാരില്‍ നിന്ന് മതവിദ്യാഭ്യാസം നേടി. വീട്ടില്‍ വെച്ചായിരുന്നു മതപഠനം. സൈനബിന് പതിനൊന്ന് വയസ്സ് പൂര്‍ത്തിയാകും മുമ്പ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പിതാവ് മരണപ്പെട്ടു.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബം കെയ്‌റോവിലേക്ക് മാറി. മൂത്ത സഹോദരന്‍ സഅ്ദുദ്ദീന്‍ അവിടെ എന്‍ജിനീയറിംഗ് അധ്യാപകനായിരുന്നു. കെയ്‌റോ ജീവിതം അവരുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങള്‍ വരുത്തി. അവരുടെ നേതൃശേഷി പ്രകടമായ സന്ദര്‍ഭമായിരുന്നു ഇത്. പ്രസംഗം, കവിതാ പാരായണം, അതിഥികളെ സ്വീകരിക്കല്‍ തുടങ്ങി എല്ലാറ്റിലും സൈനബ് മുന്‍പന്തിയിലുണ്ടായിരുന്നു. ഇതൊക്കെ മൂത്ത ജേഷ്ഠന് അസഹ്യമായി. പഠനം നിര്‍ത്താന്‍ ജേഷ്ഠന്‍ നിര്‍ബന്ധിച്ചുവെങ്കിലും സൈനബ് വിസമ്മതിച്ചു. കിട്ടാവുന്നത്ര പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ഇക്കാലത്ത് വായിച്ചു തീര്‍ത്തു. അറബ് ലോകത്തെ പ്രമുഖ എഴുത്തുകാരായ ത്വാഹാ ഹുസൈന്‍, അബ്ബാസ് മുഹമ്മദുല്‍ അഖാദ് തുടങ്ങിയവരുമായി എഴുത്തുകുത്തുകള്‍ നടത്തി. പതിനെട്ടാം വയസ്സില്‍ 1935ല്‍ ഹുദാ ശഅ്‌റാവി രൂപീകരിച്ച ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റ് യൂനിയനില്‍ അംഗമായി. ഈ സന്ദര്‍ഭത്തിലാണ് സ്ത്രീകളുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ അസ്ഹര്‍ സര്‍വകലാശാല ഒരു പ്രഭാഷണ മുഖാമുഖം പരിപാടി തുടങ്ങിയത്. ഇതില്‍ ഫെമിനിസ്റ്റ് യൂനിയന്‍ പ്രതിനിധികളായി ശീസം നബ്‌റാവി, ഹവ്വാ ഇദ്‌രീസ്, സൈനബുല്‍ ഗസ്സാലി എന്നിവര്‍ പങ്കെടുത്തു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായിരുന്ന ശൈഖ് നജ്ജാറിന്റെ അവതരണം സൈനബിനെ ഏറെ സ്വാധീനിച്ചു.
ആയിടക്ക് അടുക്കള ജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ മാരകമായി പൊള്ളലേറ്റു. മരണവും കാത്ത് രണ്ടാഴ്ചയോളം ആശുപത്രി ശയ്യയില്‍ കിടന്നു.
തുടര്‍ന്ന് ഹുദാ ശഅ്‌റാവിയുടെ ഫെമിനിസ്റ്റ് യൂനിയനില്‍ നിന്ന് രാജിവെച്ച് 'ജമാഅത് സയ്യിദാതുല്‍ മുസ്‌ലിമാത്ത്' എന്ന സംഘടന രൂപീകരിച്ചു. 37 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. സ്ത്രീകള്‍ക്കിടയില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ജമാഅതുസ്സയ്യിദാത്ത് ഇഖ്‌വാന്റെ ഒരു പോഷക സംഘടനപോലെ പ്രവര്‍ത്തിക്കുകയും ഒരു വനിതാ പ്രസിദ്ധീകരണം നടത്തുകയും അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. അധികം താമസിയാതെ സംഘടന വനിതകള്‍ക്കിടയില്‍ വമ്പിച്ച സ്വാധീനം നേടി. സൈനബുല്‍ ഗസ്സാലി ആഴ്ചതോറും നടത്തിയിരുന്ന പ്രഭാഷണം കേള്‍ക്കാന്‍ ആയിരക്കണക്കിന് വനിതകളാണ് തടിച്ചുകൂടിയിരുന്നത്.
ഇതിനിടെ അസ്ഹര്‍ റെക്ടര്‍ ശൈഖ് മുഹമ്മദ് മുസ്തഫുല്‍ മറാഗി, ശൈഖ് മഅ്മൂനുശ്ശനാവി, ശൈഖ് മഹ്മൂദ് അബുല്‍ ഉയൂന്‍, ശൈഖ് മുസ്തഫ അബ്ദുല്‍ റസാഖ്, ശൈഖ് മുഹമ്മദ് സുലൈമാന്‍ അന്നജ്ജാര്‍ എന്നിവരുമായി അടുപ്പം സ്ഥാപിക്കുകയും തന്റെ വൈജ്ഞാനിക വികാസത്തിന് അത് വഴി വെക്കുകയും ചെയ്തു. പ്രബോധകര്‍ക്ക് അനിവാര്യമായ ഖുര്‍ആന്‍- ഹദീസ്- ഫിഖ്ഹ്-ചരിത്രം എന്നിവയില്‍ പരന്ന വായനയും പഠനവും നടത്തി.
1949 ഫെബ്രുവരി 12ന് ഹസനുല്‍ ബന്ന രക്തസാക്ഷിയായി. താമസിയാതെ ഭരണകൂടം വനിത സംഘത്തേയും നിരോധിച്ചെങ്കിലും നിരോധനം കോടതിയില്‍ ചോദ്യം ചെയ്തതിനാല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം തിരിച്ചു കിട്ടി. പിന്നീട് ജമാല്‍ അബ്ദുന്നാസ്വിറിന്റെ പട്ടാളം ഇഖ്‌വാന്‍ പ്രവര്‍ത്തകരെ വേട്ടയാടിയപ്പോള്‍ വിധവകളും അനാഥകളും അഗതികളുമായിത്തീര്‍ന്നവര്‍ക്ക് അത്താണിയായി മാറിയത് പ്രസ്തുത വനിതാ സംഘമായിരുന്നു.
1964 ഫെബ്രുവരിയില്‍ സൈനബിനെ വാഹനമിടിച്ച് കൊല്ലാന്‍ ഭരണകൂടത്തിന്റെ ഏജന്റുമാര്‍ ശ്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. 1965 ആഗസ്റ്റ് 20ന് അവരെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. മിലിട്ടറി ജയിലില്‍ അവര്‍ക്കു അനുഭവിക്കേണ്ടി വന്നത് മാനസികവും ശാരീരികവുമായ ഘോരപീഡനങ്ങളായിരുന്നു. നായ്ക്കളെ കൊണ്ട് ആക്രമിപ്പിക്കുക, പ്രാഥമികാവശ്യങ്ങള്‍ വിലക്കുക, കഴുത്ത്‌വരെ വെള്ളത്തില്‍ ഇരുത്തുക, കൈകാലുകള്‍ ബന്ധിച്ച് ചാട്ടവാര്‍ കൊണ്ടടിക്കുക തുടങ്ങി മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തുന്ന കഥകള്‍ 'അയ്യാമുന്‍ മിന്‍ ഹയാതി' എന്ന പേരില്‍ അവര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'ജയിലനുഭവങ്ങള്‍' എന്ന പേരില്‍ വി എസ് സലീം മൊഴിമാറ്റം നടത്തി ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1971 ആഗസ്ത് 30നു അവര്‍ ജയില്‍ മോചിതയായി. ജയില്‍ മോചിതയായശേഷവും ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് സജീവമായി പങ്കുകൊണ്ടു. അധ്യാപനവും എഴുത്തും പുനരാരംഭിച്ചു.
7500 ഓളം പേജ് വരുന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ നദറാത്തു കിതാബില്ലാഹ്, അയ്യാമുന്‍ മിന്‍ ഹയാതീ (ജയിലനുഭവങ്ങള്‍), നഹ്‌വ ബഹ്‌സില്‍ ജദീദ് (പുതിയൊരു നവോത്ഥാനത്തിലേക്ക്), ഇലാ ബിന്‍തീ (എന്റെ മകള്‍ക്ക്), അസ്മാഉല്ലാഹില്‍ ഹുസ്‌നാ എന്നിവയാണ് അവരുടെ പ്രധാന കൃതികള്‍. ഇഖ്‌വാന്റെ മുഖപത്രമായ അദ്ദഅ്‌വ മാസകയിലും ലീവാഉല്‍ ഇസ്‌ലാം മാസികയിലും അവര്‍ നിരന്തരം എഴുതി. വനിതകളെ ബോധവല്‍ക്കരിക്കാനും അവരില്‍ നിന്ന് പ്രബോധകരെ വാര്‍ത്തെടുക്കാനും അവര്‍ പ്രത്യേകം ശ്രദ്ധവെച്ചു.
ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ നിന്ന് തന്നെ വിലക്കാന്‍ ശ്രമിച്ച ഭര്‍ത്താവില്‍ നിന്ന് അവര്‍ വിവാഹമോചനം നേടി. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്ന മുന്‍ ഉപാധിയോടെയാണ് അവര്‍ രണ്ടാമതും വിവാഹത്തിന് തയ്യാറായത്. രണ്ടാമത്തെ ഭര്‍ത്താവ് മുഹമ്മദ് സാലിമിന് അത് പൂര്‍ണ സമ്മതമായിരുന്നു. 1951ല്‍ നടന്ന വിവാഹം അദ്ദേഹം 1966ല്‍ മരണപ്പെടുന്നത്‌വരെ നിലനിന്നു. സന്താനഭാഗ്യം അവര്‍ക്കുണ്ടായിരുന്നില്ല. 2005 ആഗസ്റ്റ് 3ന് അവര്‍ അന്തരിച്ചു.
1. പ്രബോധനം
2. സുതൂറുല്‍ മന്‍ഹയാതി ദ്ദാഇയതി സൈനബുല്‍ ഗസ്സാലി
3. ജയിലനുഭവങ്ങള്‍