Skip to main content

ശൈഖ് അഹ്മദ് ദീദാത്ത്

ജീവിതം ഇസ്‌ലാമിക പ്രബോധനത്തിനുവേണ്ടി സമര്‍പ്പിച്ച ഇരുപതാം നൂറ്റാണ്ട് കണ്ട പ്രമുഖ പ്രബോധകരില്‍ ഒരാളാണ് ശൈഖ് അഹ്മദ് ദീദാത്ത്. ക്രൈസ്തവ മിഷനറിമാരുടെ കടന്നുകയറ്റത്തിനു തടയിടുന്നതിനായി അദ്ദേഹം നടത്തിയ സംവാദങ്ങള്‍, രചിച്ച പുസ്തകങ്ങള്‍, പുറത്തിറക്കിയ സി ഡികള്‍, മറ്റു പ്രവര്‍ത്തനങ്ങള്‍ എല്ലാം ചരിത്രത്തിന്റെ  വിസ്മയമായി അവശേഷിക്കുന്നു.

1918 ജൂലൈ ഒന്നിന് ഗുജറാത്തിലെ സൂറത്തിലാണ് ദീദാത്ത് ജനിച്ചത്. ഔദ്യോഗിക വിദ്യാഭ്യാസം തീരെയില്ലാതിരുന്ന പിതാവ് തയ്യല്‍ ജോലി ചെയ്തായിരുന്നു കുടുംബം സംരക്ഷിച്ചിരുന്നത്. കടുത്ത ദാരിദ്ര്യം കാരണം ദീദാത്ത് ജനിക്കും മുമ്പെ പിതാവ് ദക്ഷിണാഫ്രിക്കയിലേക്ക് ജോലിയാവശ്യാര്‍ഥം കുടിയേറിയിരുന്നു. 1927ല്‍ ഒമ്പത് വയസ്സുകാരനായ ദീദാത്ത് പിതാവിനടുത്തേക്ക് യാത്ര തിരിച്ചു. ഏതാനും മാസങ്ങള്‍ക്കകം മാതാവ് മരിച്ചു. ദീദാത്തിനെ പിതാവ് ഒരു പ്രൈമറി വിദ്യാലയത്തില്‍ ചേര്‍ത്തെങ്കിലും ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ അഭാവം വളരെ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. മിടുക്കനായ കുട്ടി ആറുമാസം കൊണ്ട് ഇംഗ്ലീഷ് സ്വായത്തമാക്കി. അറബി, ഹിന്ദി, ഉര്‍ദു ഭാഷകളും പഠിച്ചു. കഠിനാധ്വാനത്തിലൂടെ കഴിവ് തെളിയിച്ച ദീദാത്ത് ജീവിതയാത്രയുടെ ബാലപാഠങ്ങള്‍ അങ്ങനെ അനുഭവത്തിലൂടെ സ്വായത്തമാക്കി. ഇതിന്നിടയില്‍ അദ്ദേഹം ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നു. 

കുടുംബത്തിലെ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം, സെക്കന്ററി വിഭാഗത്തിലെ ആദ്യവര്‍ഷം തന്നെ പഠനം നിര്‍ത്തേണ്ടിവന്നു. 16-ാം വയസ്സില്‍ ഒരു പച്ചക്കറിക്കടയില്‍ ജോലിക്ക് കയറി. ഡ്രൈവര്‍, സെയില്‍സ്മാന്‍, സ്‌റ്റോര്‍ കീപ്പര്‍ തുടങ്ങിയ പല ജോലികളും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ഗ്രാമീണ പ്രദേശമായ നീറ്റാളില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യവെയാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായ സംഭവമുണ്ടാകുന്നത്. ജോലി ചെയ്യുന്ന കടയുടെ സമീപം ഒരു ക്രിസ്ത്യന്‍ സെമിനാരിയുണ്ട്. അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും കടയുടെ അരികിലൂടെ നടന്നുപോകുമ്പോള്‍ കടയില്‍ കയറി പരിചയപ്പെടുകയും വിവിധ ചോദ്യങ്ങള്‍ ചോദിക്കുകയും പതിവായിരുന്നു. ഇസ്‌ലാമിനെ പരിഹസിക്കുകയും അതില്‍ തുടര്‍ന്നാലുള്ള അനന്തര ഫലങ്ങളെക്കുറിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇസ്്‌ലാം കള്ളമതമാണെന്നും അതിന്റെ പ്രവാചകന്‍ വ്യാജനാണെന്നും അതില്‍ തുടര്‍ന്നാല്‍ നരകമായിരിക്കും മരണാനന്തരം ലഭിക്കാന്‍ പോകുന്നതെന്നും അവര്‍ താക്കീത് ചെയ്യും. 

ഇസ്‌ലാമിനെതിരില്‍ തെറ്റിദ്ധാരണാജനകമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ ഉചിതമായ മറുപടി പറയാന്‍ ദീദാത്തിന് കഴിയുമായിരുന്നില്ല. ക്രിയാത്മകവും ഫലപ്രദവുമായി ക്രൈസ്തവ വാദങ്ങളെ നേരിടുന്നതിനുള്ള പദ്ധതികള്‍ മനസ്സാ തീരുമാനിച്ചുറച്ചു. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആനും നബിചരിത്രവും പഠിക്കാന്‍ ആരംഭിച്ചു. തിരുമേനി(സ്വ)ക്കെതിരെയുള്ള ഓറിയന്റലിസ്റ്റ് വാദങ്ങളെ പ്രതിരോധിക്കുവാനായി കിട്ടാവുന്നത്ര പുസ്തകങ്ങള്‍ സംഘടിപ്പിച്ചു വായിച്ചു. ആയിടക്ക് ശൈഖ് റഹ്മതുല്ലാഹില്‍ കൈറാനവി (1818-1891)യുടെ ഇദ്വ്ഹാറുല്‍ ഹഖ് എന്ന ഗ്രന്ഥം ദീദാത്തിന്റെ ശ്രദ്ധയില്‍പെട്ടു. പ്രസ്തുത കൃതി ഇസ്്‌ലാമിന്നെതിരെ ക്രൈസ്തവ പണ്ഡിതന്മാര്‍ ലോകവ്യാപകമായി പ്രചരിപ്പിക്കുന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും യുക്തിയുക്തം മറുപടി പറയുന്നതായിരുന്നു.

ഇസ്‌ലാം-ക്രൈസ്തവ സംവാദരംഗത്ത് അദ്ദേഹം വായിച്ച ആദ്യ കൃതിയും അതായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ യുക്തിഭദ്രമായി മിഷനറിമാരുടെ ചോദ്യങ്ങള്‍ക്ക് സുവ്യക്തമായ മറുപടി പറയുന്ന പ്രസ്തുതഗ്രന്ഥം അദ്ദേഹം ശ്രദ്ധാപൂര്‍വം വായിക്കുകയും സെമിനാരിയിലെ വിദ്യാര്‍ഥികളുടെ ചോദ്യങ്ങളോട് സംവദിക്കുന്നതിനുള്ള ആത്മവിശ്വാസം നേടുകയും ചെയ്തു. വിദ്യാര്‍ഥികളുമായി തുടങ്ങിയ സംവാദം അധ്യാപകരിലേക്കും സമീപപ്രദേശത്തുള്ള മിഷനറി പ്രവര്‍ത്തകരിലേക്കും സാവകാശം വളര്‍ന്നു. നിരവധി പണ്ഡിതന്മാരുടെ അമൂല്യഗ്രന്ഥങ്ങള്‍ പഠനവിധേയമാക്കി. 

പിന്നീടാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ പ്രഭാഷണ രംഗത്തേക്ക് കടക്കുന്നത്. 1940ല്‍ നടത്തിയ 'മുഹമ്മദ് സമാധാനത്തിന്റെ സന്ദേശവാഹകന്‍' എന്ന പ്രഭാഷണമാണ് ആദ്യത്തേത്. ഇതിന്നിടയില്‍ ബൈബിളിന്റെ വ്യത്യസ്ത രീതിയിലുള്ള നൂറുകണക്കിന് കോപ്പികള്‍ സമ്പാദിച്ച അദ്ദേഹം അവ തമ്മിലുള്ള മാറ്റത്തിരുത്തലുകളും മറ്റും അഗാധമായി പഠനവിധേയമാക്കി. വിവിധ ബൈബിളുകളിലെ വൈരുധ്യങ്ങള്‍ മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തില്‍ വിവിധ ക്രൈസ്തവ മിഷിനറിമാരുമായി സംഭാഷണം നടത്തി.

കുറഞ്ഞ കാലയളവിനുള്ളില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചു. പ്രഭാഷണങ്ങളും തുടര്‍ന്നുള്ള ചോദ്യോത്തര സെഷനും ശ്രവിക്കുവാന്‍ ആളുകള്‍ തടിച്ചുകൂടാന്‍ തുടങ്ങി. 'യേശു കുരിശിലേറ്റപ്പെട്ടുവോ' എന്ന തലക്കെട്ടില്‍ ബിഷപ്പ് മക്ഡവലുമായി 1981ല്‍ ഡര്‍ബനില്‍ നടന്ന സംവാദം ഏറെ പ്രശസ്തമാണ്. അമേരിക്കയിലെ ലൂസിയാനയില്‍ നടന്ന മറ്റൊരു സംവാദമാണ് ദീദാത്തിനെ ലോകതലത്തില്‍ ശ്രദ്ധേയനാക്കിയത്. ലോകപ്രശസ്ത ക്രിസ്തുമത പ്രചാരകനും ബൈബിള്‍ പണ്ഡിതനുമായ ജിമ്മി സ്വഗാര്‍ട്ടുമായുള്ളതായിരുന്നു അത്. ലോകത്തിലെ എഴുപത്തി അഞ്ചോളം രാജ്യങ്ങളിലെ ടെലിവിഷനുകളില്‍ സുവിശേഷപ്രസംഗം നടത്താറുള്ള വ്യക്തിയായിരുന്നുു ജിമ്മി സ്വഗാര്‍ട്ട്. 'ബൈബിള്‍ ദൈവ വചനമോ' എന്നതായിരുന്നു വിഷയം. ദീദാത്തിന്റെ യുക്തിഭദ്രമായ അവതരണത്തിനും ബൈബിളിലുള്ള അവഗാഹത്തിനും മുന്നില്‍  സ്വഗാര്‍ട്ടിനു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഇപ്പോഴും ബൈബിള്‍  പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥിയാണെന്നു പറഞ്ഞു ഒഴിഞ്ഞു മാറേണ്ടിവന്നു അദ്ദേഹത്തിന്. 

ഖുര്‍ആന്‍ പണ്ഡിതന്‍ എന്നതിലുപരി ഒരു ബൈബിള്‍ പണ്ഡിതനായിട്ടാണ് ദീദാത്ത് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഓര്‍മശക്തി അപാരമായിരുന്നു. ബൈബിള്‍ അദ്ദേഹത്തിനു മനഃപാഠമായിരുന്നു. സംവാദത്തില്‍ ബൈബിളില്‍ നിന്ന് സന്ദര്‍ഭോചിതം ഉദ്ധരിക്കാനുള്ള കഴിവ് അപാരമായിരുന്നു. ലോകപ്രശസ്ത ബൈബിള്‍ പണ്ഡിതന്മാരുമായി അദ്ദേഹം നടത്തിയ സംവാദം 235 ഓളം വരും.

1984ല്‍ ജോണ്‍പോള്‍ രണ്ടാമനുമായി സംവാദത്തിന് ദീദാത്ത് സന്നദ്ധനായി. മുസ്‌ലിം ലോകത്ത് പോപ്പ് നടത്തിയ സന്ദര്‍ശനത്തിനിടയില്‍ ക്രൈസ്തവ-മുസ്‌ലിം സംവാദമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു ദീദാത്തിന്റെ സന്നദ്ധതാ പ്രകടനം. ദീദാത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാന്‍ ആദ്യഘട്ടത്തില്‍ വത്തിക്കാന്‍ വിസമ്മതിച്ചു. പിന്നീട് രഹസ്യ സംവാദത്തിനു തയ്യാറാണെന്നു കത്തു ലഭിച്ചുവെങ്കിലും ഇത്തരം സംവാദങ്ങള്‍ രഹസ്യമായല്ല നടത്തേണ്ടതെന്ന ദീദാത്തിന്റെ മറുപടിക്ക് വത്തിക്കാന്‍ പ്രതികരിച്ചില്ല.

1957ല്‍ തന്റെ സുഹൃത്തുക്കളോടൊപ്പം ദീദാത്ത് സ്ഥാപിച്ചതാണ് ഡര്‍ബനിലെ ഇസ്‌ലാമിക് പ്രൊപഗേഷന്‍ സെന്റര്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം. വിവിധ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നതിനു പുറമെ നവ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള ക്ലാസുകളും സെന്ററിനു കീഴില്‍ നടക്കുന്നു. കഴിവുറ്റ ഇസ്‌ലാമിക പ്രബോധകരെ തെരഞ്ഞെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ അസ്സലാം എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന മറ്റൊരു സ്ഥാപനവും ദീദാത്ത് ആരംഭിച്ചിട്ടുണ്ട്. ഇരുപതിലധികം  കൃതികളുമുണ്ട്. അവയുടെ ദശലക്ഷക്കണക്കിനു കോപ്പികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഒട്ടുമിക്ക ഭാഷകളിലും അവയ്ക്ക് വിവര്‍ത്തനങ്ങളുമുണ്ട്. ദീദാത്തിന്റെ പ്രഭാഷണങ്ങളും സംവാദങ്ങളും സംഭാഷണങ്ങളും വിവിധ ഭാഷകളില്‍ ഓഡിയോ, വീഡിയോ, ഡി വി ഡി രൂപത്തില്‍ ലഭ്യമാണ്.

ദീദാത്തിന്റെ പ്രബോധന പരിശ്രമങ്ങളുടെ ഫലമായി ആയിരക്കണക്കിനാളുകള്‍ ഇസ്‌ലാം ആശ്ലേഷിച്ചു. ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കിയ അദ്ദേഹത്തിന് 1986ലെ സമഗ്ര ഇസ്‌ലാമിക സേവനത്തിനുള്ള കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ യൂറോപ്യന്‍ നാടുകളില്‍ കടന്നുചെന്ന് തന്റേതായ ശൈലിയില്‍ ഇസ്്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശൈഖ് അഹ്മദ് ദീദാത്ത് 2005 ആഗസ്ത് മൂന്ന്, 1426 റജബ് 3ന് തന്റെ 87-ാം വയസ്സില്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരത്തില്‍വെച്ച് അന്ത്യ യാത്രയായി.

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446